Quantcast

ജയിലില്‍ നിരാഹാര സമരം; ഒടുവില്‍ ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിക്ക് ജാമ്യം

കഴിഞ്ഞ വര്‍ഷം ജൂലൈ 11നാണ് ജാഫര്‍ പനാഹിയെ അറസ്‌റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2023-02-04 11:00:08.0

Published:

4 Feb 2023 10:37 AM GMT

Iran Director Jafar Panahi released
X

ജാഫര്‍ പനാഹി

ടെഹ്റാന്‍: ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹി ജാമ്യം നേടി ജയില്‍മോചിതനായി. ജയിലിലെ നിരാഹാര സമരത്തിനൊടുവിലാണ് ജാഫര്‍ പനാഹിക്ക് ജാമ്യം അനുവദിച്ചത്. അദ്ദേഹം ജാമ്യം നേടി വീട്ടിലേക്ക് പോയെന്ന് അഭിഭാഷകന്‍ സ്ഥിരീകരിച്ചു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെ കഴിഞ്ഞ വര്‍ഷം ജൂലൈ 11നാണ് ജാഫര്‍ പനാഹിയെ അറസ്‌റ്റ് ചെയ്തത്. ടെഹ്റാനിലെ എവിൻ ജയിലിലായിരുന്നു പനാഹി. ബുധനാഴ്ചയാണ് പനാഹി ജയിലില്‍ നിരാഹാര സമരം തുടങ്ങിയത്- "എന്‍റെ ചേതനയറ്റ ശരീരം ജയിലിൽ നിന്ന് മോചിപ്പിക്കപ്പെടുന്നതുവരെ ഞാൻ ഈ അവസ്ഥയിൽ തുടരും" എന്നാണ് പനാഹി പ്രഖ്യാപിച്ചത്. അത് അദ്ദേഹത്തിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് നിരാഹാര സമരം പുറത്തറിഞ്ഞത്. ഇതോടെ 62 വയസ്സുകാരനായ പനാഹിയുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നു. പനാഹിയെ വിട്ടയക്കണമെന്ന ആവശ്യമുയര്‍ത്തി നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. കോടതി ജാമ്യം അനുവദിച്ചതോടെ പനാഹി ജയില്‍മോചിതനായി.

അനുമതിയില്ലാതെ സിനിമകള്‍ ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി പനാഹിയെ 2010ല്‍ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ആറു വര്‍ഷത്തെ തടവിന് വിധിച്ച് അദ്ദേഹത്തിന് നിരവധി വിലക്കുകള്‍ ഏര്‍പ്പെടുത്തി. രണ്ട് മാസത്തെ തടവു ശിക്ഷയ്ക്ക് ശേഷം പനാഹിയെ വിട്ടയച്ചു. വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് ഉള്‍പ്പെടെയുള്ള വിലക്ക് തുടര്‍ന്നു. പനാഹി സംവിധാനം ചെയ്ത ദി സർക്കിളിന് 2000ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ പുരസ്കാരം ലഭിച്ചു. വൈറ്റ് ബലൂണ്‍ 1995ലെ കാൻസ് ഫിലിം ഫെസ്റ്റിവലില്‍ ക്യാമറ ദി ഓർ പുരസ്കാരം നേടി. 2015ൽ ടാക്സി ടെഹ്റാന്‍ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബിയര്‍ അവാര്‍ഡ് സ്വന്തമാക്കി.

സംവിധായകന്‍ മുഹമ്മദ് റസുലോഫിനെ കുറിച്ച് അന്വേഷിക്കാനായി പ്രോസിക്യൂട്ടറുടെ ഓഫീസില്‍ എത്തിയപ്പോഴാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പനാഹിയെ വീണ്ടും അറസ്റ്റ് ചെയ്തത്. ആരോഗ്യപരമായ കാരണങ്ങളാൽ റസുലോഫിനെ ജനുവരിയിൽ മോചിപ്പിച്ചിരുന്നു.


Summary- Acclaimed Iranian filmmaker Jafar Panahi has been released on bail from Tehran's Evin prison after going on hunger strike to protest his detention

TAGS :

Next Story