1981 ആവർത്തിക്കുമെന്ന് ഇറാൻ; ലബനാനില്‍ സൈന്യത്തെ വിന്യസിക്കുന്നു
ലബനാനിലെ ഇസ്രായേല്‍ കരയാക്രമണത്തെ എതിർക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി
തെഹ്‌റാൻ/ബെയ്‌റൂത്ത്: ലബനാനിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ ഹിസ്ബുല്ലയ്ക്കു സഹായവുമായി സൈന്യത്തെ അയയ്ക്കാൻ ഇറാൻ. ലബനാനിൽ സൈന്യത്തെ വിന്യസിക്കാൻ ഇറാൻ ഭരണകൂടം തീരുമാനിച്ചതായി റിപ്പോർട്ട്. ഇറാൻ അന്താരാഷ്ട്രകാര്യ ഉപമേധാവി മുഹമ്മദ് ഹസ്സൻ അക്തരിയാണ് ഇക്കാര്യം അറിയിച്ചത്.
ലബനാനിൽ വ്യോമാക്രമണത്തിനു പിന്നാലെ ഇസ്രായേൽ കരയാക്രമണത്തിനും ഒരുങ്ങുന്നതിനിടെയാണു പുതിയ നീക്കം. ലബനാനിലും ഗോലാൻ കുന്നുകളിലും സൈന്യത്തെ വിന്യസിക്കാൻ അംഗീകാരം നൽകുമെന്ന് മുഹമ്മദ് ഹസ്സൻ അറിയിച്ചു. 1981ൽ ചെയ്തതു പോലെ ഇസ്രായേലിനെതിരായ പോരാട്ടത്തിനായി ലബനാനിലേക്ക് സൈന്യത്തെ അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയുടെ കൊലപാതകത്തിനു തിരിച്ചടിയായാണ് ഇറാൻ നേരിട്ട് യുദ്ധത്തിനിറങ്ങാൻ തീരുമാനിച്ചതെന്നാണ് അമേരിക്കൻ ചാനലായ 'എൻബിസി'യോട് മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചത്. ഹിസ്ബുല്ലയ്ക്ക് ഒരു പരിക്കുമുണ്ടാക്കാൻ ഇസ്രായേലിനാകില്ലെന്നും മേഖലയിലെ എല്ലാ പ്രതിരോധ സേനകളും സംഘത്തിനു പിന്തുണയുമായുണ്ടാകുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇ മുന്നറിയിപ്പ് നൽകിയിരുന്നു. ലബനാനിലും ഗസ്സയിലും നടക്കുന്ന ആക്രമണങ്ങൾക്ക് ചെറുത്തുനിൽപ്പ് പ്രസ്ഥാനത്തിന്റെ ശക്തമായ സംവിധാനം തകർക്കാനോ ദുർബലപ്പെടുത്താനോ ആകില്ല. ഈ മേഖലയുടെ ഭാവി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുള്ള ചെറുത്തുനിൽപ്പ് സേനകൾ തീരുമാനിക്കുമെന്നും ഇറാൻ നേതാവ് പറഞ്ഞു.
ലബനാനിലെ ആക്രമണം അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ഫ്രാൻസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലബനാനിലെ കരയാക്രമണത്തെ എതിർക്കുമെന്നും ഫ്രഞ്ച് വിദേശകാര്യ-യൂറോപ്യൻ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി. ലബനാനിലെയും ഇസ്രായേലിലെയും സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Summary: Iran to deploy forces to Lebanon
Adjust Story Font
16