ഇറാൻ നോട്ടമിടുന്നത് നെതന്യാഹുവിന്റെ മകനെ? അതിസുരക്ഷയൊരുക്കാന്‍ ആവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി
ഇസ്രായേല്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ സുരക്ഷാ മേല്‍നോട്ടം വഹിക്കുന്ന വിഭാഗമാണ് യായിര്‍ നെതന്യാഹുവിനും സുരക്ഷയൊരുക്കുന്നത്
യായിര്‍ നെതന്യാഹു
തെൽഅവീവ്: ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലയ്ക്ക് ഇറാൻ പ്രതികാരം ചെയ്യുമെന്ന ഭീതി നിലനിൽക്കെ മകനു കൂടുതൽ സുരക്ഷ ആവശ്യപ്പെട്ട് ബെഞ്ചമിൻ നെതന്യാഹു. ഫ്‌ളോറിഡയിൽ കഴിയുന്ന യായിർ നെതന്യാഹുവിന് കൂടുതൽ സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി. കഴിഞ്ഞ മാസം അവസാനത്തിൽ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ഗസ്റ്റ് ഹൗസിലായിരുന്നു ഹനിയ്യ കൊല്ലപ്പെട്ടത്.
ഹനിയ്യയുടെ രക്തത്തിനു പകരമായി ഇസ്രായേലിലെ ഹൈപ്രൊഫൈൽ വ്യക്തികളെയാണ് ഇറാൻ നോട്ടമിടുന്നതെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നെതന്യാഹു ഇത്തരമൊരു ആവശ്യമുയർത്തിയിരിക്കുന്നതെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു. പേഴ്‌സനൽ സെക്യൂരിറ്റി വിഭാഗത്തിലെ ഉപദേശക സമിതിക്കു മുന്നിൽ നെതന്യാഹുവിന്റെ ഓഫിസ് ചുമതലയുള്ള ഡയരക്ടർ ജനറൽ യോസി ഷെല്ലിയാണ് മകന്റെ സുരക്ഷ കൂട്ടാൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇറാൻ ആക്രമണം തന്നെയാണ് അപേക്ഷയിൽ കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വിദേശത്തുള്ള ഇസ്രായേലികളുടെ സുരക്ഷാ ചുമതല വഹിക്കുന്ന രഹസ്യാന്വേഷണ സംഘം ഷിൻ ബെറ്റിന്റെ സംരക്ഷണത്തിലാണ് യായിർ നെതന്യാഹുവുമുള്ളത്. എന്നാൽ, ഭീഷണിയുടെയും കൃത്യമായ ഇടവേളകളിലെ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ ഷിൻ ബെറ്റ് വ്യക്തികൾക്കുള്ള സുരക്ഷ കൂട്ടാറുള്ളൂ. യായിറിനെതിരെ നിലവിൽ പ്രകടമായ ഭീഷണികളൊന്നും ഉയരാത്തതിനാൽ യായിറിന്റെ സുരക്ഷ കൂട്ടാനിടയില്ലെന്നാണ് ഒരു ഉദ്യോഗസ്ഥൻ ഇസ്രായേൽ മാധ്യമമായ 'ചാനൽ 12'നോട് വെളിപ്പെടുത്തിയത്.
2023 ഏപ്രിൽ മുതൽ ഫ്‌ളോറിഡയിലെ മയാമിയിലാണ് 33കാരനായ യായിർ നെതന്യാഹു കഴിയുന്നത്. ഇദ്ദേഹത്തിന്റെ സുരക്ഷാ ചെലവ് നേരത്തെയും ഇസ്രായേലിൽ വലിയ വിവാദത്തിനിടയാക്കിയിരുന്നു. മയാമിയിൽ ഒരു അത്യാഡംബര അപാർട്‌മെന്റിലാണ് യുവാവ് താമസിക്കുന്നത്. ഒരു ഡ്രൈവറും ഷിൻ ബെറ്റിന്റെ അതിസുരക്ഷാ വിഭാഗമായ യൂനിറ്റ് 730ൽനിന്നുള്ള രണ്ട് അംഗരക്ഷകരും യായിറിനൊപ്പമുണ്ട്. പ്രതിവർഷം ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കു മാത്രമായി 25 ലക്ഷം ഇസ്രായേൽ ഷെകൽ(ഏകദേശം 5.72 കോടി രൂപ) ആണു സർക്കാർ ഖജനാവിൽനിന്നു ചെലവിടുന്നത്. ഓരോ മാസവും രണ്ടു ലക്ഷം ഷെകൽ(ഏകദേശം 45 ലക്ഷം രൂപ) ആണ് ചെലവാകുന്നത്.
ഇസ്രായേലിലെ ഉന്നതതലത്തിലുള്ള ഏഴ് പ്രമുഖർക്കു മാത്രമാണ് യൂനിറ്റ് 730 സുരക്ഷയൊരുക്കുന്നത്. പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, വിദേശമന്ത്രി, നെസെറ്റ് സ്പീക്കർ, പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് ആ പ്രമുഖർ. മന്ത്രിമാർ ഉൾപ്പെടെ ബാക്കിയുള്ള പ്രധാന വ്യക്തികൾക്കെല്ലാം പ്രധാനമന്ത്രിയുടെ ഓഫിസിനു കീഴിലുള്ള മാഗെൻ യൂനിറ്റ് ആണ് സുരക്ഷയൊരുക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ മകന് ഇതേ പരിരക്ഷ നൽകുന്നത്. ഇതിനെതിരെ വലിയ തോതിൽ വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ, യായിറിന്റെ ഷിൻ ബെറ്റ് സുരക്ഷ ഒരു വർഷത്തേക്കുകൂടി നീട്ടുകായണു കഴിഞ്ഞ മാസം ഇസ്രായേൽ അധികൃതർ ചെയ്തത്. നെതന്യാഹുവിന്റെ ഭാര്യ സാറയുടെയും മറ്റൊരു മകനായ ആവ്‌നറിന്റെയും സുരക്ഷയും നീട്ടിയിട്ടുണ്ട്. രണ്ടുപേരും നെതന്യാഹുവിനൊപ്പം ഇസ്രായേലിലാണു കഴിയുന്നത്. 2023 മാർച്ചിലാണ് എല്ലാവർക്കും ഷിൻ ബെറ്റ് സുരക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്ന സമയത്ത് തെൽഅവീവിലെ ഒരു ബ്യൂട്ടി പാർലറിലെത്തിയ സാറയെ നൂറുകണക്കിനു സമരക്കാർ വളഞ്ഞിരുന്നു. ഇതിനുശേഷമായിരുന്നു കുടുംബത്തിന്റെ ജീവൻ അപകടത്തിലാണെന്നു പറഞ്ഞ് അതീവ സുരക്ഷ നൽകാൻ അനുമതിയായത്.
അമ്മയും സഹോദരനും ഇസ്രായേലിൽ കഴിയുമ്പോൾ ഗസ്സയിലെ ആക്രമണസമയത്തുടനീളം മയാമിയിൽ ആഡംബരജീവിതം നയിക്കുകയായിരുന്നു യായിർ നെതന്യാഹു. മാസങ്ങൾക്കുശേഷം കഴിഞ്ഞ ജൂലൈയിലാണു നാട്ടിൽ പോയത്. യു.എസ് സന്ദർശനം കഴിഞ്ഞു മടങ്ങിയ നെതന്യാഹുവിനൊപ്പമാണ് ഇസ്രായേലിലെത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ വിമാനമായ വിങ് ഓഫ് സയണിൽ ആയിരുന്നു ഈ രഹസ്യയാത്രയെന്ന് 'ജെറൂസലം പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് കഴിഞ്ഞയാഴ്ച മയാമിലേക്കു മടങ്ങുകയായിരുന്നു.
Summary: Fear of Iranian attack Israel PM Benjamin Netanyahu requests beefed-up security for son Yair Netanyahu
Adjust Story Font
16