ലബനാനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; ഇന്നലെ മാത്രം 88 മരണം
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ഡ്രോൺ കമാൻഡർ മുഹമ്മദ് ഹുസൈൻ സുറൂർ കൊല്ലപ്പെട്ടു
ബെയ്റൂത്ത്: 21 ദിവസം വെടിനിർത്തൽ എന്ന അമേരിക്കയുടെയും ഫ്രാൻസിന്‍റെയും നിർദേശം തള്ളിയ ഇസ്രായേൽ, ബെയ്റൂത്ത് ഉൾപ്പെടെ ലബനാനിൽ ആക്രമണം ശക്തമാക്കി. ആക്രമണങ്ങളിൽ ഇന്നലെ മാത്രം 88 പേർ മരിക്കുകയും 153 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വെടിനിർത്തലിനായി ന്യൂയോർക്കിൽ ഇന്ന് ചർച്ച നടക്കുമെന്ന് അമേരിക്ക പറഞ്ഞു.
ബെയ്റൂത്തിലെ അപ്പാർട്ട്മെന്റിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ഡ്രോൺ കമാൻഡർ മുഹമ്മദ് ഹുസൈൻ സുറൂറിനെ വധിച്ചു. സുറൂറിന്‍റെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഫുആദ് ഷുക്കൂർ, ഇബ്രാഹിം ആഖിൽ, ഇബ്രാഹിം ഖുബൈസി എന്നീ കമാൻഡർമാർക്കു പിന്നാലെയാണ് സുറൂറിനെയും ഇസ്രായേൽ കൊലപ്പെടുത്തുന്നത്. തെക്കൻ ബെയ്റൂത്തിൽ ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള അൽ മനാർ ടി.വി. സ്റ്റേഷനു നേരെയും ആക്രമണം നടന്നു.
21 നാൾ വെടിനിർത്തൽ എന്ന അമേരിക്ക-ഫ്രാൻസ് നിർദേശത്തോടും ഇസ്രായേൽ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വടക്കൻ അതിർത്തിപ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരെ തിരികെയെത്തിക്കുകയാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഹിസ്ബുല്ലക്കെതിരെ കൂടുതൽ ശക്തമായ സൈനിക നടപടി തുടരാൻ നെതന്യാഹു സൈന്യത്തോട് ആവശ്യപ്പെട്ടു. വെടിനിർത്തലിനോട് ഹിസ്ബുല്ലയും പ്രതികരിച്ചിട്ടില്ല.
ഇസ്രായേലിന്‍റെ വിവിധ ഭാഗങ്ങളിൽ ഹിസ്ബുല്ല മിസൈലുകൾ പതിച്ച് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. വടക്കൻ ഹൈഫയിലെ സൈനിക കേന്ദ്രത്തിന് നേരെയും മിസൈൽ ആക്രമണം നടന്നു. ആംബുലൻസുകൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ ഇസ്രായേൽ വ്യാപക ആക്രമണം നടത്തുന്നതായി ലബനാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
40 ആരോഗ്യ പ്രവർത്തകരാണ് ഇതിനകം ലബനാനിൽ കൊല്ലപ്പെട്ടത്. നാലുദിവസമായി തുടരുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ലബനാനിന്റെ എല്ലാ മേഖലകളിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ലബനാനിലേക്കും തെൽ അവീവിലേക്കുമുള്ള യാത്ര നിർത്തിവെക്കാൻ വിവിധ രാജ്യങ്ങൾ പൗരൻമാർക്ക് നിർദേശം നൽകി. പ്രധാന രാജ്യങ്ങൾ പലതും ലബനാനിൽ നിന്ന് തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കാനുള്ള നടപടിയും ഊർജിതമാക്കി. അതിനിടെ, ഗസ്സയിലും ആക്രമണം രൂക്ഷമാണ്. ഇന്നലെ മാത്രം 37 പേരാണ് കൊല്ലപ്പെട്ടത്.
Adjust Story Font
16