Quantcast

ഇസ്രായേലിനോട് പ്രതികാരം ചെയ്യും; ആവർത്തിച്ച് ഇറാൻ

ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച് നടക്കുന്ന ചർച്ചകളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ളതായിരിക്കില്ല തങ്ങളുടെ ആക്രമണമെന്നും ഇറാൻ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    21 Aug 2024 8:27 AM GMT

ഇസ്രായേലിനോട് പ്രതികാരം ചെയ്യും; ആവർത്തിച്ച് ഇറാൻ
X

തെഹ്‌റാൻ: ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മായിൽ ഹനിയ്യയെ തങ്ങളുടെ മണ്ണിൽ വെച്ച് കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രായേലിനു നേരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ. ഇസ്രായേൽ പ്രതീക്ഷിക്കാത്ത വിധത്തിൽ ആകാശമാർഗവും കരവഴിയും ആക്രമണം നടത്താമെന്നും ഇറാന്റെ പരമാധികാരത്തിനു മേൽ നടത്തിയ ആക്രമണത്തിനുള്ള ശിക്ഷയായിരിക്കും ഇതെന്നും ഐക്യരാഷ്ട്രസഭയിലെ ഇറാൻ ദൗത്യസംഘത്തെ ഉദ്ധരിച്ച് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച് നടക്കുന്ന ചർച്ചകളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ളതായിരിക്കില്ല തങ്ങളുടെ നടപടിയെന്നും ഇറാൻ വ്യക്തമാക്കി.

'ഇറാന്റെ പ്രതികരണത്തിന് നിശ്ചയമായും രണ്ട് ഫലങ്ങൾ ഉണ്ടാവും. ഒന്നാമതായി, ഇറാന്റെ ദേശീയ പരമാധികാരത്തിനു മേൽ നടത്തിയ ഭീകരതയ്ക്കും ആക്രമണത്തിനുമുള്ള ശിക്ഷയാവും അത്. രണ്ടാമതായി, ഭാവിയിൽ ഇറാനെതിരെ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതിനെപ്പറ്റി ശത്രുവിന് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിൽ പ്രതിരോധം ശക്തമാക്കും. അതേസമയം, ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾക്കു മേൽ പ്രതികൂലമായ പ്രതിഫലനം സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരിക്കില്ല ഇറാന്റെ പ്രതികരണം.' - ഇറാൻ യു.എൻ ദൗത്യസംഘത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇസ്രായേൽ പ്രതീക്ഷിക്കാത്ത സമയത്തും രീതിയിലുമായിരിക്കും ആക്രമണമെന്നും പ്രസ്താവന കൂട്ടിച്ചേർക്കുന്നു: 'അവരുടെ കണ്ണുകൾ ആകാശത്തോ റഡാർ സ്‌ക്രീനിലോ ആയിരിക്കുമ്പോൾ അവർ ഭൂമിയിലിരുന്ന് അമ്പരക്കും. ചിലപ്പോൾ രണ്ടുരീതിയിലും ആക്രമണം ഉണ്ടാവാം...'

ഇറാൻ പ്രസിഡണ്ട് മസൂദ് പെസക്ഷിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിക്കാനെത്തിയ ഇസ്മായിൽ ഹനിയ്യ ജൂലൈ 31-ാണ് തെഹ്‌റാനിൽ വെച്ച് കൊല്ലപ്പെട്ടത്. ഹനിയ്യ താമസിച്ച വീടിനു നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഒരു അംഗരക്ഷകനും കൊല്ലപ്പെട്ടു. അമേരിക്കയുടെ ആശിർവാദത്തോടെ ഇസ്രായേൽ ആണ് ആക്രമണം നടത്തിയതെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് ആരോപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

സംഭവത്തിനു ശേഷം പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖാംനഈയുമായി കൂടിക്കാഴ്ച നടത്തിയ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർ, ഇസ്രായേലിനെതിരെ പ്രതികാരം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്രതികാര നടപടികൾക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതായി ഖാംനഈയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് റിയർ അഡ്മിറൽ അലി ഷംഖാനി ഈ മാസാദ്യം സമൂഹമാധ്യമമായ 'എക്‌സി'ൽ കുറിക്കുകയും ചെയ്തു.

TAGS :

Next Story