പങ്കാളിയെ കണ്ടെത്താം; ഇസ്‌ലാമിക് ഡേറ്റിങ് ആപ്പ് അവതരിപ്പിച്ച് ഇറാൻ
ഡേറ്റിങ് ആപ്പുകൾ ഇറാനിൽ ജനപ്രിയമാണെങ്കിലും സർക്കാർ അംഗീകൃതമായ ആദ്യത്തെ ആപ്ലിക്കേഷനാണ് ഹംദാം
ടെഹ്‌റാൻ: പങ്കാളിയെ കണ്ടെത്താൻ യുവാക്കൾക്കായി ഇസ്‌ലാമിക് ഡേറ്റിങ് ആപ്പ് അവതരിപ്പിച്ച് ഇറാൻ ഭരണകൂടം. ഫാരിസി ഭാഷയിൽ പങ്കാളി എന്നർത്ഥം വരുന്ന ഹംദം എന്ന പേരിലാണ് ആപ്ലിക്കേഷൻ. 'ഉപഭോക്താക്കൾക്ക് പങ്കാളിയെ തെരഞ്ഞു കണ്ടെത്താൻ' സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഹാംദമെന്ന് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ഡേറ്റിങ് ആപ്പുകൾ ഇറാനിൽ ജനപ്രിയമാണെങ്കിലും സർക്കാർ അംഗീകൃതമായ ആദ്യത്തെ ആപ്ലിക്കേഷനാണ് ഹംദാമെന്ന് സൈബർ പൊലീസ് മേധാവി കേണൽ അലി മുഹമ്മദ് റജബി പറഞ്ഞു. ഇസ്‌ലാമിക് പ്രൊപഗണ്ട ഓർഗനൈസേഷന്റെ ഭാഗമായ തെബ്‌യാൻ കൾച്ചറൻ ഇൻസ്റ്റിറ്റ്യൂട്ടാണ് ആപ്പ് വികസിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാണ് പങ്കാളിയെ കണ്ടെത്തുക.
ഡേറ്റിങ് ആപ്പുകൾ വഴി വൈദേശിക ശക്തികൾ ഇറാൻ യുവാക്കളെ വഴി തെറ്റിക്കുന്നതായി റജബി പറഞ്ഞു. ആരോഗ്യകരമായ കുടുബജീവിതം വാഗ്ദാനം ചെയ്യുകയാണ് ഹംദം. മനശ്ശാസ്ത്ര ടെസ്റ്റ് കഴിഞ്ഞ ശേഷം മാത്രമാണ് ഉപഭോക്താക്കൾക്ക് ആപ്ലിക്കേഷനിൽ അക്കൗണ്ട് ലഭിക്കുക. വിവാഹത്തിന് ശേഷം കുടുംബജീവിതത്തിൽ നാലു വർഷം ആപ്പിന്റെ സേവനം ലഭ്യമാകും- അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനനനിരക്കുകൾ കുറഞ്ഞു വരികയും വിവാഹ മോചനങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ ഡേറ്റിങ് ആപ്പ് പുറത്തിറക്കുന്നത്. നേരത്തെ, ജനനനിരക്ക് വർധിപ്പിക്കുന്നതിന്റെ ഭാഗമായി പോപ്പുലേഷൻ ഗ്രോത്ത് ആന്റ് സപ്പോർട്ടിങ് ഫാമിലീസ് ബിൽ ഇറാൻ പാർലമെന്റ് പാസാക്കിയിരുന്നു. ബിൽ ഗാർഡിയൻ കൗൺസിലിന്റെ അനുമതി കാത്തുകഴിയുകയാണ്.
Adjust Story Font
16