യഹ്‌യ സിൻവാറിനെ വധിച്ചെന്ന് ഇസ്രായേൽ; ഗസ്സയിലെ സ്‌കൂളിനുനേരെ ബോംബാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു
കഴിഞ്ഞ ജൂലൈ 31ന് ഇറാനിൽ ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ട ശേഷമാണ് അദ്ദേഹം ഹമാസ് നേതൃത്വം ഏറ്റെടുക്കുന്നത്.
ഗസ്സ സിറ്റി: ഹമാസ് തലവന്‍ യഹ്‌യ സിൻവാറിനെ വധിച്ചെന്ന് ഇസ്രായേല്‍. മറ്റു മൂന്ന് ഹമാസ് നേതാക്കളെ വധിച്ചെന്നും ഇസ്രായേൽ അവകാശപ്പെടുന്നു. റഫയിലെ ഒരു കെട്ടിടത്തിനു നേരെ നടത്തിയ ആക്രമണത്തിലാണ് സിൻവാർ കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ പറയുന്നത്.
ഡിഎൻഎ പരിശോധനയിൽ കൊല്ലപ്പെട്ടത് സിൻവാർ തന്നെയാണു സ്ഥിരീകരിച്ചെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഹമാസിന്‍റെ ഭാഗത്തുനിന്ന് സ്ഥിരീകരണം വന്നിട്ടില്ല. ഇസ്രായേല്‍ വധിച്ചെന്ന് അവകാശപ്പെടുന്ന മറ്റ് ഹമാസ് നേതാക്കളുടെ പേരുവിവരങ്ങളും പുറത്തുവന്നിട്ടില്ല.
ഒക്ടോബർ ഏഴ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് സിന്‍വാറിനെ ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഒക്ടോബര്‍ ഏഴിനുശേഷമുള്ള ആക്രമണം നേരിട്ടു നയിക്കുന്നത് സിന്‍വാറാണ്. കഴിഞ്ഞ ജൂലൈ 31ന് ഇറാനിൽ ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ട ശേഷമാണ് അദ്ദേഹം ഹമാസ് നേതൃത്വം ഏറ്റെടുക്കുന്നത്.
അതേസമയം, യുഎൻ നേതൃത്വത്തിലുള്ള സ്‌കൂളിനുനേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടു. ഫലസ്തീൻ അഭയാർഥികൾക്കു വേണ്ടി പ്രവർത്തിക്കുന്ന യുഎൻ റിലീഫ് ആൻഡ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസിന്(യുഎൻആർഡബ്ല്യുഎ) കീഴിലുള്ള സ്‌കൂളിനു നേരെയാണ് ഇസ്രായേൽ ആക്രമണം നടന്നത്.
വടക്കൻ ഗസ്സയിലെ ജബാലിയയിലാണു സംഭവം. ആക്രമണത്തിൽ നിരവധി കുട്ടികൾ ഉൾപ്പെടെ 160 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16