Quantcast

ഖബർസ്ഥാനുനേരെയും ബോംബിട്ട് ഇസ്രായേല്‍ ക്രൂരത; ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എസ്

ഗസ്സയിലേക്ക് സഹായവുമായി എത്തിയ വാഹനത്തിനുമേൽ ഇന്നലെയും ഇസ്രായേൽ ബോംബിട്ടു

MediaOne Logo

Web Desk

  • Updated:

    2024-03-05 03:59:22.0

Published:

5 March 2024 2:40 AM GMT

Israel bombs cemetery containing hundreds of martyrs in Gaza as the US calls for immediate ceasefire, Israel attack on Gaza
X

ഇസ്രായേല്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന ഖാന്‍ യൂനിസിലെ ഖബര്‍സ്ഥാന്‍

ഗസ്സ സിറ്റി/ദുബൈ: ഗസ്സയിൽ ഇസ്രായേലിന്‍റെ ആക്രമണം 150 നാളുകൾ പിന്നിടുമ്പോള്‍ അടിയന്തര താൽക്കാലിക വെടിനിർത്തൽ അനിവാര്യമെന്ന് വ്യക്തമാക്കി​ അമേരിക്ക. ഗസ്സയിൽ സഹായം എത്തിക്കാൻ വിവിധ രാജ്യങ്ങളുമായി ചേർന്നുള്ള ഏകോപനത്തിന്​ മുന്നിട്ടിറങ്ങുമെന്നും വൈറ്റ്​ ഹൗസ്​ അറിയിച്ചിട്ടുണ്ട്. അതിനിടെ, ഗസ്സയില്‍ രക്തസാക്ഷികളെ അടക്കിയ ഖബർസ്ഥാനുനേരെയും ഇസ്രായേല്‍ ബോംബിട്ടതായി റിപ്പോര്‍ട്ടുണ്ട്. കെയ്റോയിലേക്ക്​ ചർച്ചയ്ക്കായി സംഘത്തെ അയക്കേണ്ടതില്ലെന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ്​ ഇസ്രായേൽ.

ഉപാധികൾക്ക്​ വിധേയമായുള്ള വെടിനിർത്തലിന്​ ഒരുക്കമാണെന്ന്​ ഹമാസ്​ വ്യക്തമാക്കിയിട്ടുണ്ട്. അറസ്​റ്റിലായ ഏതാനും ഫലസ്​തീൻ സ്​ത്രീകൾക്കുനേരെ ഇസ്രായേല്‍സേന ലൈംഗികാതിക്രമം നടത്തിയതായി വിവരം ലഭിച്ചതായി​ യു.എൻ സംഘം വെളിപ്പെടുത്തിയിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ മൂന്ന്​ ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി ലബനാൻ അധികൃതരും അറിയിച്ചു.

150 നാൾ നീണ്ട യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,500 കടന്നിരിക്കെ, ഗസ്സയിലെ സ്​ഥിതിഗതികൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. പട്ടിണിമൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ്​ യു.എൻ മുന്നറിയിപ്പ്. വടക്കൻ ഗസ്സയിലേക്ക്​ ഭക്ഷണ സഹായം ഉറപ്പാക്കാൻ ഇസ്രായേൽ വിസമ്മതിക്കെ, ഏഴു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ അതിജീവനം അസാധ്യമായി മാറുമെന്നും റിപ്പോര്‍ട്ടുണ്ട്​.

താൽക്കാലിക വെടിനിർത്തൽ ഒട്ടും വൈകരുതെന്നാണ് യു.എസ് വൈസ്​ പ്രസിഡന്‍റ്​ കമലാ ഹാരിസ്​ ആവശ്യപ്പെട്ടത്. കടൽമാർഗം ഗസ്സയിലേക്ക്​ കൂടുതൽ സഹായം ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്ന്​ പദ്ധതിക്ക്​ രൂപംനൽകുമെന്നും അമേരിക്ക അറിയിച്ചു. ഇസ്രായേൽ മന്ത്രി ഗാൻറ്​സുമായി നാളെ യു.എസ്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ ജെയ്​ക്​ സള്ളിവൻ നടത്തുന്ന ചർച്ചയിൽ ഗസ്സക്കുള്ള സഹായം പ്രധാന അജണ്ടയാകുമെന്ന്​ വൈറ്റ്​ ഹൗസ്​ വക്​താവ്​ അറിയിച്ചു. ഇസ്രായേലിനുള്ള സൈനിക സഹായവും ചർച്ചയാകും. ​

ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലും ബന്ദികളെ മോചിപ്പിക്കുന്നതും അടക്കമുള്ള വിഷയങ്ങളിൽ കെയ്റോയിൽ നടക്കുന്ന ചർച്ചയിലേക്ക് പ്രതിനിധി സംഘത്തെ അയക്കേണ്ടതില്ലെന്ന നിലപാടിൽ ഇസ്രായേൽ ഉറച്ചുനിൽക്കുകയാണ്​. ബന്ദികളുടെ വിശദമായ പട്ടിക, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും കുറിച്ചുള്ള വിവരങ്ങൾ, ബന്ദികളെ കൈമാറുന്നതിന് പകരമായി ഇസ്രായേൽ ജയിലിൽനിന്ന് വിട്ടയക്കേണ്ട ഫലസ്തീനികളുടെ എണ്ണം എന്നീ കാര്യങ്ങളിൽ ഹമാസ്​ നയം വ്യക്​തമാക്കണമെന്നാണ്​ ഇസ്രായേൽ ആവശ്യം. എന്നാൽ, വെടിനിർത്തൽ പ്രാബല്യത്തിൽ വരാതെ ബന്ദികളെ കുറിച്ചു പൂർണ വിവരങ്ങൾ അറിയുക എളുപ്പമല്ലെന്ന്​ ഹമാസ്​ നേതൃത്വം വ്യക്​തമാക്കി. ആറാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വെടിനിർത്തൽ ഇസ്രായേൽ ഭരണകൂടം അംഗീകരിച്ചുവെന്നാണ്​ അമേരിക്ക സൂചിപ്പിക്കുന്നത്​.

അതിനി​ടെ, ഗസ്സയിൽ 24 മണിക്കൂറിനിടെ 124 പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി. ആകെ മരണം 30,534 ആയി. 71,920 പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ സ്ത്രീകളും കുട്ടികളും മുൻ തടവുകാരും ഉൾപ്പെടെ 55 പേരെക്കൂടി ഇസ്രായേൽ സേന പിടിച്ചു​കൊണ്ടുപോയി. ഗസ്സയിലേക്ക് സഹായവുമായി എത്തിയ വാഹനത്തിനുമേൽ ഇന്നലെയും ഇസ്രായേൽ ബോംബിട്ടു. ഒരു കുട്ടികൂടി വിശന്നു മരിച്ചതോടെ ഒരാഴ്ചയ്ക്കിടെ മരിക്കുന്ന കുട്ടികളുടെ എണ്ണം 16 ആയി. ഗസ്സയിൽ പകർച്ചവ്യാധിയും പടരുകയാണ്.​

ഗസ്സയിൽ കൊലപ്പെടുത്തിയവരെ കൂട്ടത്തോടെ ഖബറടക്കിയ താൽക്കാലിക ഖബർസ്ഥാനുനേരെയും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഖാന്‍ യൂനിസിലെ നാസിര്‍ ആശുപത്രിക്കു സമീപത്തുള്ള ഖബര്‍സ്ഥാനിലാണു സംഭവം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഖബറുകൾ തകർന്ന് മൃതദേഹങ്ങൾ പരിസരങ്ങളിൽ ചിന്നിച്ചിതറി.

അതേസമയം, ലബനാൻ അതിർത്തിയിലും സംഘർഷം വ്യാപിക്കുകയാണ്​. മൂന്ന് ആരോഗ്യപ്രവർത്തകർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ലബനാൻ ഹെൽത്ത്​ അതോറിറ്റി അറിയിച്ചു. ഇസ്രായേലിലേക്കുള്ള കപ്പലുകൾക്കെതിരെ ആക്രമണം തുടരുമെന്ന്​ ഹൂതികള്‍ താക്കീത്​ നല്‍കിയിട്ടുണ്ട്.

Summary: Israel bombs cemetery containing hundreds of martyrs in Gaza as the US calls for immediate ceasefire

TAGS :

Next Story