ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണം: ഒന്നിച്ചുനിൽക്കാൻ ആഹ്വാനവുമായി തുർക്കി, അപലപിച്ച് ഇറാൻ
ഫലസ്തീനികൾക്കുനേരെ നടക്കുന്ന ഇസ്രായേൽ ആക്രമണത്തിൽ അറബ് ലീഗ് അടിയന്തരയോഗം ചേരുമെന്നാണ് വിവരം
ഗസ്സ: ഫലസ്തീനിലെ ഗസ്സയിലും ദക്ഷിണ ലബനാനിലും നടക്കുന്ന ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ ശക്തമായ പ്രതികരണവുമായി ഇറാനും തുർക്കിയും. ഫലസ്തീനികൾക്കെതിരെ നടക്കുന്ന ഇസ്രായേൽ ആക്രമണങ്ങളിൽ മുസ്‌ലിം ലോകം ഒന്നിച്ചുനിൽക്കണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ആഹ്വാനം ചെയ്തു. ഇസ്രായേൽ നടപടിക്കെതിരെ അന്താരാഷ്ട്ര സമിതികൾ ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി ഉർദുഗാൻ വിഷയം ഫോണിൽ സംസാരിച്ചു. അൽഅഖ്‌സ പള്ളിക്കുനേരെ ഇസ്രായേൽ പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. വിശുദ്ധ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും ഐക്യരാഷ്ട്ര സഭയും ഇടപെടണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു.
ഇസ്രായേൽ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി ഇറാൻ വിദേശകാര്യ വക്താവ് നാസിർ കൻആനി പ്രതികരിച്ചു. ലബനാനിന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിച്ചാണ് ഇസ്രായേൽ ആക്രമണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീൻ രാഷ്ട്രത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ ലംഘിക്കുന്ന നടപടിയാണിതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സംഭവത്തിൽ അറബ് ലീഗ് അടിയന്തരയോഗം ചേരുമെന്നാണ് വിവരം. യു.എന്നിന്റെയും ലോകരാഷ്ട്രങ്ങളുടെയും ഇടപെടൽ വേണമെന്ന് ആവശ്യമുയരുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഫലസ്തീനിലെ ഗസ്സ മുനമ്പിലും ദക്ഷിണ ലബനാനിലും ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയത്. പുലർച്ചെ ഗസ്സയിലായിരുന്നു ആക്രമണം തുടങ്ങിയത്. പിന്നാലെ പുലർച്ചെ നാലു മണിയോടെ ദക്ഷിണ ലബനാൻ ലക്ഷ്യമിട്ടും ആക്രമണം നടന്നു. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്.
Summary: Iran has condemned the Israeli airstrikes in Gaza and Southern Lebanon while Turkish President Recep Tayyip Erdogan has called on the Muslim world to stand together against Israel's attacks on Palestinians.
Adjust Story Font
16