Quantcast

അഫ്ഗാനിൽ ഐ.എസ് അശാന്തി വിതക്കുന്നു-താലിബാൻ

അടുത്തിടെ അഫ്ഗാനിസ്താനിൽ വിവിധ പള്ളികളിലും സ്‌കൂളുകളിലും നടന്ന ചാവേർ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    29 July 2022 12:49 PM GMT

അഫ്ഗാനിൽ ഐ.എസ് അശാന്തി വിതക്കുന്നു-താലിബാൻ
X

താഷ്‌കന്റ്: അഫ്ഗാനിസ്താനിൽ ഐ.എസ് അശാന്തി സൃഷ്ടിക്കുകയാണെന്ന് താലിബാൻ ഭരണകൂടം. വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയാണ് സംഘത്തിനെതിരെ വിമർശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഉസ്‌ബെകിസ്താൻ തലസ്ഥാനമായ താഷ്‌കന്റിൽ നടന്ന, 30ഓളം രാജ്യങ്ങൾ പങ്കെടുത്ത രാജ്യാന്തര സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 1,800 ഐ.എസ് ഭീകരവാദികളെയാണ് മോചിപ്പിച്ചതെന്നും മന്ത്രി വെളിപ്പെടുത്തി. ഐ.എസിനെ രാജ്യത്ത് നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തരത്തിൽ ജയിൽമോചിതരായ ഐ.എസ് ഭീകരവാദികൾ രാജ്യത്തുടനീളം അശാന്തി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ അഫ്ഗാനിസ്താനിൽ പള്ളികളിലും സ്‌കൂളുകളിലും നിരവധി ചാവേർ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മിക്ക സംഭവങ്ങളിലും ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. താലിബാൻ അധികാരത്തിലേറിയപ്പോൾ 1,800ഓളം ഐ.എസ് തീവ്രവാദികളെ ജയിലുകളിൽനിന്ന് മോചിപ്പിച്ചിരുന്നു. താലിബാൻ ഐ.എസിന്റെ അടക്കിനിർത്തുകയും ചെയ്തിരുന്നുവെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം.

ഐ.എസ് ഭീകരരെ മോചിപ്പിക്കാനുള്ള തീരുമാനത്തിൽ നേരത്തെ യു.എസ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസ് സെൻട്രൽ കമാൻഡ് ജനറൽ മൈക്കൽ എറിക് താലിബാനുമായി നേരിട്ട് ഇക്കാര്യത്തിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇവരെ മോചിപ്പിക്കുന്നതിലൂടെ ഐ.എസ്, അൽഖാഇദ തീവ്രവാദികൾ വീണ്ടും അഫ്ഗാനിൽ ശക്തിയാർജിക്കുമെന്നായിരുന്നു യു.എസ് വൃത്തങ്ങളുടെ മുന്നറിയിപ്പ്.

Summary: ISIS causing unrest in Afghanistan, says Taliban

TAGS :

Next Story