ഇറാന്റെ ആക്രമണം: ഇസ്രായേൽ വെളിപ്പെടുത്തിയതിനേക്കാൾ നാശനഷ്ടമെന്ന് റിപ്പോർട്ട്
ഖൈബർ, ഇമാദ്, ഗദ്ർ 110 തുടങ്ങിയ മിസൈലുകളാണ് ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്
ഇസ്രായേൽ സൈന്യം തകർത്ത ഇറാന്റെ ബാലിസ്റ്റിക് മിസൈൽ
ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക് ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. ഇസ്രായേലിന്റെ യുദ്ധങ്ങളിലും തീവ്രവാദത്തിലും ഗവേഷണം നടത്തുന്ന വിദഗ്ധൻ ഒറി വിയൽകോവിനെ ഉദ്ധരിച്ച് ഇസ്രായേലി പത്രമായ ‘മാരിവ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാന്റെ ‘ട്രൂ പ്രോമിസ്’ ഓപ്പറേഷനിൽ ഏകദേശം 185 ‘ഷാഹെദ് 136’ ഡ്രോണുകളും അവയുടെ ജെറ്റ് പവർ പതിപ്പായ ‘ഷാഹെദ് 238’ ഉം വിക്ഷേപിച്ചിട്ടുണ്ടെന്ന് വിയാൽകോവ് പറഞ്ഞു. ഈ ഡ്രോണുകൾക്ക് മണിക്കൂറിൽ 500 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും.
ഇറാനിയൻ സൈന്യം ഡസൻ കണക്കിന് ക്രൂയിസ് മിസൈലുകളും 110 ബാലിസ്റ്റിക് മിസൈലുകളുമാണ് വിക്ഷേപിച്ചത്. ഏജിസ് മിസൈൽ പ്രതിരോധ സംവിധാനം ഘടിപ്പിച്ച അമേരിക്കൻ യുദ്ധക്കപ്പലുകൾ ഉപയോഗിച്ച് യു.എസ് സൈന്യം കുറഞ്ഞത് ആറ് മിസൈലുകളെങ്കിലും തടഞ്ഞിട്ടു.
ഇറാനിലെ വിവിധ വിക്ഷേപണ കേന്ദ്രങ്ങളിൽ നിന്നായാണ് ഇസ്രായേലിന് നേരെ നിരവധി ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. അതേസമയം, ഈ ഓപ്പറേഷനിൽ ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ലെന്ന് വിയാൽകോവ് വ്യക്തമാക്കി. ഇറാൻ്റെ കൈവശം ഏകദേശം 3000 ബാലിസ്റ്റിക് മിസൈലുകളുണ്ട്. ഇതിൽ ഏകദേശം 800 മുതൽ 1000 വരെ മിസൈലുകൾക്ക് ഇസ്രായേലിലേക്ക് എത്താൻ കഴിയും.
ഖൈബർ, ഇമാദ്, ഗദ്ർ 110 തുടങ്ങിയ മിസൈലുകളാണ് ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്. 500 കിലോഗ്രാം ഭാരമുള്ള ഖൈബർ മിസൈലിന് 1450 കിലോമീറ്റർ ദൂരപരിധിയുണ്ട്. 750 കിലോഗ്രാം ഭാരമുള്ള ഇമാദിന്റെ ദൂരപരിധി 2500 കിലോമീറ്ററാണ്. ഗദ്ർ 110ന്റെ പരിധി 1800-2000 കിലോമീറ്റർ വരെയാണ്. 650 മുതൽ 1000 കിലോഗ്രാം വരെയാണ് ഇതിന്റെ ഭാരം. ഇതിന് പുറമെ 2000 കിലോമീറ്റർ റേഞ്ചും 700 കിലോഗ്രാം ഭാരവുമുള്ള ‘ഷഹാബ് 3ബി’യും ഉപയോഗിച്ചിരിക്കാമെന്ന് വിയാൽകോവ് വ്യക്തമാക്കി.
2500 കിലോമീറ്റർ ദൂരപരിധിയും 1500 കിലോഗ്രാം ഭാരവുമുള്ള ‘സെജിൽ’, 2000 കിലോമീറ്റർ ദൂരപരിധിയും 1800 കിലോഗ്രാം ഭാരവുമുള്ള "ഖോറാംഷഹർ" എന്നീ നൂതന മിസൈലുകൾ ഇറാൻ ഉപയോഗിച്ചിട്ടില്ല. ഇവയെല്ലാം ഭാവിയിലുള്ള ഓപ്പറേഷനുകൾക്കായി കരുതിവെച്ചതാകാം. ഇറാൻ സൈന്യം മൂന്ന് പ്രധാന സൈനിക താവളങ്ങളാണ് ആക്രമിച്ചത്. ഹെർമോൺ, നെവാറ്റിം, റാമോൺ എന്നീ ബേസുകളാണ് ആക്രമിച്ചതെന്നും വിയാൽകോവ് കൂട്ടിച്ചേർത്തു.
അതേസമയം, നെവാറ്റിം എയർബേസിന് മാത്രമാണ് ചെറിയ കേടുപാട് സംഭവിച്ചതെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. ഹെർമോൺ ബേസിന് സമീപത്തെ റോഡ് തകർന്നെന്നും റാമോൺ ബേസിനെ ഒട്ടും ബാധിച്ചിട്ടില്ലെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം.
അഞ്ച് ഇറാനിയൻ മിസൈലുകളാണ് നെവാറ്റിമിൽ പതിച്ചത്. യാത്രാവിമാനം, റൺവേ, കെട്ടിടം എന്നിവക്ക് ആക്രമണത്തിൽ കേടുപാട് സംഭവിച്ചു. ഇവിടേക്ക് വന്ന ഒമ്പത് മിസൈലുകളെയാണ് ഇസ്രയേലി വ്യോമ വിരുദ്ധ സംവിധാനങ്ങൾ തകർത്തത്.
റാമോൺ ബേസിന് സമീപത്തായി അഞ്ച് മിസൈലുകൾ പതിച്ചതായാണ് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഡിമോണ ന്യൂക്ലിയർ റിയാക്ടറിലെ കെട്ടിടത്തിൽ ഒരു ആക്രമണവും സമീപത്ത് രണ്ട് ആക്രമണവും നടന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ വിശകലനം ചെയ്തപ്പോൾ മനസ്സിലായതായും വിയാൽകോവ് പറഞ്ഞു.
ഗുണനിലവാരം കുറഞ്ഞ ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് വിശകലനങ്ങൾ നടത്തിയത്. ഉയർന്ന ഗുണമേന്മയുള്ള ഉപഗ്രഹ ചിത്രങ്ങൾ ലഭിച്ചാൽ മാത്രമേ കൂടുതൽ നാശനഷ്ടങ്ങൾ നിർണയിക്കാൻ കഴിയൂ. ഇറാന്റെ 84 ശതമാനം മിസൈലുകൾ മാത്രമേ ഇസ്രായേലിന് തടയാൻ സാധിച്ചത്. ഇസ്രയേൽ അവകാശപ്പെട്ടിരുന്നത് 99 ശതമാനവും പ്രതിരോധിച്ചുവെന്നാണ്. ഇത് ശരിയല്ലെന്നും വിയാൽകോവ് വ്യക്തമാക്കി.
Adjust Story Font
16