തൊഴിലില്ലായ്മ, വിലക്കയറ്റം, രാഷ്ട്രീയ അസ്ഥിരത; ഇറാഖിൽ ജനകീയ പ്രക്ഷോഭം ശക്തം
രാഷ്ട്രീയ ഭിന്നത കാരണം മാസങ്ങളായി ഇറാഖിലെ പുതിയ സർക്കാർ രൂപവത്കരണം അനിശ്ചിതത്വത്തിലാണ്
ബാഗ്ദാദ്: തൊഴിലില്ലായ്മ രൂക്ഷമായതോടെ ഇറാഖിൽ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. ഷിയ നേതാവ് മുഖ്തദ അൽ സദ്റിന്റെ അനുയായികൾ ഇറാഖ് പാർലമെൻറ് കെട്ടിടം കയ്യേറിയതിനെത്തുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷത്തിന് താത്കാലികാറുതിയായി. ഇന്നലെ വൈകീട്ടുമുതൽ അർധരാത്രിവരെ പാർലമെൻറ് കെട്ടിടം പ്രക്ഷോഭകരുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. പിരിഞ്ഞുപോകാനുള്ള സർക്കാർ ആഹ്വാനം തള്ളിയ പ്രക്ഷോഭകർ ഇറാൻ പിന്തുണയുള്ള പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർഥി മുഹമ്മദ് ഷിയാ അൽ സുഡാനിക്കും ഇടക്കാല സർക്കാറിനുമെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി. ഒടുവിൽ മുക്തദ അൽ സദ്റിന്റെ ആഹ്വാനത്തെ തുടർന്നാണ് പ്രക്ഷോഭകർ മടങ്ങിയത്.
സർക്കാർ ഓഫീസുകളും നയതന്ത്ര കേന്ദ്രങ്ങളും നിലകൊള്ളുന്ന ബാഗ്ദാദിലെ ഗ്രീൻ സോൺ പ്രദേശത്തേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സദ്ർ അനുകൂലികൾ പ്രവഹിക്കുകയായിരുന്നു. പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടി പാടില്ലെന്ന് പാർലമെൻറ് സ്പീക്കർ ആദ്യമേ നിർദേശിച്ചിരുന്നു. അതേസമയം, പാർലമെൻറ് കൈയേറ്റത്തിലൂടെ എല്ലാവർക്കും വ്യക്തമായ സന്ദേശം നൽകിയെന്നും താൽക്കാലം പിരിഞ്ഞു പോകണമെന്നും മുഖ്തദ അൽ സദ്ർ അറിയിച്ചു. ഇതോടെയാണ് ബഗ്ദാദിൽ സ്ഥിതി ശാന്തമായത്. ഇറാഖിലെ സ്ഥിതിഗതികളിൽ യു.എൻ സെക്രട്ടറി ജനറൽ നടുക്കം പ്രകടിപ്പിച്ചിരുന്നു.
ഒമ്പതു മാസമായിട്ടും രാഷ്ട്രീയ ഭിന്നത കാരണം ഇറാഖിലെ പുതിയ സർക്കാർ രൂപവത്കരണം എങ്ങുമെത്തിയിട്ടില്ല. മുസ്തഫ അൽ ഖാദിമിയുടെ ഇടക്കാല സർക്കാറാണ് നിലവിൽ ഭരണത്തിൽ. രാഷ്ട്രീയ അസ്ഥിരതക്കു പുറമെ തൊഴിലില്ലായ്മയും വിലക്കയറ്റവും ഇറാഖിൽ രൂക്ഷമാണ്. സ്വന്തമായി സർക്കാർ രൂപവത്കരിക്കുന്നതിൽ പരാജയപ്പെട്ട മുഖ്തദ അൽ സദ്ർ പാർലമെൻറിലെ തന്‍റെ 74 അംഗങ്ങളെയും കഴിഞ്ഞ മാസം പിൻവലിച്ചിരുന്നു. നൂരി അൽ മാലികി, മുഹമ്മദ് ഷിയാ അൽ സുഡാനി എന്നിവരിൽ ഒരാളെ പ്രധാനമന്ത്രിയാക്കിയുള്ള വിമത ഷിയാസഖ്യനീക്കം ഒരുനിലക്കും അനുവദിക്കില്ലെന്നാണ് സദ്ർ പക്ഷത്തിന്‍റെ നിലപാട്.
Adjust Story Font
16