'അറസ്റ്റ് വാറന്റ് പോരാ, വധശിക്ഷ നൽകണം': നെതന്യാഹുവിനെതിരെ ആയത്തുല്ല അലി ഖമനയി
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ രാജ്യാന്തര ക്രിമിനൽ കോടതി ഉത്തരവിട്ടതിലാണ് ഖമനിയയുടെ പ്രതികരണം
തെഹ്റാന്‍: ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അറസ്റ്റ് വാറന്റ് അപര്യാപ്തമാണെന്നും അദ്ദേഹം വധശിക്ഷയ്ക്ക് അർഹനാണെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ രാജ്യാന്തര ക്രിമിനൽ കോടതി ഉത്തരവിട്ടതിലാണ് ഖമനിയയുടെ പ്രതികരണം
'അറസ്റ്റ് വാറണ്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അത് പോരാ. ഈ ക്രിമിനൽ നേതാക്കൾക്ക് വധശിക്ഷ തന്നെ നൽകണം"- ഖമനയി പറഞ്ഞു. ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ബാസിജ് അർദ്ധസൈനിക വിഭാഗത്തിൽ നിന്നുള്ള ഒരു സംഘവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 13 മാസമായി ഗസ്സയില്‍ ഇസ്രായേൽ നടത്തുന്ന പ്രചാരണം വിജയത്തിന്റേത് അല്ലെന്നും യുദ്ധക്കുറ്റം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടിണിയെ യുദ്ധ മാർഗമായി ഉപയോഗിച്ചതിനും ഗസ്സ മുനമ്പിലെ സാധാരണക്കാരെ മനഃപൂർവം ആക്രമിച്ചതിനും നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഗസ്സയിലെ സാധാരണക്കാരയ ജനങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം എന്നിവയും ഇന്ധനവും വൈദ്യുതിയുമെല്ലാം ഇവർ മനഃപ്പൂർവം തടസ്സപ്പെടുത്തിയെന്ന് വിശ്വസിക്കാൻ ന്യായങ്ങളുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം ഐസിസിയുടെ നീക്കം നാണംകെട്ടതും അസംബന്ധവുമാണ് എന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം. ഗസ്സയില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്നും അവര്‍ അവകാശപ്പെടുന്നത്.
Adjust Story Font
16