Quantcast

ഹസൻ നസ്റുല്ലയ്ക്കൊപ്പം ഇറാന്റെ മുതിർന്ന കമാൻഡറും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഐആർജിസി

ഹസൻ നസ്‌റുല്ലയുടെ കൊലപാതകത്തെ അപലപിച്ച് റഷ്യ രം​ഗത്തെത്തി.

MediaOne Logo

Web Desk

  • Updated:

    2024-09-29 08:18:06.0

Published:

29 Sep 2024 7:38 AM GMT

IRGCs top regional commander Abbas Nilforoushan killed in Israeli airstrikes Beirut With Hassan Nasrallah
X

ബെയ്റൂത്ത്: ബെയ്റൂത്തിൽ ഹിസ്ബുല്ല തലവൻ​ ഹസൻ നസ്റുല്ലയോടൊപ്പം തങ്ങളുടെ മുതിർന്ന കമാൻഡറും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. റവല്യൂഷണറി ഗാർഡിൻ്റെ ഡെപ്യൂട്ടി കമാൻഡർ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫറൗഷാനാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ ഇസ്‌ലാമിക്‌ റെവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു.

ഇസ്രായേൽ ആക്രമണം നടക്കുമ്പോൾ ഹസൻ നസ്റുല്ലയ്ക്കൊപ്പം നിൽഫറോഷാനും ഉണ്ടായിരുന്നു. കൂടാതെ ഇറാന്റെ മറ്റൊരു കമാൻഡറും അഞ്ചംഗ സംഘവും ഇദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. 1966ൽ ഇസ്ഫഹാനിൽ ജനിച്ച നിൽഫറൗഷാൻ 1980കളിൽ ബാസിജിലും പിന്നീട് ഐആർജിസിയിലും ചേർന്ന് സൈനിക പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഏപ്രിലിൽ ദമസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഐആർജിസി ജനറൽ മുഹമ്മദ് റെസ സഹേദി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം സേനയുടെ തലപ്പത്തേക്ക് എത്തുന്നത്. ഇതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. നസ്‌റുല്ലയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേരണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

അതേസമയം, ഹസൻ നസ്‌റുല്ലയുടെ കൊലപാതകത്തെ അപലപിച്ച് റഷ്യ രം​ഗത്തെത്തി. ഇത് ഇസ്രായേലിൻ്റെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭാഗമാണെന്ന് ഐക്യരാഷ്ട്രസഭയിൽ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളും ലെബനനിൽ വർധിച്ചുവരുന്ന സംഘർഷത്തിൽ ആശങ്ക പങ്കുവച്ചു.

ഹസൻ നസ്റുല്ലയുടെ കൊലപാതകത്തിൽ ലബനാനിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം തുടരുകയാണ്. ഇതിനിടയിലും ഇസ്രായേൽ യുദ്ധ വിമാനങ്ങൾ ലബനാനിൽ ആക്രമണം നടത്തി. ബെയ്റൂത്ത് വിമാനത്താവളത്തിനടുത്തും ആക്രമണമുണ്ടായി. ഇന്നലെ മാത്രം ലബനാനിൽ 33 പേർ കൊല്ലപ്പെടുകയും 195 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തതായി ലബനാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1700​ കടന്നു​. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലബനനിലുടനീളം നിരവധി വ്യോമാക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ സമ്മതിച്ചു. തെക്കൻ ലബനനിലെ ടെയർദെബ്ബയിൽ നടന്ന ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ലബനിൽ‌ ഇതുവരെ പത്തുലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി മന്ത്രി നാസർ യാസിൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ലബനാനിൽ നിന്ന് ഇസ്രായേലിലേക്ക് ഹിസ്ബുല്ലയുടെ മിസൈലാക്രമണവും തുടരുകയാണ്. ഇസ്രായേൽ പട്ടണങ്ങളെ ലക്ഷ്യമിട്ട് ഹിസ്ബുല്ല നൂറിലേറെ മിസൈലുകളാണയച്ചത്.

ജറുസലേമിലും വെസ്റ്റ്ബാങ്കിലുമടക്കം മിസൈലുകൾ പതിച്ചു. ഹസൻ നസ്​റുല്ലയുടെ കൊലയ്ക്ക്​ ഇറാന്‍റെയും ഹിസ്​ബുല്ലയുടെയും ഭാഗത്തുനിന്ന്​ തിരിച്ചടി ഉണ്ടാവുമെന്ന കണക്കുകൂട്ടലിൽ വൻസുരക്ഷയിലാണ്​ ഇസ്രയേൽ. ഇതിനിടെ, ഗസ്സ നഗരത്തിലും ഗസ്സ മുനമ്പിൻ്റെ വടക്ക് ഭാഗത്തുള്ള ജബാലിയ അഭയാർഥി ക്യാമ്പിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി വഫ റിപ്പോർട്ട് ചെയ്തു.

TAGS :

Next Story