Quantcast

ലബനാനിലെ പേജർ സ്ഫോടനം: ഇറാൻ അംബാസഡറുടെ കണ്ണ് നഷ്ടമായെന്ന് റിപ്പോർട്ട്

അമാനിയെ വിദഗ്ധ ചികിത്സക്കായി തെഹ്റാനിലേക്ക് കൊണ്ടുപോകും

MediaOne Logo

Web Desk

  • Updated:

    2024-09-18 07:42:14.0

Published:

18 Sep 2024 5:57 AM GMT

ലബനാനിലെ പേജർ സ്ഫോടനം: ഇറാൻ അംബാസഡറുടെ കണ്ണ് നഷ്ടമായെന്ന് റിപ്പോർട്ട്
X

ബെയ്റൂത്ത്: പേജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ലബനാനിലെ ഇറാനിയൻ അംബാസഡർ മൊജ്തബ അമാനിയുടെ കണ്ണ് നഷ്ടമായതായി റിപ്പോർട്ട്. മറ്റൊരു കണ്ണിന് ഗുരുതര പരിക്കേറ്റതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യം റിപ്പോർട്ട് ചെയ്തതിനേക്കാൾ പരിക്ക് ഗുരുതരമാണെന്ന് ഇറാന്റെ സൈനിക വിഭാഗമായ ഇസ്‍ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് വ്യക്തമാക്കി. അമാനിയെ വിദഗ്ധ ചികിത്സക്കായി തെഹ്റാനിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

സ്ഫോടനശേഷം ലബനാനിലെ തെരുവിൽ അമാനി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വസ്ത്രം രക്തത്തിൽ പുരണ്ടിരുന്നു. സംഭവത്തിൽ ഇതുവരെ 12 പേരാണ് കൊല്ലപ്പെട്ടത്. 4000ത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇരുനൂറിലധികം പേരുടെ നില ഗുരുതരമാണ്.

പേജറുകൾ പൊട്ടിത്തെറിക്കും മുമ്പ് ഏ​കദേശം 10 സെക്കൻഡ് ‘ബീപ്’ ശബ്ദം പുറപ്പെടുവിച്ചിരുന്നു. പുതിയ സന്ദേശം വന്നതാണെന്ന് കരുതി വായിക്കാനായി ആളുകൾ ഇത് കൈയിലെടുത്തു. ഇതിന് പിന്നാലെയാണ് പേജറുകൾ പൊട്ടിത്തെറിക്കുന്നത്. അതിനാൽ തന്നെ കൂടുതൽ പേർക്കും ​കൈയിനും മുഖത്തുമാണ് പരിക്ക്. ഇറാൻ അംബാസഡറുടെ പേജറും ഇത്തരത്തിൽ ശബ്ദം പുറപ്പെടുവിച്ചിരുന്നുവെന്ന് ഇസ്‍ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് അംഗം ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

ഇസ്രായേലിന്റെ നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയായിരുന്നു ഹിസ്ബുല്ല പേജറുകൾ ഉപയോഗിച്ചിരുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ നേരത്തേ തന്നെ തങ്ങളുടെ അംഗങ്ങൾക്ക് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മൊബൈൽ ഫോൺ ഇസ്രായേലി ചാരൻമാരേക്കാൾ അപകടകാരിയാണെന്ന് ഫെബ്രുവരി 13ന് ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റുല്ല നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഫോൺ തകർക്കുകയോ കുഴിച്ചിടുകയോ ഇരുമ്പ് പെട്ടിയിൽ പൂട്ടിയിടുകയോ ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.

ഇതിന് പകരമായിട്ടാണ് പേജറുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. ഹിസ്ബുല്ല പോരാളികൾക്ക് പുറമെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ​ഉൾപ്പെ​ടുന്ന ഡോക്ടർമാർ വരെ പേജറുകളാണ് ഉപയോഗിക്കുന്നത്. നിരവധി ഹിസ്ബുല്ല പോരാളികൾക്കാണ് പൊട്ടിത്തെറിയിൽ പരിക്കേറ്റത്. അധികപേരുടെയും മുഖത്താണ് പരിക്ക്. പലർക്കും വിരലുകൾ നഷ്ടപ്പെട്ടു. കൂടാതെ പേജറുകൾ സൂക്ഷിക്കാൻ സാധ്യതയുള്ള ഇടുപ്പിലും പരിക്കേറ്റതായാണ് വിവരം.

TAGS :

Next Story