ഹെലികോപ്ടർ കണ്ടെത്താനായില്ല; പ്രസിഡന്റിനു വേണ്ടി പ്രാർഥിക്കാൻ അഭ്യര്‍ഥിച്ച് വാർത്താ ഏജൻസി
കനത്ത മഴയും മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്
തെഹ്‌റാൻ: അപകടത്തിൽപെട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ ഇനിയും കണ്ടെത്താനായില്ല. രക്ഷാസംഘം സംഭവസ്ഥലത്തെക്ക് എത്തിയിട്ടുണ്ടെങ്കിലും കനത്ത മഴയും മൂടൽമഞ്ഞും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പ്രസിഡന്റിനു വേണ്ടി പ്രാർഥിക്കാൻ ഇറാനികളോട് അഭ്യർഥിച്ചിരിക്കുകയാണ് വാർത്താ ഏജൻസി ഫാർസ്. അപകടവിവരം ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാൻ സമയം വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. പ്രസിഡന്റിനു പുറമെ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മതി എന്നിവർ സഞ്ചരിച്ച ഹെലികോപ്ടർ ഇറാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫയിൽ അടിയന്തരമായി നിലത്തിറക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക ഇറാൻ ടെലിവിഷനായ 'പ്രസ് ടി.വി' റിപ്പോർട്ട് ചെയ്യുന്നത്. സാങ്കേതിക തകരാറിനെ തുടർന്നാണിതെന്നാണു വിവരം. ജോൽഫയ്ക്കും വർസഖാൻ നഗരത്തിനും ഇടയിലുള്ള ദിസ്മാർ വനത്തിലാണു സംഭവം.
അപകടം നടന്ന് ഒരു മണിക്കൂറിനകം രക്ഷാപ്രവർത്തകരും പൊലീസും സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. തെഹ്‌റാൻ, ആൽബോർസ്, അർദബീൽ, സൻജാൻ, ഈസ്റ്റ് അസർബൈജാൻ, വെസ്റ്റ് അസർബൈജാൻ എന്നീ പ്രവിശ്യകളിൽനിന്നെല്ലാമായി 40ഓളം രക്ഷാ സംഘങ്ങൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. റെഡ് ക്രസന്റിന്റെ 15 കെ-9 സംഘങ്ങളും രണ്ട് റെഡ് ക്രസന്റ് ഡ്രോണുകളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ചേർന്നിട്ടുണ്ട്.
എന്നാൽ, കനത്ത മൂടൽമഞ്ഞും മഴയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. റെഡ് ക്രസന്റിന്റെ ഹെലികോപ്ടറുകൾക്ക് പ്രദേശത്തിലൂടെ പറക്കാൻ സാധിക്കുന്നില്ലെന്ന് പ്രസ് ടി.വി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ വനപ്രദേശങ്ങളിൽ ഹെലികോപ്ടറിനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
ഇറാന്‍-അസർബൈജാന്‍ ഒരു ഡാമിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു പ്രസിഡന്റ് റഈസിയും സംഘവും. അയൽരാജ്യമായ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവും ചടങ്ങിൽ സംബന്ധിച്ചിരുന്നു.
Summary: Hours after the crash, the helicopter carrying Iranian President Ebrahim Raisi has not been found.
Adjust Story Font
16