Quantcast

വിഖ്യാത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയിയും ഭാര്യയും വീടിനുള്ളിൽ കുത്തേറ്റുമരിച്ച നിലയിൽ

2015-ലെ കേരളാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നൽകി മെഹർജുയിയെ ആദരിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    15 Oct 2023 11:04 AM GMT

Iranian film director Dariush Mehrjui, wife stabbed to death
X

തെഹ്‌റാൻ: വിഖ്യാത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയി (83)യും ഭാര്യ വഹീദ മുഹമ്മദീഫാറും സ്വവസതിയിൽ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഇറാനിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴുത്തിലാണ് ദാരിയുഷിനും വഹീദക്കും കത്തികൊണ്ട് കുത്തേറ്റതെന്ന് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥനായ ഹുസൈൻ ഫസലിയെ ഉദ്ധരിച്ച് ഐ.ആർ.എൻ.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തെഹ്‌റാനിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ദാരിയുഷും വഹീദയും താമസിക്കുന്നത്. മകൾ മോനാ മെഹറുജി പിതാവിനെ കാണാൻ ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചനിലയിൽ മാതാപിതാക്കളുടെ മൃതദേഹങ്ങൾ കണ്ടത്. ഇവരാണ് വിവരം പൊലീസിൽ അറിയിച്ചത്. ജീവന് ഭീഷണിയുള്ളതായി വഹീദ ഈയിടെ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരുന്നു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇറാനിലെ നവതരംഗ സിനിമകൾക്ക് തുടക്കംകുറിച്ചയാളെന്ന നിലയിൽ പ്രശസ്തനാണ് മെഹർജുയി. 1960-കളിൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലായിരുന്നു സിനിമാ പഠനം.

1998-ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സിൽവർ ഹ്യൂഗോയും 1993-ലെ സാൻ സെബാസ്റ്റിയൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും അടക്കം നിരവധി പുരസ്‌കാരങ്ങൾ മെഹർജുയിക്ക് ലഭിച്ചിരുന്നു. 2015-ലെ കേരളാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

TAGS :

Next Story