ലക്ഷ്യം നേടുംവരെ ആക്രമണത്തിൽനിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു; ആക്രമണം നിർത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന് ഹമാസ്
ഓഫീസർമാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേൽ സ്ഥിരീകരിച്ചു
ഗസ്സ സിറ്റി/ദുബൈ: ഗസ്സയുടെ വടക്കൻ, തെക്കൻ ഭാഗങ്ങളിൽ കൂടുതൽ രൂക്ഷമായ ആക്രമണം തുടരുമെന്ന് ഇസ്രായേൽ. ലക്ഷ്യം നേടുംവരെ ആക്രമണത്തിൽ നിന്ന് പിറകോട്ടില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്‍റ് ജോ ബൈഡനെ അറിയിച്ചിരിക്കുകയാണ്. ആക്രമണം നിർത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന് ഹമാസ് ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
അഞ്ച് സൈനികരെ ഹമാസ് വധിച്ചതായാണ് ഇസ്രായേൽ കഴിഞ്ഞ ദിവസം അറിയിച്ചത്. അതേസമയം, ഇന്നലെ മാത്രം ഇരുനൂറിലേറെ പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ആക്രമണം ശക്തമായിരിക്കെ ഗസ്സയിൽ സഹായവിതരണം അസാധ്യമായിരിക്കുകയാണെന്ന് യു.എൻ ഏജൻസികൾ വ്യക്തമാക്കുന്നു.
ഗസ്സയിലെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം രൂക്ഷമായിരിക്കുകയാണ്. വടക്കൻ-തെക്കൻ ഗസ്സകളിൽ ആക്രമണം കൂടുതൽ കടുപ്പിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയത്. ഹമാസിന്‍റെ ശക്തികേന്ദ്രങ്ങളിൽ കനത്ത പോരാട്ടമാണ് നടക്കുന്നതെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. തുരങ്കങ്ങള്‍ മറയാക്കി ഹമാസ് പോരാളികളുടെ ഒളിയാക്രമണം ഭീഷണി ഉയർത്തുന്നതായി സൈന്യം പറയുന്നു.
ഓഫീസർമാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഗസ്സയിൽ ലക്ഷ്യം നേടും വരെ പോരാടുമെന്ന് ബൈഡനെ ഫോണിൽ വിളിച്ചാണ് നെതന്യാഹു അറിയിച്ചത്. എന്നാൽ ലബനാനിൽ പുതിയ യുദ്ധമുഖം തുറക്കുന്നത് മേഖലാ യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ബൈഡൻ നെതന്യാഹുവിനു മുന്നറിയിപ്പ് നല്‍കിയതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണം കനത്തതോടെ ഗസ്സയിൽ ജീവിതം കൂടുതൽ ദുസ്സഹമായിരിക്കുകയാണ്. നുസൈറത്ത്, അൽ ബുറൈജ് അഭയാർഥി ക്യാമ്പുകൾ, റഫ, ഖാൻ യൂനിസ് നഗരങ്ങൾ എന്നിവിടങ്ങളിൽ കടന്നുകയറാൻ കൊടും ക്രൂരതകളാണ് സൈന്യം തുടരുന്നത്. ഇന്നലെ 201 പേർ കൊല്ലപ്പെടുകയും 368 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം. യു.എൻ പ്രമേയം പാസാക്കിയെങ്കിലും ജനങ്ങൾക്ക് സഹായം എത്തിക്കാൻ ആക്രമണം കാരണം സാധിക്കുന്നില്ലെന്ന് വിവിധ സന്നദ്ധ സംഘടനകൾ പറയുന്നു.
കൊടിയ ആക്രമണം നടത്തിയിട്ടും ഗസ്സയിൽ ഇസ്രായേൽ പരാജയപ്പെടുകയാണെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. ബന്ദികളുടെ ജീവൻ പോലും അപകടത്തിലാണെന്ന് ഹമാസ് വെളിപ്പെടുത്തി. അഞ്ച് ഇസ്രായേൽ ബന്ദികളെ കുറിച്ച് വിവരമില്ലെന്നും ഇവർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും അൽഖസ്സാം ബ്രിഗേഡ് പറയുന്നു.
അതേസമയം, ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം ഇറാന്‍ തള്ളി. ഗസ്സയിൽ ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേലിനൊപ്പം ചേർന്ന് യുദ്ധം ചെയ്യുന്ന അമേരിക്ക, സംഘർഷം വ്യാപിപ്പിക്കരുതെന്ന് മറ്റുള്ളവരോട് ആവശ്യപ്പെടുന്നത് തികഞ്ഞ ഇരട്ടത്താപ്പാണെിന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇറാനുമായി ചർച്ച നടത്തിയല്ല ഹൂതികൾ ഉൾപ്പെടെയുള്ളവർ നിലപാട് സ്വീകരിക്കുന്നത്. ചെങ്കടലിൽ അമേരിക്ക രൂപീകരിച്ച സുരക്ഷാസേന തന്ത്രപരമായ അബദ്ധമായിരിക്കുകയാണെന്നും ഇറാൻ കുറ്റപ്പെടുത്തി.
ലബനാൻ, ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിലും ആക്രമണം വ്യാപകമാണ്. ഹിസ്ബുല്ല ആക്രമണത്തിൽ ഇന്നലെ ഒരു സൈനികൻ കൊല്ലപ്പെട്ടതായും രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്രായേൽ സമ്മതിച്ചു.
Summary: Benjamin Netanyahu has declared that he will not back down from the Gaza attack until the goal is achieved; Hamas has also made it clear that there will be no hostage release talks without an end to the attacks
Adjust Story Font
16