ഷിപ്പിങ് കമ്പനികൾ കൂട്ടത്തോടെ ചെങ്കടൽ വിട്ടു; ഗുരുതര ഷിപ്പിങ് പ്രതിസന്ധിയിൽ ഇസ്രായേൽ
ഗസ്സയിലെ സൈനിക നടപടി ഇസ്രായേൽ അവസാനിപ്പിക്കുന്നതുവരെ ഇസ്രായേലി തുറമുഖങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുന്ന കപ്പലുകളെ നേരിടുന്നത് തുടരുമെന്നാണ് ഹൂത്തികളുടെ നിലപാട്.
ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലുകൾക്കെതിരെ യമനിലെ ഹൂത്തികൾ ആക്രമം ശക്തമാക്കിയതോടെ ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനികൾ ഇസ്രായേലിനെ കൈവിട്ടു തുടങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ നാല് പ്രമുഖ ഷിപ്പിങ് കമ്പനികളാണ് ചെങ്കടലിലൂടെയുള്ള ചരക്കു ഗതാഗതം നിർത്തിവെക്കുന്നതായി അറിയിച്ചത്. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് ലൈൻ ആയ എം.ൻ.സി, ഡാനിഷ് കമ്പനിയായ എ.പി മോളർ മാർസ്ക്, ജർമൻ കമ്പനിയായ ഹപാഗ് ലോയ്ഡ് എന്നിവയ്ക്കു പിന്നാലെ ഹോങ്കോങ് ഉടമസ്ഥതയിലുള്ള ഒ.എൽ.സി.സിയും ഇസ്രായേലിലേക്കുള്ള സർവീസ് നിർത്തുന്നതായി അറിയിച്ചു.
ചെങ്കടലിലെ അസ്വസ്ഥത തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിലേക്കും അവിടെ നിന്നുമുള്ള ചരക്കുഗതാഗതം നിർത്തിവെക്കുന്നതായി ഒ.എൽ.സി.സി പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രയേലിലേക്കുള്ള ഇറക്കുമതിയും അവിടെ നിന്നുള്ള ചരക്കുകളുടെ കയറ്റുമതിയും ഇതോടെ പ്രതിസന്ധിയിലായി.
ആഗോള കപ്പൽ ഗതാഗതത്തിൽ ഏറെ നിർണായകമാണ് ചെങ്കടൽ വഴിയുള്ള റൂട്ട്. യൂറോപ്പിനും ഏഷ്യയ്ക്കുമിടയിലെ ദൈർഘ്യം കുറഞ്ഞ കപ്പൽപ്പാതയായ ഇതിലൂടെയാണ് ചരക്കുകപ്പലുകൾ പ്രധാനമായും സഞ്ചരിക്കുന്നത്. എന്നാൽ, ഗസ്സയ്ക്കു മേൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചതോടെ ഈ റൂട്ടിലെ ബാബ് അൽ മൻദബ് കടലിടുക്കിനു സമീപം ഹൂത്തികൾ ഇസ്രായേലിലേക്കുള്ള കപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയത്. നവംബർ 20-ന് ഇസ്രായേലി കോടീശ്വരന്റെ ഭാഗിക ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത ഹൂത്തികൾ, മറ്റു ചില കപ്പലുകൾക്കു നേരെ മിസൈൽ ആക്രമണം നടത്തുകയും ചെയ്തു. ഇതോടെയാണ്, ഈ റൂട്ട് ഒഴിവാക്കാൻ കമ്പനികൾ നിർബന്ധിതരായത്.
ഗസ്സയിലെ സൈനിക നടപടി ഇസ്രായേൽ അവസാനിപ്പിക്കുന്നതുവരെ ഇസ്രായേലി തുറമുഖങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുന്ന കപ്പലുകളെ നേരിടുന്നത് തുടരുമെന്നാണ് ഹൂത്തികളുടെ നിലപാട്. ഇസ്രായേലിലേക്കുള്ള കപ്പലുകളെ മാത്രമാണ് ആക്രമിക്കുന്നതെന്നും മറ്റു കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാമെന്നും ഹൂത്തികൾ പറയുന്നു. അതേസമയം, ഇസ്രായേലിലേക്കുള്ള കപ്പലുകൾ മാത്രമല്ല ആക്രമിക്കപ്പെടുന്നതെന്ന് ഇസ്രായേൽ ആരോപിക്കുന്നുണ്ട്.
അതിനിടെ, ഹൂത്തികളുടെ ആക്രമണം ഭയന്ന് ഒരു മാസത്തിനുള്ളിൽ 55 കപ്പലുകൾ സൂയസ് കനാൽ ഒഴിവാക്കി ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പിലൂടെ വഴിമാറിപ്പോയതായി ഈജിപ്ത് അറിയിച്ചു.
Adjust Story Font
16