Quantcast

മോണിക്ക ലെവിൻസ്‌കി മൊസാദ് ഏജന്റോ?; എപ്സ്റ്റീൻ രേഖകൾ പുറത്തുവന്നതിന് പിന്നാലെ വിവാദം

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകളിൽ ബിൽ ക്ലിന്റൺ അടക്കമുള്ളവരുടെ പേരുകളുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ആരോപണം വീണ്ടുമുയരുന്നത്.

MediaOne Logo

Web Desk

  • Published:

    4 Jan 2024 3:14 PM GMT

Is Monica Lewinsky Mossad Agent?
X

വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റനുമായുള്ള ബന്ധത്തിന്റെ പേരിൽ കുപ്രസിദ്ധയായ മോണിക്ക ലെവിൻസ്‌കി മൊസാദ് ഏജന്റാണെന്ന ആരോപണം ശക്തമാവുന്നു. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകളിൽ ബിൽ ക്ലിന്റൺ അടക്കമുള്ളവരുടെ പേരുകളുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ആരോപണം വീണ്ടുമുയരുന്നത്. രേഖകളിലുള്ളവരുടെ പേരുകളുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കേണ്ടതില്ലെന്ന് യു.എസ് കോടതി ഉത്തരവിട്ടതോടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയത്.

എപ്സ്റ്റീൻ മൊസാദ് ഏജന്റാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. മുൻ ഇസ്രായേലി ചാരനായ ആരി ബെൻ-മെനാഷെ തന്റെ 'എപ്സ്റ്റീൻ: ഡെഡ് മെൻ ടെൽ നോ ടെയ്ൽസ്' എന്ന പുസ്തകത്തിലാണ് ഈ ആരോപണമുയർത്തിയിരുന്നത്. എപ്സ്റ്റീനും അദ്ദേഹത്തിന്റെ പെൺ സുഹൃത്ത് ഗിസ്ലെയ്ൻ മാക്‌സ്‌വെലും ഹണി ട്രാപ്പിലൂടെ ഭരണാധികാരികളെ ബ്ലാക്‌മെയിൽ ചെയ്ത് രഹസ്യങ്ങൾ ചോർത്തിയിരുന്നുവെന്നാണ് ഈ പുസ്തകത്തിൽ പറയുന്നത്. ഗിസ്‌ലെയിന്റെ പിതാവ് റോബർട്ട് മാക്‌സ്‌വെൽ ആണ് മകളെയും സുഹൃത്ത് എപ്‌സീനെയും മൊസാദിന് പരിചയപ്പെടുത്തിയതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.




എപ്‌സീന് ബിൽ ക്ലിന്റനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ക്ലിന്റൻ എപ്‌സീന്റെ ഉടമസ്ഥതയിലുള്ള ദ്വീപിൽ വന്നിരുന്നു എന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതോടെയാണ് മൊസാദുമായി ബന്ധപ്പെട്ട ആരോപണം വീണ്ടും സജീവമായത്. പ്രസിഡന്റായ ശേഷം പാരീസ്, ബാങ്കോക്ക്, ബ്രൂണെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിന് ക്ലിന്റൺ എപ്‌സ്റ്റൈന്റെ വിമാനം ഉപയോഗിച്ചിരുന്നതായി രേഖകളിലുണ്ട്. 26 തവണ ഇപ്രകാരം യാത്രകൾ നടത്തിയെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയതിന് യു.എസിൽ അറസ്റ്റിലായ ജൊനാഥൻ പൊള്ളാർഡിന്റെ മോചനത്തിനായി ക്ലിന്റനും മോണിക്കയും തമ്മിലുള്ള സംഭാഷണത്തിന്റെ ടേപ്പ് വച്ച് വിലപേശാൻ ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ നെതന്യാഹു ശ്രമിച്ചതായി ക്ലിന്റൺ കുടുംബത്തെ കുറിച്ചുള്ള 'ക്ലിന്റൺ ഐഎൻസി: ദ ഒഡേഷ്യസ് റീബിൽഡിങ് ഓഫ് എ പൊളിറ്റിക്കൽ മെഷീൻ' എന്ന പുസ്തകത്തിൽ ഡാനിയൽ ഹാൽപെർ ആരോപിച്ചിരുന്നു. ക്ലിന്റനും മോണിക്കയും തമ്മിലുള്ള സംഭാഷണത്തിന്റെ ടേപ്പ് ഇസ്രായേൽ പ്രധാനമന്ത്രിക്ക് ലഭിച്ചത് മൊസാദും മോണിക്കയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്നാണ് ആരോപണം.



ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന എഹൂദ് ബറാക്കിന് ജെഫ്രി എപ്‌സീനുമായി മില്യൻ ഡോളറിന്റെ ബിസിനസ് ബന്ധമുള്ളതായി ഇസ്രായേൽ പത്രമായ ഹാരറ്റ്‌സ് 2015-ൽ വാർത്ത നൽകിയിരുന്നു. 2004-ൽ എപ്‌സീൻ ബറാക്കിന് ഗവേഷണത്തിനെന്ന പേരിൽ 2.3 മില്യൻ ഡോളർ നൽകിയെന്നും എന്നാൽ അത്തരമൊരു ഗവേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്നും ഹാരറ്റ്‌സ് വാർത്തയിൽ ആരോപിച്ചിരുന്നു. എഹൂദ് ബറാക്കും എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് 2019-ൽ നെതന്യാഹു ആരോപിച്ചിരുന്നു.

എപ്സ്റ്റീന്റെ മരണം കൊലപാതകമാണെന്ന ആരോപണവും 2019-ൽ ഉയർന്നിരുന്നു. 2019 ആഗസ്റ്റിൽ എപ്സ്റ്റീൻ ജയിലിൽ ജീവനൊടുക്കുകയായിരുന്നു എന്നാണ് യു.എസ് ഏജൻസികൾ പറയുന്നത്. എന്നാൽ 24 മണിക്കൂറും കർശന നിരീക്ഷണമുള്ള അതീവ സുരക്ഷാ ജയിലിൽ ഇത് എങ്ങനെ സംഭവിച്ചുവെന്ന ചോദ്യം അന്നുതന്നെ ഉയർന്നിരുന്നു. എപ്സ്റ്റീൻ തന്റെ ചാരപ്രവർത്തനങ്ങൾ അന്വേഷണ ഏജൻസികളോട് തുറന്നുപറയുമെന്ന സൂചന വന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ഇല്ലാതാക്കിയതാണെന്നും ആരോപണമുയർന്നിരുന്നു.

TAGS :

Next Story