Quantcast

വെടി നിർത്താമോ? ഈജിപ്തിനോടും ഖത്തറിനോടും മധ്യസ്ഥത തേടി ഇസ്രായേൽ

ഈജിപ്ഷ്യൻ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇസ്രായേൽ പത്രം ഹാരെറ്റ്‌സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്

MediaOne Logo

Web Desk

  • Published:

    12 Dec 2023 7:00 AM GMT

വെടി നിർത്താമോ? ഈജിപ്തിനോടും ഖത്തറിനോടും മധ്യസ്ഥത തേടി ഇസ്രായേൽ
X

തെൽ അവീവ്: ഹമാസുമായുള്ള രണ്ടാം വെടിനിർത്തലിന് ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും മധ്യസ്ഥത തേടി ഇസ്രായേൽ. ഈജിപ്ഷ്യൻ സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രമുഖ ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. ഹമാസിന്‍റെ കൈവശമുള്ള ബന്ദികളെ കൈമാറിയാല്‍ വെടിനിര്‍ത്തലിന് ഒരിക്കല്‍ കൂടി ഒരുക്കമാണെന്നാണ് ഇസ്രായേല്‍ പറയുന്നത്.

'ഹമാസുമായി മറ്റൊരു വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാൻ ഇസ്രായേൽ ഈജിപ്തിന്റെയും ഖത്തറിന്റെയും സഹായം തേടി. സ്‌കൈ ന്യൂസ് അറേബ്യയോട് ഈജിപ്ഷ്യൻ സ്രോതസ്സുകളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹമാസിന്‍റെ പിടിയിലുള്ള ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കണമെന്ന ചട്ടക്കൂടിലാണ് വെടിനിർത്തൽ ആവശ്യപ്പെട്ടത്. ഇതിനായി അമേരിക്കയുടെ സാരഥ്യത്തിൽ ഇസ്രായേലി, ഈജിപ്ഷ്യൻ, ഖത്തരി ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരും' - എന്നാണ് ഹാരെറ്റ്‌സ് റിപ്പോർട്ടു ചെയ്തത്.



ഗസ്സയില്‍ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ഡിസംബർ എട്ടിന് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയം യുഎസ് വീറ്റോ ചെയ്തിരുന്നു. 13 അംഗങ്ങൾ വെടിനിർത്തലിനെ അനുകൂലിച്ചപ്പോൾ യുഎസ് മാത്രമാണ് എതിർത്തത്. യു.കെ വിട്ടുനിന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗം വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെട്ടു. ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ച് സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് ആണ് പ്രമേയം കൊണ്ടുവന്നത്. യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെയാണ് പ്രമേയം എന്നാണ് യുഎസ് പ്രതിനിധി റോബർട്ട് എ വുഡ് പ്രതികരിച്ചത്. യുഎസ് നടപടിക്കെതിരെ ആഗോള തലത്തിൽ വിമർശനം ശക്തമാണ്.

ബന്ദികളെയും തടവുകാരെയും പരസ്പരം മോചിപ്പിക്കാമെന്ന കരാറിൽ നേരത്തെ ഖത്തറിന്റെ മധ്യസ്ഥതയിൽ ആദ്യ വെടിനിർത്തൽ നവംബർ 24ന് പ്രാബല്യത്തിൽ വന്നിരുന്നു. നാലു ദിവസത്തേക്കായിരുന്നു വെടിനിർത്തൽ. ഇരുകൂട്ടരും ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു.

അതിനിടെ, ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 18205 ആയി ഉയർന്നു. 49,645 പേർക്ക് പരിക്കേറ്റു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 278 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റവർ 3,365. ഇസ്രായേൽ ഭാഗത്തു നിന്ന് 1147 പേരാണ് കൊല്ലപ്പെട്ടത്. 8730 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേർക്ക് അംഗഭംഗം സംഭവിച്ചതായി ഇസ്രായേൽ പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

Summary: Israel asks Egypt, Qatar to mediate another cease-fire with Hamas

TAGS :

Next Story