വർഷംതോറും കാട്ടുതീ, അവസാനിക്കാത്ത വിപത്തുകൾ; കാലിഫോർണിയയിലെ തീപിടിത്തത്തിന് കാരണം?
വീടുകൾ പ്ലാസ്റ്റിക്കുകൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഇവ തീപിടുത്തത്തിൽ എരിയുമ്പോൾ വിഷാംശം ഉണ്ടാക്കും....
ലോസ് ആഞ്ചൽസിലെ ആളുകൾ ഒരു പേടിസ്വപ്‌നത്തിലൂടെയാണ് ജീവിക്കുന്നത്... 15,000 ഏക്കറോളം ആളിപ്പടർന്ന തീ ദിവസങ്ങൾ പിന്നിടുമ്പോഴും ഒരു ശതമാനം പോലും അണക്കാനായിട്ടില്ല. ഒടുവിൽ ഹോളിവുഡ് ഹിൽസിനെയും തീവിഴുങ്ങിക്കഴിഞ്ഞു. ഭീതിപ്പെടുത്തുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിക്കുന്നു. എന്താണ് കാരണം? കാട്ടുതീ എങ്ങനെയാണ് ഒരു സംസ്ഥാനത്തെയൊട്ടാകെ വിഴുങ്ങിക്കളഞ്ഞത് എന്നിങ്ങനെ ചോദ്യങ്ങൾ ഒരുഭാഗത്ത് ഉയരുകയാണ്.
മുൻപത്തേക്കാൾ കൂടുതൽ തീപിടിത്തങ്ങൾ മനുഷ്യർ അനുഭവിക്കേണ്ടി വരുന്ന ഒരു യുഗത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ ഗാവിൻ ജോൺസ് പറഞ്ഞത് ചർച്ചയാവുകയാണ്. 2023ൽ ദി എക്സ്പ്ലോറേഴ്‌സ് ജേണലിന് നൽകിയ അഭിമുഖത്തിലായിരുന്നു പൈറോസീൻ എന്ന സിദ്ധാന്തത്തെ മുൻനിർത്തി യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സർവീസ് പരിസ്ഥിതി ശാസ്ത്രജ്ഞൻ ഗാവിൻ ജോൺസിന്റെ പരാമർശം.
കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിന്റെ പ്രാന്തപ്രദേശങ്ങളിലും പുറത്തേക്കും പടരുന്ന കാട്ടുതീയിൽ ഇതുവരെ 11 പേർക്ക് ജീവൻ നഷ്‌ടമായെന്നാണ് റിപ്പോർട്ടുകൾ. 30,000 ഏക്കറിലധികം ഭൂമിയും 10,000-ത്തിലധികം കെട്ടിടങ്ങളും പൂർണമായും കത്തിയമർന്നു. കാലിഫോർണിയയിൽ മാത്രമല്ല ലോകമെമ്പാടും ഓരോ വർഷവും കാട്ടുതീ പതിവായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം അവയെ കൂടുതൽ വഷളാക്കുന്നുണ്ടെന്ന ആശങ്കയും ഇതോടൊപ്പം വർധിച്ചുവരികയാണ്.
കാലിഫോർണിയയിലെ കാട്ടുതീ
കാലിഫോർണിയ ഇനി ഓരോ വർഷവും തീപിടിത്തം നേരിടേണ്ടി വരുമെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം എക്‌സിൽ പോസ്റ്റ് ചെയ്‌ത ഒരു വീഡിയോയിൽ പറയുന്നു. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലൈഫ് സയൻസസിലെ എമെറിറ്റസ് പ്രൊഫസറായ പൈൻ ഇത് അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. നമ്മൾ ഒരു അഗ്നി യുഗത്തോടൊപ്പമാണ് ജീവിക്കേണ്ടി വരുന്നത്, ഒരു ഹിമയുഗത്തിന് തുല്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനം കാലിഫോർണിയയിലെ കാട്ടുതീയ്‌ക്ക് കാരണമായിട്ടുണ്ടെന്നാണ് പല വിദഗ്‌ധരുടെയും അഭിപ്രായം. ഇതുവരെയുള്ള റെക്കോർഡുകളെല്ലാം ഭേദിക്കുന്ന തരത്തിൽ ഭൂമിയിൽ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വ്യാവസായിക വിപ്ലവത്തിന് മുൻപുള്ള കാലഘട്ടത്തിലെ താപനിലയെ 1.5 ഡിഗ്രി സെൽഷ്യസ് മറികടന്ന ആദ്യ പൂർണ്ണ വർഷമാണ് 2024 എന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം (C3S) വെള്ളിയാഴ്‌ച സ്ഥിരീകരിച്ചിരുന്നു.
നിലവിലെ കാലാവസ്ഥാ പ്രതിസന്ധി ലോകത്തെ ആധുനിക മനുഷ്യർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത താപനിലയിലേക്ക് തള്ളിവിടുകയാണെന്നും C3S പറഞ്ഞു. കാട്ടുതീയുടെ ആവൃത്തി, ദൈർഘ്യം എന്നിവയുടെ വർധനവിനെയും തീപിടിച്ച പ്രദേശത്തെയും കാലാവസ്ഥാ വ്യതിയാനം സ്വാധീനിച്ചിട്ടുണ്ടെന്ന് യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ (EPA) റിപ്പോർട്ടും വ്യക്തമാക്കുന്നു.
കാരണം എന്ത്?
കാലാവസ്ഥാ വ്യതിയാനവും ഒപ്പം ആഗോളതാപനവുമെല്ലാം ലോസ് ഏഞ്ചൽസിലെ കാട്ടുതീയിലേക്ക് വിരൽ ചൂണ്ടുമ്പോഴും ദുരന്തത്തിന്റെ കൃത്യമായ കാരണം എന്താണെന്നത് ഇപ്പോഴും അവ്യക്തമായി തന്നെ തുടരുകയാണ്. കാട്ടുതീയുടെ ഉത്ഭവം എവിടെയെന്ന കാര്യവും വ്യക്തമായിട്ടില്ല.
തെക്കൻ കാലിഫോർണിയയിൽ മാസങ്ങളായി കാര്യമായ മഴ ലഭിച്ചിട്ടില്ല. ജനുവരി 7 വരെ, കാലിഫോർണിയയുടെ 39.1 ശതമാനം മാത്രമേ പൂർണമായും വരൾച്ചരഹിതമായിട്ടുള്ളൂ എന്ന് യുഎസ് ഡ്രോട്ട് മോണിറ്ററിന്റെ ഏറ്റവും പുതിയ ഭൂപടത്തിൽ കാണാം. സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങൾ അസാധാരണമായി വരണ്ടതാണെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ലോസ് ഏഞ്ചൽസിൽ തൂങ്ങിക്കിടക്കുന്ന വൈദ്യുതി കേബിളുകളും ടെലിഫോൺ തൂണുകളും അടക്കം കത്തുന്ന വസ്‌തുക്കൾ ധാരാളമായുണ്ട്. മേഖലയുടെ ഉൾഭാഗത്ത് നിന്ന് 'സാന്താ അന' എന്ന ചൂടുകാറ്റ് വീശിയതും തീ പടരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നു.
ഇവിടുത്തെ മരങ്ങൾ നിർജലീകരണം കാരണം വരണ്ട അവസ്ഥയിലാണുള്ളത്. അതിനാൽ തന്നെ ചെറിയൊരു തീപ്പൊരിക്ക് വരെ ആളിക്കത്തുന്ന തീയുണ്ടാക്കാൻ കഴിയുമെന്നാണ് പരിസ്ഥിതി വിദഗ്‌ധർ പറയുന്നത്. ചെറിയൊരു സിഗരറ്റ് കുറ്റിയോ വൈദ്യുതി ലൈനിൽ നിന്നുണ്ടായ തീപ്പൊരിയോ ധാരാളം മതി.
കാത്തിരിക്കുന്ന വിപത്തുകൾ
കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭൂവിനിയോഗത്തിലെ മാറ്റങ്ങളുടെയും ഫലമായി കാലക്രമേണ കാട്ടുതീ കൂടുതൽ വഷളാകുമെന്ന് യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമം (യുഎൻഇപി) പരിസ്ഥിതി ആശയവിനിമയ കേന്ദ്രം ഗ്രിഡ്-അരെൻഡലും ചേർന്ന് 2022ൽ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. 2030 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള തീപിടുത്തങ്ങൾ 14 ശതമാനവും, 2050 അവസാനത്തോടെ 30 ശതമാനവും, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 50 ശതമാനവും വർധിക്കുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നുണ്ട്.
കാട്ടുതീ കാരണം പരിസ്ഥിതി കൂടുതൽ നാശത്തിലേക്കാണ് പോകുന്നത്. കാലിഫോർണിയയിൽ ശൈത്യകാല മഴ എത്തുമ്പോൾ ) അവ കുന്നിൻചെരുവുകളിലെ മണ്ണൊലിപ്പിനും തീപിടിത്തത്തിൽ നശിച്ച അവശിഷ്‌ടങ്ങളുടെ ഒഴുക്കിനും കാരണമാകും. അതിനാൽ തന്നെ, തീപിടിത്തത്തിന് ശേഷം നഗരങ്ങൾ വൃത്തിയാക്കുന്നത് വളരെ ചെലവേറിയതും കുഴപ്പം പിടിച്ചതുമാണെന്നും പരിസ്ഥിതി വിദഗ്‌ധർ പറയുന്നു.
ആധുനിക വീടുകൾ പ്ലാസ്റ്റിക്കുകൾ, സിന്തറ്റിക്‌സ്, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഇവ തീപിടുത്തത്തിൽ എരിയുമ്പോൾ വിഷാംശം ഉണ്ടാക്കും. മനുഷ്യർ സൃഷ്ടിച്ച സാഹചര്യങ്ങൾ പരിസ്ഥിതി ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങളെ നേരിടുന്നത് കൂടുതൽ പ്രയാസകരമാക്കിയിട്ടുണ്ടെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
Summery- Is climate change to blame for the California wildfires?
Adjust Story Font
16