'മധുരവിതരണം പാടില്ല, കുടുംബസംഗമം വേണ്ട'; മോചിതരാകുന്ന ഫലസ്തീനികളുടെ ആഘോഷങ്ങള്‍ വിലക്കി ഇസ്രായേൽ
ഉത്തരവ് ലംഘിച്ചാൽ 15.61 ലക്ഷം രൂപ പിഴ ചുമത്തുമെന്നാണു ഭീഷണി
ഗസ്സ സിറ്റി: ബന്ദികൈമാറ്റത്തിന്റെ ഭാഗമായി മോചിതരാകുന്ന ഫലസ്തീനികൾക്കു കർശന നിർദേശങ്ങളുമായി ഇസ്രായേൽ. മോചനത്തിന്റെ സന്തോഷത്തിൽ മധുരവിതരണം നടത്തുന്നതും ആഘോഷം നടത്തുന്നതും വിലക്കിക്കൊണ്ടാണ് ഫലസ്തീൻ തടവുകാർക്ക് ഇസ്രായേൽ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഫലസ്തീൻ തടവുകാരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഫലസ്തീൻ പ്രിസണർ ക്ലബ് ആണ് വാർത്ത പുറത്തുവിട്ടത്.
അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ ഫലസ്തീൻ തടവുകാർക്കാണ് ഇസ്രായേൽ നിർദേശം. മാധ്യമങ്ങളോട് സംസാരിക്കരുത്, കുടുംബസംഗമം നടത്തരുത്, ഒരു തരത്തിലുള്ള ആഘോഷവും നടത്തരുത് തുടങ്ങിയ ഉത്തരവുകളുമുണ്ട്. ഇത് ലംഘിച്ചാൽ 70,000 ഇസ്രായേൽ ഷെകെൽസ്(ഏകദേശം 15.61 ലക്ഷം രൂപ) പിഴ ചുമത്തും.
ജറൂസലമിൽ ജയിൽമോചനം ആഘോഷിച്ചാൽ കടുത്ത നടപടികളുണ്ടാകുമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമാർ ബെൻ വിർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അത്തരം നീക്കങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടാനാണ് ഇസ്രായേൽ പൊലീസിനു മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. മോചിതരാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നവരുടെ വീടുകളുടെ പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കാനും നിർദേശമുണ്ട്.
ജറൂസലമിലെ മോചിതരാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഫലസ്തീനി വീടുകളിലെല്ലാം പൊലീസ് സംഘം വളഞ്ഞിട്ടുണ്ട്. വീടുകളിലേക്ക് അതിക്രമിച്ചുകയറി കുടുംബാംഗങ്ങളെ പുറത്തിറക്കിയതായി അൽജസീറ മാധ്യമപ്രവർത്തക ദിമ ഖാത്തിബ് റിപ്പോർട്ട് ചെയ്യുന്നു. വീടുകൾക്കു പുറത്ത് നിറയെ പൊലീസ് വാഹനങ്ങളാണ്. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ വരെ ഇസ്രായേൽ പൊലീസ് വെറുതെവിടുന്നില്ലെന്നാണ് ദിമ പറയുന്നത്.
Summary: Israel authorities put restrictions to prisoners and their families including ban on distributing candy as part of family celebrations.
Adjust Story Font
16