Quantcast

ഗസ്സയിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ഇന്ന്​ പ്രാബല്യത്തിൽ

വെടിനിർത്തൽ ആരംഭിക്കുന്ന സമയക്രമം സംബന്​ധിച്ച അവ്യക്​തത ഖത്തർ ഇടപെട്ട്​ പരിഹരിക്കുമെന്ന്​ അമേരിക്ക

MediaOne Logo

Web Desk

  • Published:

    23 Nov 2023 12:57 AM GMT

gaza ceasefire
X

തെല്‍ അവിവ്: ഗസ്സയിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ഇന്ന്​ പ്രാബല്യത്തിൽ വരും. വെടിനിർത്തൽ ആരംഭിക്കുന്ന സമയക്രമം സംബന്​ധിച്ച അവ്യക്​തത ഖത്തർ ഇടപെട്ട്​ പരിഹരിക്കുമെന്ന്​ അമേരിക്ക. ബന്ദികളുടെ കൈമാറ്റം നടപ്പാകുന്നതോടെ ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കും. സമഗ്രവെടിനിർത്തൽ നിർദേശം തള്ളിയ ഇസ്രായേൽ, ഹമാസിനെ തുരത്തും വരെ യുദ്ധം തുടരുമെന്ന്​ മുന്നറിയിപ്പ്​ നൽകി. ലോകത്തി​ന്‍റെ ഏതു ഭാഗത്തായാലും ഹമാസ്​ നേതാക്കളെ വകവരുത്താൻ നെതന്യാഹു മൊസാദിനോട്​ ഉത്തരവിട്ടു. ഗസ്സയിൽ മരണസംഖ്യ 14,500 കടന്നു.

48 ദിവസങ്ങൾ നീണ്ട ആക്രമണത്തിനൊടുവിൽ ഖത്തറി​ന്‍റെയും ഈജിപ്​തി​ന്‍റെയും മധ്യസ്​ഥതയിൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ച നാലു നാൾ നീണ്ടുനിൽക്കുന്ന വെടിനിർത്തൽ കരാർ ഇന്ന്​ പ്രാബല്യത്തിൽ വരും. പ്രാദേശിക സമയം രാവിലെ 10ന്​ വെടിനിർത്തൽ ആരംഭിക്കും എന്നായിരുന്നു റിപ്പോർട്ട്​. എന്നാൽ കരാറിൽ ഇക്കാര്യം വ്യക്​തമാക്കാത്ത സാഹചര്യത്തിൽ മധ്യസ്​ഥ രാജ്യമായ ഖത്തർ കൂടിയാലോചനകളിലൂടെ തീരുമാനം അറിയിക്കുമെന്ന്​ യു.എസ്​ ദേശീയസുരക്ഷാ ഉപദേഷ്​ടാവ്​ അറിയിച്ചു. വെടിനിർത്തൽ എപ്പോൾ ആരംഭിക്കും എന്നറിയില്ലെന്ന്​ രാത്രി ഇസ്രായേൽ സൈന്യം പ്രതികരിച്ചു. വെടിനിർത്തൽ വേളയിൽ ഗസ്സയിലെ സൈനികർക്ക്​ ഇൻറലിജൻസ്​ വിവരങ്ങൾ കൈമാറുമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.

കരാർ ലംഘിച്ചാൽ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്ന്​ നെതന്യാഹുവി​ന്‍റെ മുന്നറിയിപ്പ്​. 150 ഫലസ്​തീൻ തടവുകാർക്കു പകരം ഹമാസ്​ പിടിയിലുള്ള ബന്ദികളിൽ നിന്ന്​ 50 സ്​ത്രീകളെയും കുട്ടികളെയും കൈമാറാനാണ്​ കരാർ വ്യവസ്​ഥ. കൈമാറേണ്ട തടവുകാരുടെ പട്ടികക്ക്​ ഇസ്രായേലും ബന്ദികളുടെ പട്ടികക്ക്​ ഹമാസും രൂപം നൽകി. കൂടുതൽ ബന്ദികളെ മോചിപ്പിച്ച്​ സമഗ്ര വെടിനിർത്തലിലേക്ക്​ കാര്യങ്ങൾ നീക്കണമെന്ന വിവിധ ലോക രാജ്യങ്ങളുടെ അഭ്യർഥന തൽക്കാലം അംഗീകരിക്കില്ലെന്ന്​ നെതന്യാഹു പറഞ്ഞു. ഹമാസിനെ തുരത്തി ബന്ദികളെ പൂർണമായും തിരിച്ചെത്തിക്കുകയെന്ന ലക്ഷ്യം നേടും വരെ യുദ്ധം തുടരുമെന്നും അദ്ദേഹം വ്യക്​തമാക്കി. താൽക്കാലിക വെടിനിർത്തൽ നടപ്പിലാകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇന്നലെയും നൂറുകണക്കിന്​ ഫലസ്​തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിൽ മരണ സംഖ്യ 14.532 ആയി. ഇവരിൽ 6000 ​പേർ കുട്ടികൾ.

കാണാതായ ഏഴായിരം പേരിൽ 4700 പേരും സ്​ത്രീകളും കുട്ടികളും​. 205 ആരോഗ്യ പ്രവർത്തകരും 64 മാധ്യമ പ്രവർത്തകരും ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടതായി അധികൃതർ വെളിപ്പെടുത്തി. അൽ ശിഫ, അൽ റൻതീസി ഉൾപ്പെടെയുള്ള ആശുപത്രികളിൽ പുതുതായി നിരവധി പേർ മരണപ്പെട്ടതായ റിപ്പോർട്ടുകളും പുറത്തുവന്നു. ലോകത്തെവിടെയാണെങ്കിലും ഹമാസ്​ നേതാക്കളെ വധിക്കാൻ​ മൊസാദിന്​ നെതന്യാഹു നിർദേശം നൽകി. ആക്രമണം തുടർന്നാൽ ലബനാനെതിരെ തുറന്ന യുദ്ധത്തിന്​ മടിക്കില്ലെന്ന്​ ഇസ്രായേൽ വിദേശകാര്യ മന്ത്രിയുടെ താക്കീത്​.

TAGS :

Next Story