ലെബനാനിൽ യുഎൻ സംഘത്തിന് നേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം
ഇസ്രായേൽ എത്ര സമ്മർദം ചെലുത്തിയാലും ലെബനാൻ വിട്ടുപോവില്ലെന്ന് യുഎൻ സേന
ബെയ്‌റൂത്ത്: തെക്കൻ ലെബനാനിൽ ഇസ്രയേൽ യുഎൻ കേന്ദ്രങ്ങൾ തിരഞ്ഞ് പിടിച്ച് മനഃപൂർവം ആക്രമിക്കുന്നെന്ന് ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയായ യൂണിഫിൽ. മനഃപൂർവം യൂണിഫിലിന്റെ സ്വത്തുക്കൾക്ക് മേലുള്ള ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ കൊടിയ ലംഘനമാണെന്നും യുണിഫിൽ ചൂണ്ടിക്കാട്ടി.
തെക്കൻ ലെബനാനിലെ ഇസ്രായേൽ അതിർത്തിയായ ബ്ലൂ ലൈനിൽ (നീല രേഖ) യുദ്ധം നിരീക്ഷിക്കാനായി യുഎൻ സ്ഥാപിച്ച ഇടക്കാല സേനയാണ് യൂണിഫിൽ. പതിനായിരം സൈനികരാണ് സേനയിലുള്ളത്.
സെപ്തംബറിൽ ബ്ലൂലൈനിൽ ഇസ്രായേൽ ഹിസ്ബുല്ലയുമായി കരയുദ്ധം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ യൂണിഫിലിന്റെ കേന്ദ്രങ്ങളെയും സേനാംഗങ്ങളെയും വാച്ച് ടവറുകളെയും ആക്രമിക്കുകയാണ് ഇസ്രായേൽ സൈന്യം.
എന്നാൽ ഹിസ്ബുല്ല പോരാളികൾക്ക് യൂണിഫിൽ പ്രതിരോധമൊരുക്കുകയാണെന്നും മനഃപൂർവം ആക്രമണം നടത്തിയിട്ടില്ലെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം. തങ്ങളുടെ യുദ്ധം ഹിസ്ബുല്ലയുമായിട്ടാണ് യുഎൻ സേനാംഗങ്ങൾ എത്രയും പെട്ടെന്ന് അതിർത്തിയിൽ നിന്ന് മാറണമെന്നുമാണ് ഇസ്രായേൽ ആവശ്യമുന്നയിക്കുന്നത്. എന്നാൽ ഇത് യൂണിഫിൽ അംഗീകരിച്ചിട്ടില്ല.
വ്യാഴാഴ്ച ഇസ്രായേൽ സേന തെക്കൻ ലെബനാനിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് യൂണിഫിലിന്റെ കോൺക്രീറ്റ് മതിലും വേലികളും നശിപ്പിച്ചിരുന്നു. ബ്ലൂലൈനെ സൂചിപ്പിക്കുന്ന ബാരലുകൾ ഇസ്രായേൽ സേന ഏടുത്തുമാറ്റുന്നതും യൂണിഫിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യൂണിഫിലിന്റെ സ്വത്ത് ബോധപൂർവം നശിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റയും 1,701ാം പ്രമേയത്തിന്റെയും ലംഘനമാണെന്ന്, മുൻപ് തെക്കൻ ലെബനാനിൽ ശത്രുത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎൻ പ്രേമേയത്തെ അനുബന്ധിച്ച് യൂണിഫിൽ പറഞ്ഞു.
സമാനമായ എട്ട് സംഭവങ്ങളിൽ യൂണിഫിൽ സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇത് യുദ്ധത്തിന്റെ ക്രോസ്ഫയറിൽ പെട്ടുപോയതല്ല മറിച്ച് ഇസ്രായേൽ മനഃപൂർവം സേനാംഗങ്ങളെ തെരഞ്ഞുപിടിച്ച് കൊന്നതാണെന്നും യൂണിഫിൽ പറഞ്ഞു.
ഇസ്രായേൽ എത്ര സമ്മർദം ചെലുത്തിയാലും പ്രദേശം വിട്ടുപോവില്ലെന്നാണ് യുഎൻ സേനയുടെ നിലപാട്.
വെള്ളിയാഴ്ച തെക്കൻ ലെബനാനിലെ ഒരു ചെക്ക് പോസ്റ്റിൽ ബസ് യാത്ര നടത്തിയിരുന്ന മലേഷ്യയിൽ നിന്നുള്ള ആറ് യുഎൻ സമാധാന സേനാംഗങ്ങൾക്ക് ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സമീപത്തെ കാറിലുണ്ടായിരുന്ന മൂന്ന് ലെബനീസ് പൗരന്മാർ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇതേ ദിവസം രാത്രി ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചതിന് ശേഷം ബെയ്‌റൂത്തിലെ ചില പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയെന്നും നിരീക്ഷണമുണ്ട്.
ജനം കൂട്ടത്തോടെ തിങ്ങിപ്പാർത്തിരുന്ന പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും സിറിയയിലേക്കും വടക്കൻ ലെബനാനിലേക്കും കുടിയേറിക്കഴിഞ്ഞു.
ഹിസ്ബുല്ല യൂണിഫിൽ ചെക്ക്‌പോസ്റ്റിന് 200 മീറ്റർ അടുത്തായി ഒരു ആയുധ പരിശീലന കേന്ദ്രം നടത്തുന്നുണ്ടെന്നും ഇസ്രായേലിന് നേരെ പ്രയോഗിക്കാൻ തയ്യാറാക്കിയ മിസൈൽ ലോഞ്ചറുകൾ ഉള്ളതിനാലാണ് പ്രദേശത്ത് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രായേലിന്റെ വാദം.
എന്നാൽ ഇത്തരത്തിലൊരു പരിശീലനകേന്ദ്രം പ്രവർത്തിക്കുന്നതിനേക്കുറിച്ച് ഒരു വിവരവും ഇസ്രായേൽ കൈമാറിയിരുന്നില്ലെന്ന് യൂണിഫിൽ വ്യക്തമാക്കി.
വടക്കൻ ഇസ്രായേൽ ആക്രമിക്കുന്നതിനായി ഒരു ദശാബ്ദത്തിലേറെയായി ഹിസ്ബുല്ല അതിർത്തിയിൽ തുരങ്കങ്ങളും രഹസ്യ താവളങ്ങളും സ്ഥാപിച്ചിരുന്നെന്ന് ആരോപിച്ച ഇസ്രായേൽ ഇവ നിർമിച്ചപ്പോൾ യൂണിഫിൽ കണ്ണടക്കുകയായിരുന്നെന്നും ആരോപിച്ചു.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ മാതൃകയിൽ ആക്രമണം നടത്താനായിരുന്നു ഹിസ്ബുല്ല തുരങ്കങ്ങൾ നിർമിച്ചതെന്നും ഇസ്രായേൽ ആരോപണമുന്നയിച്ചു.
എന്നാൽ തങ്ങൾ ദിനംപ്രതി പ്രദേശം നിരീക്ഷിക്കാറുണ്ടെന്നും സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ യുഎൻ സെക്യൂരിറ്റി കൗൺസിലിനെ അറിയിക്കാറുണ്ടെന്നും യൂണിഫിൽ പറഞ്ഞു.
ഹിസ്ബുല്ലയടക്കം ഒരു സായുധസേനയേയും നിരായുധരാക്കാൻ തങ്ങൾക്ക് യുഎന്നിൽ നിന്നും ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് യൂണിഫിൽ വ്യക്തമാക്കി.
ലെബനാനിൽ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി തെക്കൻ ലെബനാനിലെ 26 അതിർത്തി പട്ടണങ്ങളിലെ ആളുകളോട് അടിയന്തരമായി ഒഴിയാൻ ഇസ്രായേൽ സൈന്യം ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.
അതേസമയം ലെബനാനെതിരെ വലിയ ആക്രമണമാണ് ഇസ്രായേൽ പദ്ധതിയിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടെന്ന വ്യാജേന ഇസ്രായേൽ ലെബനാനിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതയിൽ ഇതിനോടകം ആയിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. രണ്ട് ലക്ഷത്തിലധികം സിവിലിയന്മാർ ലെബനാനിൽ നിന്നും പലായനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16