മസ്ജിദുൽ അഖ്‌സയിൽ വീണ്ടും ഇസ്രായേൽ സായുധ സൈന്യം; വിശ്വാസികളെ ഒഴിപ്പിച്ചു
ഈ വർഷത്തെ റമദാൻ ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് ഇസ്രായേൽ സൈന്യം അഖ്‌സയിൽ പ്രവേശിക്കുകയും വിശ്വാസികൾക്കു നേരെ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നത്.
റമദാൻ മാസം തുടങ്ങിയതിനു ശേഷം കിഴക്കൻ ജറൂസലമിലെ മസ്ജിദുൽ അഖ്‌സയിൽ മൂന്നാം തവണയും ഇസ്രായേൽ സായുധസൈന്യം പ്രവേശിച്ചു. ഇന്നുരാവിലെ ഇസ്രായേലി കുടിയേറ്റക്കാർക്ക് അകമ്പടിയുമായെത്തിയ സായുധസൈന്യം പള്ളിമുറ്റത്തു നിന്ന് മുസ്‌ലിം വിശ്വാസികളെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. സ്‌നൈപ്പറുകൾ അടക്കമുള്ള ആയുധങ്ങളുമായി നിരവധി ഇസ്രായേൽ ഓഫീസർമാരാണ് എത്തിയതെന്നും ഇവർ പള്ളിയുടെയും സമീപമുള്ള കെട്ടിടങ്ങളുടെയും മേൽക്കൂരകളിൽ കയറിയതായും വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ലോകമെങ്ങുമുള്ള മുസ്ലിംകൾ മക്കയിലെ കഅ്ബയ്ക്കും മദീനയിലെ മസ്ജിദുന്നബവിക്കും ശേഷം ഏറ്റവും പവിത്രമായി കാണുന്ന ആരാധനാലയമാണ് മസ്ജിദുൽ അഖ്‌സ. ജൂതന്മാരുടെ പെസഹാ അവധിദിനത്തിന്റെ ഭാഗമായി ഞായറാഴ്ച മുതൽ അഖ്‌സയിൽ കടന്നുകയറുമെന്ന് വലതുപക്ഷ ഇസ്രായേലി സംഘടനകൾ പറഞ്ഞിരുന്നു. ഇതിനകം 500-ലേറെ ജൂത കുടിയേറ്റക്കാർ പള്ളിയിൽ കടന്നുകയറിയതായും ഇവർക്ക് ഇസ്രായേൽ സൈന്യവും പൊലീസും എല്ലാവിധ സഹായങ്ങളും ചെയ്യുന്നതായും അൽ അഖ്‌സയുടെ ഭരണം കൈകാര്യം ചെയ്യുന്ന 'ഇസ്ലാമിക് വഖ്ഫ്' അറിയിച്ചു. ഫലസ്തീനി - ജോർദാനിയൻ സംയുക്ത സംരംഭമാണ് ഇസ്ലാമിക് വഖ്ഫ്.
ഈ വർഷത്തെ റമദാൻ ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് ഇസ്രായേൽ സൈന്യം അഖ്‌സയിൽ പ്രവേശിക്കുകയും വിശ്വാസികൾക്കു നേരെ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നത്. വെള്ളിയാഴ്ചയും ഞായറാഴ്ചയും പള്ളിയങ്കണത്തിൽ കടന്ന സൈന്യം മാരകമായ നാശനഷ്ടങ്ങൾ വിതക്കുകയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികളെ മർദിക്കുകയും ചെയ്തു. വെള്ളിമേൽക്കൂരയുള്ള ഖിബ്‌ലി നമസ്‌കാര ഹാളിൽ ഇസ്രായേലി സൈന്യം കണ്ണീർവാതകം പ്രയോഗിക്കുകയും ഹാളിനകത്തേക്ക് നാല് മണിക്കൂറോളം പ്രവേശനം തടയുകയും ചെയ്തു.
പള്ളിയുടെ വർഷങ്ങൾ പഴക്കമുള്ള ജനാലകൾ സൈന്യം വെടിവെച്ചു തകർക്കുന്നതിന്റെയും വൃദ്ധരടക്കമുള്ള വിശ്വാസികളെ ശാരീരികമായി കൈകാര്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇസ്രായേൽ അതിക്രമത്തിൽ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകാൻ ഫലസ്തീൻ റെഡ്ക്രസന്റ് സൊസൈറ്റി അംഗങ്ങൾ എത്തിയെങ്കിലും ഇവർക്ക് പള്ളി കോമ്പൗണ്ടിലേക്ക് പ്രവേശനം അനുവദിച്ചില്ല. ഇതേത്തുടർന്ന് പരിക്കേറ്റവരെ സ്‌ട്രെച്ചറിലാണ് പുറത്തെത്തിച്ചത്.
അൽ അഖ്‌സയും ക്രിസ്ത്യാനികൾ പവിത്രമായി കാണുന്ന ചർച്ച് ഓഫ് ഹോളി സെപൽച്ചറും ഉൾപ്പെടുന്ന കിഴക്കൻ ജറൂസലം പിടിച്ചെടുക്കുകയും, നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്ലിം, ക്രിസ്ത്യാൻ ആരാധനാലയങ്ങൾ തകർത്ത് അവിടെ ജൂതരുടെ 'മൂന്നാം ക്ഷേത്രം' നിർമിക്കുകയുമാണ് ലക്ഷ്യമെന്ന് നിരവധി വലതുപക്ഷ ഇസ്രായേലി സംഘടനകൾ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16