യു.എൻ റിപ്പോർട്ടിനെതിരെ ഇസ്രായേൽ; ഏകപക്ഷീയമെന്ന് അമേരിക്ക
യു.എൻ അന്വേഷണവുമായി ഒരുനിലക്കും സഹകരിക്കില്ലെന്നായിരുന്നു തുടക്കം മുതൽ ഇസ്രായേൽ നിലപാട്
വാഷിംഗ്ടൺ: യു.എൻ മനുഷ്യാവകാശ സമിതി റിപ്പോർട്ടിനെതിരെ ഇസ്രായേലും അമേരിക്കയും. ഫലസ്തീൻ പ്രദേശങ്ങളിൽ പുതുതായി അധിനിവേശം സ്ഥാപിക്കാനുള്ള ഇസ്രായേൽ നടപടിയെ വിമർശിച്ചതാണ് ഇരു രാജ്യങ്ങളെയും ചൊടിപ്പിച്ചത്. യു.എൻ അന്വേഷണവുമായി ഒരുനിലക്കും സഹകരിക്കില്ലെന്നായിരുന്നു തുടക്കം മുതൽ ഇസ്രായേൽ നിലപാട്.
ഭാവിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന്റെ ഭാഗമായി കാണുന്ന പ്രദേശങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിക്കാൻ ഇസ്രായേൽ ആസൂത്രിത നീക്കം നടത്തുന്നതായാണ് 28 പേജുള്ള റിപ്പോർട്ടിലൂടെ യു.എൻ മനുഷ്യാവകാശ സമിതി ലോകത്തെ അറിയിച്ചത്. യു.എൻ പൊതുസഭക്ക് സമർപ്പിച്ച റിപ്പോർട്ട് ചർച്ചക്കെടുക്കാനിരിക്കെയാണ് അമേരിക്കയെ കൂട്ടുപിടിച്ചുള്ള ഇസ്രായേൽ പ്രതിരോധം. യു.എൻ റിപ്പോർട്ട് തികച്ചും ഏകപക്ഷീയമാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
യു.എൻ മനുഷ്യാവകാശ സമിതിയുടെ അന്വേഷണത്തെ തുടക്കം മുതൽ എതിർത്തു വരികയാണ് ഇസ്രായേലും അമേരിക്കയും. വെസ്റ്റ്ബാങ്കിലും മറ്റും അന്യായ കുടിയേറ്റത്തിനുള്ള ഇസ്രായേൽ പദ്ധതി അവസാനിപ്പിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാകുമെന്നും റിപ്പോർട്ടിലുണ്ട്.
അന്താരാഷ്ട്ര ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണിതെന്ന യു.എൻ സമിതിയുടെ കണ്ടെത്തൽ ശരിയല്ലെന്ന് അമേരിക്ക പ്രതികരിച്ചു. അതേ സമയം റിപ്പോർട്ടിൽ യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ എന്തു നിലപാട് സ്വീകരിക്കും എന്നത് പ്രധാനമാണ്. യു.എൻ പൊതുസഭയിൽ വിഷയം ചർച്ചക്കെടുക്കുമ്പോൾ പരമാവധി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് അറബ് ലീഗ് ഉൾപ്പെടെയുള്ള കൂട്ടായ്മകൾ.
Adjust Story Font
16