കപ്പൽ ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ; പിന്നിൽ ഇറാൻ തന്നെയെന്ന് ഇസ്രായേൽ
ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈമിനായി സർവീസ് നടത്തിയ എം.വി മെർസർ സ്ട്രീറ്റാണ് കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ടത്.
അറബിക്കടലിൽ ഒമാൻ തീരത്ത് ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ. എന്നാൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇറാനു തന്നെയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അമേരിക്കയുമായി ചേർന്ന് തുടർ നടപടികൾ കൈക്കൊള്ളുമെന്നും ഇസ്രായേൽ അറിയിച്ചു.
ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈമിനായി സർവീസ് നടത്തിയ എം.വി മെർസർ സ്ട്രീറ്റാണ് കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ടത്. ഇസ്രായേൽ ശതകോടീശ്വരൻ ഇയാൽ ഒഫറിന്‍റെതാണ് സോഡിയാക് മാരിടൈം. രണ്ട് നാവികർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രായേൽ ആരോപണം പൂർണമായും തള്ളുന്നതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
സംഭവത്തിൽ ഇറാനെതിരെ നടപടി വേണമെന്ന് ഇസ്രായേൽ യുഎന്നിനോട് ആവശ്യപ്പെട്ടിരുന്ന ഇസ്രായേൽ സാന്നിധ്യം എവിടെയുണ്ടോ അവിടെ അരക്ഷിതാവസ്ഥയും സംഘര്‍ഷവും ഉറപ്പാണെന്നും ഇറാൻ വിദശകാര്യ മന്ത്രാലയം പ്രതികരിച്ചു. എന്നാൽ ആക്രമണത്തിന് പിന്നിൽ ഇറാൻ തന്നെയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇസ്രായേൽ.
ഇതുമായി ബന്ധപ്പെട്ട കൃത്യമായ ഇന്‍റലി ജൻസ് വിവരങ്ങളുണ്ടെന്നും പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ് പറഞ്ഞു. കപ്പൽ അക്രമിക്കപ്പെട്ടത് അതീവ ഗൗരവത്തിലാണ് കാണുന്നതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇസ്രായേലുമായി പെൻറഗൺ നേതൃത്വം ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ഗൾഫ് സമുദ്രമേഖല വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്നത് ഏറെ ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ നോക്കി കാണുന്നത്.
Adjust Story Font
16