ഡോ. യൂസുഫുൽ ഖറദാവി അന്തരിച്ചു
ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ മുൻ അധ്യക്ഷനാണ്
ദോഹ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. യൂസുഫുൽ ഖറദാവി അന്തരിച്ചു. 96 വയസായിരുന്നു. ദോഹയിലാണ് അന്ത്യം. ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ മുൻ അധ്യക്ഷനാണ്.
1926ൽ ഈജിപ്തിലെ ത്വൻതയ്ക്കു സമീപം സ്വഫ്ത് തുറാബിലാണ് ഖറദാവിയുടെ ജനനം. ത്വൻതയിലെ മതപാഠശാലയിൽനിന്ന് പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം നേടിയ ശേഷം ഉപരിപഠനത്തിനായി അൽഅസ്ഹറിൽ ചേർന്നു. അസ്ഹറിൽനിന്ന് ഖുർആൻ, ഹദീസ് പഠനങ്ങളിലും ഭാഷാസാഹിത്യത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1973ൽ ഡോക്ടറേറ്റും സ്വന്തമാക്കി.
ഈജിപ്ത് മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അൽ അസ്ഹറില്‍ സാംസ്കാരിക വകുപ്പിൻറെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും പ്രവർത്തിച്ചു. 1961ൽ ഖത്തറിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ദോഹയിലെ റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻസ്‌പെക്ടറായി. 1973ൽ ഖത്തറിന്റെ മതകാര്യ മേധാവിയായി നിയമിതനായി.
120ലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. മക്ക ആസ്ഥാനമായുള്ള മുസ്‍ലിം വേൾഡ് ലീഗ്, കുവൈത്തിലെ ഇന്റർനാഷനൽ ഇസ്‍ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ തുടങ്ങിയ നിരവധി ആഗോള മതസംഘടനകളിൽ അംഗമായിരുന്നു.
കിങ് ഫൈസൽ അവാർഡ്, സുൽത്താൻ ഹസൻ അൽബോക്കിയ അവാർഡ്, മലേഷ്യ ഇന്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‌സിറ്റിയുടെ പ്രത്യേക അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Summary: Renowned Islamic Scholar Yusuf al-Qaradawi passes away
Adjust Story Font
16