Quantcast

ഹമാസിനുമേൽ സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുദ്ധത്തിന്റെ ഗതിമാറ്റമെന്ന് നെതന്യാഹു; മരണസംഖ്യ എണ്ണായിരത്തിലേക്ക്

ശത്രുവിനെതിരെ അചഞ്ചല പോരാട്ടം തുടരുമെന്നും സയണിസ്റ്റ് രാഷ്ട്രം പരാജയത്തിലേക്കാണ് നീങ്ങുന്നതെന്നും ഹമാസ് നേതൃത്വം പ്രതികരിച്ചു.

MediaOne Logo

Web Desk

  • Published:

    29 Oct 2023 12:58 AM GMT

israel attack continues in gazza
X

ഗസ്സ: ഹമാസിനു മേൽ കൂടുതൽ സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുദ്ധത്തിന്റെ പുതിയ ഗതിമാറ്റമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. കരയുദ്ധം ഏറെ സങ്കീർണവും ദീർഘകാലം നീണ്ടുനിൽക്കുന്നതാണെന്നും നെതന്യാഹു. ഇസ്രായേൽ ക്രൂരത തുടരുമ്പോൾ ഗസ്സയിൽ മരണസംഖ്യ എണ്ണായിരത്തിലേക്ക് അടുക്കുകയാണ്. ഗസ്സ കുരുതിക്കെതിരെ ലോകത്തുടനീളം വൻ പ്രതിഷേധം അലയടിക്കവെ, തുർക്കിയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി.

സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയും കമ്യൂണിക്കേഷൻ സംവിധാനം തകർത്തും ഗസ്സക്കുമേൽ ആക്രമണം കടുപ്പിച്ച ഇസ്രായേൽ നിരപരാധികളുടെ കുരുതി തുടരുകയാണ്. ഇന്നലെ രാത്രിയും വ്യാപക ആക്രമണങ്ങൾ അരങ്ങേറി. നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. മരണസംഖ്യ എണ്ണായിരം കടന്നതായാണ് റിപ്പോർട്ട്. ഇതിൽ നല്ലൊരു പങ്കും സ്ത്രീകളും കുട്ടികളുമാണ്. സൈനികാക്രമണങ്ങളിലൂടെ ഹമാസിനുമേൽ പരമാവധി സമ്മർദം ചെലുത്തുകയെന്ന യുദ്ധതന്ത്രം വിജയിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പ്രതികരിച്ചു. അതേസമയം ഗസ്സ പിടിക്കുക ഏറെ ദുഷ്‌കരമായ വെല്ലുവിളിയാണെന്ന് ഇരുവരും സമ്മതിച്ചു.

ശത്രുവിനെതിരെ അചഞ്ചല പോരാട്ടം തുടരുമെന്നും സയണിസ്റ്റ് രാഷ്ട്രം പരാജയത്തിലേക്കാണ് നീങ്ങുന്നതെന്നും ഹമാസ് നേതൃത്വം പ്രതികരിച്ചു. ഗസ്സ കുരുതി തുടർന്നാൽ മേഖലയിലെ രാജ്യങ്ങൾക്ക് വെറും കാഴ്ചക്കാരായി മാറിനിൽക്കാൻ കഴിയില്ലെന്ന് ഇറാനും തുർക്കിയും മുന്നറിയിപ്പ് നൽകി. ഇസ്രായേലിന് വിശാല പിന്തുണ നൽകി മറ്റാരും യുദ്ധത്തിൽ ഇടപെടരുതെന്ന അമേരിക്കൻ വാദം അംഗീകരിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ബന്ധം വഷളായതോടെ തുർക്കി നയതന്ത്രപ്രതിനിധികളോട് രാജ്യം വിടാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ബന്ദികളുടെ മോചനനീക്കം ഉൾപ്പെടെ മധ്യസ്ഥചർച്ചകൾ തുടരുന്നതായി ഖത്തർ നേതൃത്വം. ഇസ്രായേൽ പ്രദേശങ്ങളിലേക്ക് ലബനാനിൽ നിന്ന് ഹിസ്ബുല്ല മിസൈൽ, ഷെല്ലാക്രമണം തുടരുകയാണ്. ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ശക്തമായിതിരിച്ചടിച്ചതായി ഇസ്രായേൽ സൈന്യം. ബന്ദികളാക്കിയ തങ്ങളുടെ എട്ട് പൗരൻമാരെ വിട്ടയക്കണമെന്ന് റഷ്യ ഹമാസിനോട് ആവശ്യപ്പെട്ടു.

TAGS :

Next Story