ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയുടെ സഹോദരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഏപ്രിൽ പത്തിന് പെരുന്നാൾ ദിനത്തിൽ ഹനിയ്യയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടിരുന്നു
ഗസ്സ സിറ്റി: ഹമാസ് രാഷ്ട്രീയകാര്യ വിഭാഗം മേധാവി ഇസ്മാഈൽ ഹനിയ്യയുടെ സഹോദരി ഉൾപ്പെടെ കുടുംബത്തിലെ നിരവധി പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അൽ ഷാത്തി ക്യാമ്പിലെ വീടിന് നേരെയായിരുന്നു ആക്രമണം. ഹനിയ്യയുടെ കുടുംബത്തിലെ 10 പേരെങ്കിലും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.
ഏപ്രിൽ പത്തിന് പെരുന്നാൾ ദിനത്തിൽ ഹനിയ്യയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടിരുന്നു. അഭയാർഥി ക്യാമ്പ് മേഖലയിൽ സന്ദർശനത്തിനെത്തിയ ഹനിയ്യയുടെ കുടുംബത്തിന് നേരെ ഇസ്രായേൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഹനിയ്യയുടെ മക്കളായ ഹസിം ഹനിയ്യ, ആമിർ ഹനിയ്യ, മുഹമ്മദ് ഹനിയ്യ എന്നിവരും പേരക്കുട്ടികളായ അമൽ, മോന, ഖാലിദ്, റസാൻ എന്നിവരുമാണ് കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു.
‘എൻ്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാൾ പ്രിയപ്പെട്ടതല്ല’ എന്നായിരുന്നു മക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയ വിവരം അറിഞ്ഞപ്പോൾ ഇസ്മാഈൽ ഹനിയ്യ പ്രതികരിച്ചത്. തെൽ ഷെവയിൽ താമസിക്കുന്ന ഹനിയ്യയുടെ സഹോദരിയെ ഈ വർഷമാദ്യം ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16