Quantcast

സഹായം തടഞ്ഞ് പട്ടിണിക്കിട്ട് ​ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി; 200ലേറെ പേർ കൊല്ലപ്പെട്ടു

ജനങ്ങളെ പൂർണമായും വടക്കൻ ഗസ്സയിൽനിന്ന്​ പുറന്തള്ളുകയെന്ന പദ്ധതിയുടെ ഭാഗമാണ്​ സഹായനിഷേധം.

MediaOne Logo

Web Desk

  • Published:

    13 Oct 2024 1:39 AM GMT

Gaza,Bait Lahia,  isreal, hisbhulla,
X

ഗസ്സ/ബെയ്റൂത്ത്: സിവിലിയൻ കുരുതി ഒഴിവാക്കണമെന്ന യു.എന്നിന്‍റെയും ലോകരാജ്യങ്ങളുടേയും ആഹ്വാനം തള്ളിയ ഇസ്രായേൽ, ഗസ്സയിലും ലബനാനി​ലും വ്യാപക നരനായാട്ട്​ തുടരുന്നു. വടക്കൻ ഗസ്സയിൽ ജനങ്ങളെ പട്ടിണിക്കിട്ട് ക്രൂരത തുടരുകയാണ് ഇസ്രായേൽ. മേഖലയിൽ എട്ടു ദിവസങ്ങളായി ഇസ്രായേൽ തുടരുന്ന ഉപരോധത്തിൽ സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ 200 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പത്ത്​ ദിവസത്തോളമായി ഇവിടേക്കുള്ള സഹായ വസ്തുക്കൾ പൂർണമായി തടഞ്ഞിരിക്കുകയാണ്​ ഇസ്രായേൽ.

ജനങ്ങളെ പൂർണമായും വടക്കൻ ഗസ്സയിൽനിന്ന്​ പുറന്തള്ളുകയെന്ന പദ്ധതിയുടെ ഭാഗമാണ്​ സഹായനിഷേധം. ക്രൂരമായ വംശഹത്യയാണ്​ വടക്കൻ ഗസ്സയിൽ അരങ്ങേറുന്നതെന്നും എന്നാൽ ഇസ്രായേലിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ്​​ തുടരുമെന്നും ​ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ പറഞു. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇന്നലെ 30 പേർ കൊല്ലപ്പെട്ടു. ​പ്രദേശത്തേക്ക്​ വരുന്നതിൽനിന്ന്​ ആംബുലൻസുകളെയും മറ്റും സൈന്യം വിലക്കി.

ഇതുകൂടാതെ, ദക്ഷിണ ലബനാനിലും ബെയ്​റൂത്തിലും നിരവധി ആക്രമണങ്ങൾ അരങ്ങേറി. രണ്ടാഴ്ച പിന്നിട്ടിട്ടും ഇസ്രായേൽ കരസേനയ്ക്ക്​ ലബനാനിൽ കാര്യമായ മുന്നേറ്റം നടത്താൻ കഴിയാത്തത്​ ഇസ്രായേലിന്​ തിരിച്ചടിയായി. ഹിസ്​ബുല്ലയുടെ ശക്തമായ പ്രതിരോധമാണ്​ കാരണം​. സൈനിക മുന്നേറ്റം പരാജയപ്പെട്ടതിന്‍റെ നിരാശയാണ്​ സിവിലിയൻ കുരുതിക്ക്​ ഇസ്രായേലിനെ പേരിപ്പിക്കുന്നതെന്ന്​ ഹിസ്​ബുല്ല കുറ്റപ്പെടുത്തി.

ലബനാനിലെ മൈസറ, ദേർ ബലാഹ് എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനാനിൽ അഞ്ചാമത്തെ സമാധാന സേനാംഗത്തിന് വെടിയേറ്റ് പരിക്കേറ്റതായി ലബനാനിലെ യു.എൻ ഇടക്കാല സേന അറിയിച്ചു. പൊരുതുന്ന ലബനാന്​ പിന്തുണ പ്രഖ്യാപിച്ച്​ ഇറാൻ പാർലമെന്‍റ്​ സ്​പീക്കർ മുഹമ്മദ്​ ബാഖിർ ഖലിബാഫ്​ വിമാനമാർഗം ബെയ്റൂത്തിൽ എത്തി. ബെയ്​റൂത്തിലേക്ക്​ ഇറാൻ വക ഒരു വിമാനവും അനുവദിക്കില്ലെന്ന ഇസ്രായേൽ ഭീഷണി മറികടന്നാണ്​ സ്പീക്കറുടെ സന്ദർശനം.

ഹിസ്​ബുല്ല നേതാക്കളുമായുൾപ്പെടെ ഇറാൻ സ്പീക്കർ ചർച്ച നടത്തി. പ്രതിസന്ധിഘട്ടത്തിൽ ലബനാൻ ജനതക്കൊപ്പം നിലയുറപ്പിക്കുമെന്ന്​ ഇറാൻ സ്പീക്കർ വ്യക്തമാക്കി. ഇതിനിടെ, ഇറാനു നേരെ പ്രത്യാക്രമണത്തിനൊരുങ്ങുന്ന ഇസ്രായേലിന്​ കൂടുതൽ ആയുധങ്ങളും സുരക്ഷാ സംവിധാനങ്ങളും അമേരിക്ക കൈമാറി. നൂതന വ്യോമപ്രതിരോധ സംവിധാനവും ഇതിൽ ഉൾപ്പെടുമെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഒരു വർഷം പിന്നിട്ടിട്ടും ബന്ദികളുടെ മോചനം ഉറപ്പാക്കാൻ കഴിയാത്ത നെതന്യാഹു സർക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന്​ ബന്ധുക്കൾ പ്രതികരിച്ചു. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട്​ ഇന്നലെ രാത്രിയും ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി.

TAGS :

Next Story