Quantcast

ലബനാനിൽ യുഎൻ സമാധാന സേനാംഗങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം; മേഖലയിലുള്ളത് 900 ഇന്ത്യൻ സൈനികർ

തെക്കൻ ലബനാനിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷയിൽ ഇന്ത്യ ആശങ്ക അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-10-11 16:53:48.0

Published:

11 Oct 2024 4:37 PM GMT

Israel Attacked UN peacekeeping Force in southern Lebanon town 900 Indian troops there
X

തെക്കൻ ലെബനാനിലെ യുഎൻ സമാധാന സേനാംഗങ്ങൾക്കു നേരെ ഇസ്രായേൽ ആക്രമണം. തെക്കൻ ലെബനാനിലെ യുഎൻ സമാധാന സേനാ ആസ്ഥാനത്തെ ഇറ്റാലിയൻ ബറ്റാലിയനു നേരെയാണ് വെള്ളിയാഴ്ച ഇസ്രായേൽ‍ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) ആക്രമണം നടത്തിയത്. വ്യാഴാഴ്ച സമാധാന സേനാം​ഗങ്ങൾ ഉപയോ​ഗിക്കുന്ന വാച്ച് ടവറിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് ഇന്തോനേഷ്യൻ സേനാംഗങ്ങൾക്ക് പരിക്കേറ്റിരുന്നു.

ആക്രമണത്തിൽ ഇസ്രായേലിനെതിരെ പ്രതിഷേധം ശക്തമാണ്. യുഎൻ സമാധാന സേനാംഗങ്ങൾക്കെതിരായ ആക്രമണത്തിൽ ഇസ്രായേൽ പ്രതിനിധിയെ ഫ്രാൻസ് വിളിച്ചുവരുത്തി. തങ്ങളുടെ ആസ്ഥാനത്ത് ഇസ്രയേൽ നടത്തിയ വെടിവയ്പ്പിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതായി ലബനാനിലെ യുഎൻ സമാധാന സേനാംഗങ്ങൾ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇസ്രായേൽ അംബാസഡറെ വിളിപ്പിച്ചതെന്ന് ഫ്രാൻസ് പറയുന്നു.

'ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിൻ്റെ ഗുരുതരമായ ലംഘനമാണ്. ഇത് ഉടൻ അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ ഇസ്രായേൽ അധികാരികൾ വിശദീകരണം നൽകണം. അതിനാണ് ഫ്രാൻസ് ഇവിടുത്തെ ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തിയത്'- ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇസ്രായേൽ പ്രതിരോധ സേനയുടെ ആക്രമണത്തിൽ ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയായ യുനിഫിലും ആശങ്ക പ്രകടിപ്പിച്ചു. തെക്കൻ ലബനാനിലെ നഖൂറയിലെ തങ്ങളുടെ ആസ്ഥാനത്ത് 48 മണിക്കൂറിനുള്ളിൽ രണ്ട് തവണ ഇസ്രായേൽ ആക്രമണം നടത്തിയതായി യുനിഫിൽ പ്രസ്താവനയിൽ പറഞ്ഞു. ഒരു ഇസ്രയേലി സൈനിക ബുൾഡോസർ തട്ടി യുഎൻ കേന്ദ്രത്തിൻ്റെ മതിലുകൾ തകർന്നു. എന്നാൽ യുഎൻ സമാധാന സേനാംഗങ്ങൾ പ്രദേശത്ത് തുടരുകയും കൂടുതൽ അം​ഗങ്ങളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സമാധാന സേനാംഗങ്ങൾക്കെതിരായ ബോധപൂർവമായ ഏത് ആക്രമണവും അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെയും സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റേയും ഗുരുതരമായ ലംഘനമാണെന്നും യുനിഫിൽ വിശദമാക്കി.

ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചു. തെക്കൻ ലബനാനിൽ ഹിസ്ബുല്ലയ്ക്കെതിരായ ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണത്തിനിടെ രണ്ട് യുഎൻ സമാധാന സേനാംഗങ്ങൾക്ക് അബദ്ധത്തിൽ പരിക്കേറ്റതായി അറിയിപ്പ് ലഭിച്ചെന്നാണ് സൈന്യത്തിന്റെ പ്രസ്താവന. ഇത്തരം സംഭവങ്ങളിൽ ഇസ്രായേൽ സൈന്യം അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. വിശദാംശങ്ങൾ പരിശോധിക്കാൻ കമാൻഡിൻ്റെ ഉന്നത തലങ്ങളിൽ സമഗ്ര അവലോകനം നടത്തുന്നുണ്ടെന്നും സൈന്യം അവകാശപ്പെട്ടു.

അതേസമയം, തെക്കൻ ലബനാനിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷയിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ഇസ്രായേൽ സേനയുടെ വെടിവയ്പ്പിനു പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇസ്രായേൽ- ലബനാൻ അതിർത്തിയിലെ ബ്ലൂ ലൈനിൽ സുരക്ഷാ സ്ഥിതി മോശമാകുന്നതിൽ ആശങ്കയുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യുഎൻ കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ എല്ലാവരും ബഹുമാനിക്കണം. യുഎൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രാലയം നിർദേശിച്ചു.

ഇസ്രായേലിന്റെ ആക്രമണം നടന്ന ലബനാൻ മേഖലയിൽ ഇന്ത്യയുടെ 900ലേറെ സൈനികരാണ് യുഎൻ സമാധാന സേനാം​ഗങ്ങളായി സേവനമനുഷ്ഠിക്കുന്നത്. ലബനാനിലെ യുഎൻ സമാധാന ദൗത്യത്തിൻ്റെ ഭാഗമായ ഇവർ ഇസ്രായേൽ- ലബനാൻ അതിർത്തിയിലെ 120 കിലോമീറ്റർ ബ്ലൂ ലൈനിൽ തങ്ങളുടെ സേവനം തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇസ്രായേൽ ആക്രമണങ്ങൾക്കിടയിലും യുനിഫിലിന്റെ ഭാഗമായ ഇന്ത്യൻ സൈനികർ സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അസം റെജിമെൻ്റിൽ നിന്നുള്ളവരാണ് ഈ സൈനികർ. എഞ്ചിനീയർമാരും ആർമി മെഡിക്കൽ കോർപ്‌സും മറ്റ് സേനകളും സംഘത്തിൽ ഉൾപ്പെടുന്നു. മേഖലയിലെ സ്ഥിതിഗതികൾ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എന്നാൽ, ഇവരുടെ മടങ്ങിവരവ് സംബന്ധിച്ച തീരുമാനം ഐക്യരാഷ്ട്രസഭയാണ് എടുക്കേണ്ടത്. നേരത്തെ, ഗോലാൻ കുന്നിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികനെ ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു.

ഗോലാൻ കുന്നിൽ യുഎൻ സമാധാന ദൗത്യത്തിനായി നിയോ​ഗിക്കപ്പെട്ട ഇന്ത്യൻ സൈനികനാണ് ​ഗുരുതരമായി പരിക്കേറ്റത്. യുഎൻ ഡിസ്എൻഗേജ്‌മെൻ്റ് ഒബ്‌സർവർ ഫോഴ്‌സിന് കീഴിൽ സേവനമനുഷ്ഠിച്ച 33കാരനായ ഹവിൽദാർ സുരേഷിനാണ് പരിക്കേറ്റത്. സെപ്റ്റംബർ 26നാണ് ഇദ്ദേഹത്തെ സൈനിക നേതൃത്വം തിരികെ ഇന്ത്യയിലെത്തിച്ചത്. ലഫ്. കേണൽ അനുജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരേഷിനെ എയർ ആംബുലൻസിൽ ഇന്ത്യയിലെത്തിച്ചത്.

ലബനാനിലെ ഇസ്രായേലിൻ്റെ കരയാക്രമണത്തുടർന്ന് ഏറെ അപകടാവസ്ഥ നിലനിൽക്കുന്ന പ്രദേശമാണ് ബ്ലൂ ലൈൻ. സുരക്ഷയ്ക്കായി ബങ്കറുകൾക്കുള്ളിൽ തുടരാൻ സമാധാന സേനയോട് യുഎൻ നിർദേശിച്ചിട്ടുണ്ട്. ലബനാനിലെ ഹിസ്ബുല്ലയ്ക്കെതിരായ ആക്രമണമെന്ന പേരിൽ ഇസ്രായേൽ നടത്തിവരുന്ന ആക്രമണത്തിൽ നേരത്തെ നഖൂറയിലെ യുനിഫിൽ ആസ്ഥാനത്തിനും സമീപസ്ഥാനങ്ങൾക്കും കേടുപാട് സംഭവിച്ചിരുന്നു.

ഇസ്രായേൽ സേന യുഎൻ കേന്ദ്രങ്ങൾക്ക് നേരെ ബോധപൂർവം ആക്രമണം നടത്തുകയും നിരീക്ഷണ ക്യാമറകൾ തകർക്കുകയും ചെയ്തതായി യുഎൻ അറിയിച്ചു. യുഎൻ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത എല്ലാ രാജ്യങ്ങൾക്കുമുണ്ടെന്ന് യുഎൻ ഓർമിപ്പിച്ചു. ലബനാനിൽ ഇസ്രായേൽ നടത്തിവരുന്ന ആക്രമണത്തിൽ 24 മണിക്കൂറിനിടെ 28 പേർ കൊല്ലപ്പെടുകയും 113 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.



TAGS :

Next Story