Quantcast

യുദ്ധം തീര്‍ന്നാല്‍ ഗസ്സയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്ത് ഇസ്രായേലികളെ പാർപ്പിക്കണം-ഇസ്രായേൽ ധനമന്ത്രി

ഗസ്സയിൽനിന്ന് ഒഴിഞ്ഞുപോകാൻ ഫലസ്തീനികളെ നിർബന്ധിക്കണമെന്നും അവരെ സ്വീകരിക്കാൻ സന്നദ്ധരായ രാജ്യങ്ങൾ കണ്ടെത്തണമെന്നും ഇസ്രായേൽ ധനമന്ത്രി സ്‌മോട്രിച്ച്

MediaOne Logo

Web Desk

  • Updated:

    2023-12-31 15:08:38.0

Published:

31 Dec 2023 3:01 PM GMT

Israeli finance minister Bezalel Smotrich calls for Israel resettlement in Gaza after war
X

ബെസലേല്‍ സ്മോട്രിച്ച്

തെൽഅവീവ്: യുദ്ധം തീർന്നാൽ ഗസ്സയിൽ ഇസ്രായേലികളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി ഇസ്രായേൽ മന്ത്രി. തീവ്ര വലതുപക്ഷ നേതാവും ധനമന്ത്രിയുമായ ബെസലേൽ സ്‌മോട്രിച്ച് ആണ് ആവശ്യമുയര്‍ത്തിയത്. ഗസ്സയില്‍നിന്ന് ഫലസ്തീനികളുടെ പലായനമുണ്ടാകും. നിയന്ത്രണം സൈന്യം ഏറ്റെടുക്കുമെന്നും സ്‌മോട്രിച്ച് പറഞ്ഞു.

ഇസ്രായേൽ സൈനിക റേഡിയോയ്ക്കും 'ചാനൽ 12' ന്യൂസിനും നൽകിയ അഭിമുഖത്തിലാണു മന്ത്രിയുടെ പരാമർശങ്ങളെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് ഭരണം അവസാനിപ്പിച്ച ശേഷം ഗസ്സ മുനമ്പിൽ ഇസ്രായേൽ പൗരന്മാരെ അധിവസിപ്പിക്കുന്നതിനെ കുറിച്ചു ചർച്ച ചെയ്യണമെന്ന് സ്‌മോട്രിച്ച് ആവശ്യപ്പെട്ടു. ഗസ്സയിലെ 20 ലക്ഷം ജനസംഖ്യയിൽ ആരും നിരപരാധികളല്ലെന്നും അവരെ അവിടെനിന്ന് ഒഴിഞ്ഞുപോകാൻ വേണ്ട സമ്മർദങ്ങൾ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം തുടർന്നു.

''(ഗസ്സയുടെ) സുരക്ഷാനിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കും. അതോടൊപ്പം അവിടെ സിവിലിയൻ നിയന്ത്രണവുമുണ്ടാകണം. ഗസ്സയുടെ ചിത്രം ഒന്നാകെ മാറ്റണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. ഗസ്സ മുനമ്പിലെ പുനരധിവാസത്തെക്കുറിച്ചുള്ള ചർച്ചകളുണ്ടാകണം. നമ്മൾ ദീർഘകാലം അവിടെ ഭരിക്കണം. നമ്മുടെ സൈന്യത്തോടൊപ്പം ജനങ്ങളും അവിടെയുണ്ടാകണം.. ഗസ്സക്കാർ സ്വയം സന്നദ്ധരായി ഒഴിഞ്ഞുപോകാൻ പ്രോത്സാഹിപ്പിക്കുകയും അവരെ സ്വീകരിക്കാൻ സന്നദ്ധരായ രാജ്യങ്ങൾ കണ്ടെത്തുകയും വേണം''-'ചാനൽ 12'നു നൽകിയ അഭിമുഖത്തിൽ ബെസലേൽ സ്‌മോട്രിച്ച് ആവശ്യപ്പെട്ടു.

ഗസ്സയിൽനിന്നുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ആർമി റേഡിയോയോയും മന്ത്രി വ്യക്തമാക്കി. 20 ലക്ഷത്തിനു പകരം രണ്ട് ലക്ഷത്തോളം അറബികളാണ് അവിടെയുള്ളതെങ്കിൽ യുദ്ധത്തിനുശേഷമുള്ള ചർച്ച തന്നെ മറ്റൊന്നാകും. അവർ അവിടംവിട്ടു പോകേണ്ടതുണ്ട്. 75 വർഷമായി ഒരു ഗെറ്റോയിലാണ് അവർ താമസിക്കുന്നത്. ലോകത്തെവിടെയും ജൂത കുടിയേറ്റമുണ്ടാകുന്നത് ഇഷ്ടമില്ലാത്ത ആരും ഇസ്രായേലിണ്ടാകില്ലെന്നാണു താൻ കരുതുന്നതെന്നും സ്‌മോട്രിച്ച് കൂട്ടിച്ചേർത്തു.

റിലീജ്യസ് സയണിസം എന്ന തീവ്ര ജൂത പാർട്ടിയുടെ നേതാവാണ് ബെസലേൽ സ്‌മോട്രിച്ച്. ഗസ്സ മുനമ്പിൽനിന്നുള്ള ജൂത കുടിയൊഴിപ്പിക്കലിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ 2005ൽ അറസ്റ്റിലായിരുന്നു. ഫലസ്തീനികൾക്കെതിരായ വിദ്വേഷ പരാമർശങ്ങളിലൂടെ മുൻപും വാർത്തകളിൽ നിറഞ്ഞയാൾക്കൂടിയാണ് സ്‌മോട്രിച്ച്.

Summary: Far-right leader and finance Minister Bezalel Smotrich says that if Israel does the right thing, there will be an exodus of Palestinians and we will live in the Gaza Strip

TAGS :

Next Story