ലബനനെതിരായ ആക്രമണം; ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്ക തിരക്കിട്ട നീക്കത്തിൽ
ഇസ്രായേൽ സുരക്ഷാ വിഭാഗം മേധാവികളെ ചർച്ചക്ക് ക്ഷണിച്ചതായി പെന്‍റഗണ്‍ വ്യക്തമാക്കി
തെല്‍ അവിവ്: ലബനനെതിരായ വ്യാപക ആക്രമണത്തിൽ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്ക തിരക്കിട്ട നീക്കത്തിൽ. ഇസ്രായേൽ സുരക്ഷാ വിഭാഗം മേധാവികളെ ചർച്ചക്ക് ക്ഷണിച്ചതായി പെന്‍റഗണ്‍ വ്യക്തമാക്കി.
ദക്ഷിണ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കു നേരെ വ്യാപക ആക്രമണത്തിനൊരുങ്ങുകയാണ് ഇസ്രായേൽ. ഗസ്സയിൽ നിന്ന് കൂടുതൽ സൈന്യത്തെ വടക്കൻ അതിർത്തിയിലേക്ക് വിന്യസിക്കുന്നതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. അതിർത്തി മേഖലയിൽ നിന്ന് ഹിസ്ബുല്ലയുടെ സാന്നിധ്യം ഒഴിവാക്കാൻ സൈനിക നടപടിയല്ലാതെ മറ്റു മാർഗമില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇരുകൂട്ടർക്കും ആപൽക്കരമായിരിക്കും യുദ്ധമെന്നും നയതന്ത്ര നീക്കങ്ങളിലൂടെ സംഘർഷം ലഘൂകരിക്കാൻ ശ്രമം തുടരുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
ഇസ്രായേൽ, ലബനാൻ സംഘർഷം ഇല്ലാതാക്കാൻ ഗസ്സയിൽ വെടിനിർത്തൽ അനിവാര്യമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വെടിനിർത്തൽ കരാർ ചർച്ചയുമായി ബന്ധപ്പെട്ട് ഇസ്രായേൽ നേതാക്കളുമായി ആന്‍റണി ബ്ലിങ്കന്‍ ആശയവിനിമയം തുടരുന്നായി യു.എസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു. ഇസ്രായേൽ ദേശീയ സുരക്ഷാ വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ളവരെ ചർച്ചക്കായി അമേരിക്കയിലേക്ക് ക്ഷണിച്ചു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവർ ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തും. ഗസ്സയിൽ മാത്രമല്ല, ലബനാനു നേരെയും വ്യാപക ആക്രമണത്തിന് മടിക്കില്ലെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇസ്രായേലിനെ കൂടുതൽ തകർക്കാനാണ് നെതന്യാഹുവിന്‍റെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് കുറ്റപ്പെടുത്തി.
സർക്കാർ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് വേണമെന്നാവശ്യപ്പെട്ട് തെൽ അവീവിൽ നെതന്യാഹുവിന്‍റെ സ്വകാര്യ വസതിക്കു മുമ്പാകെ ആയിരങ്ങൾ പ്രകടനം നടത്തി. ഇസ്രായേലിനുള്ള ആയുധങ്ങൾ തടയുന്നതായ നെതന്യാഹുവിന്‍റെ പ്രസ്താവനയെ വിമർശിച്ച് അമേരിക്ക രംഗത്തുവന്നു. റഫ ഉൾപ്പെടെ ഗസ്സയിലുടനീളം ഇസ്രായേൽ ആക്രമണം തുടർന്നു. പിന്നിട്ട 24 മണിക്കൂറിനിടെ 35 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്സ് നടത്തിയ ആക്രമണത്തിൽ 5 സൈനികർക്ക് പരിക്കേറ്റതായും ഇവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.
അതിനിടെ, ലബനാനെതിരായ യുദ്ധത്തിൽ ഇസ്രായേലിന് സൈനിക താവളം ഒരുക്കാൻ തുനിയുന്നതായ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയുടെ ആരോപണം തള്ളി സൈപ്രസ്. പ്രശ്നപരിഹാരമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇസ്രായേലിനെ സൈനികമായി പിന്തുണക്കുക ലക്ഷ്യമല്ലെന്നും സൈപ്രസ് നേതൃത്വം വിശദീകരിച്ചു. ചെങ്കടലിൽ ഒരു കപ്പൽ കൂടി ആക്രമണത്തെ തുടർന്ന് കടലിൽ മുങ്ങിയെന്ന് ഹൂത്തികൾ അറിയിച്ചു. ഒരാഴ്ചക്കിടെ 6 കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായും ഹൂത്തികൾ അവകാശപ്പെട്ടു.
Adjust Story Font
16