റഫയിൽ ക്രൂരത തുടർന്ന് ഇസ്രായേൽ; 24 മണിക്കൂറിനിടെ 36 പേർ കൊല്ലപ്പെട്ടു
യുദ്ധം തുടരുകയാണെങ്കിൽ ഒരു ദശലക്ഷത്തിലധികം ഫലസ്തീനികൾ അതിഭീകരമായ പട്ടിണിയിലാകുമെന്ന് മുന്നറിയിപ്പ്
ഗസ്സ സിറ്റി: റഫയിൽ 24 മണിക്കൂറിനിടെ 36 പേർ കൊല്ലപ്പെട്ടെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അൽ അഖ്സ ആശുപത്രിയിലേക്ക് നിരവധി രോഗികളെയാണ് എത്തിക്കുന്നത്.
മൂന്ന് ഘട്ട വെടിനിർത്തൽ നിർദേശവുമായി അമേരിക്ക മുന്നോട്ട് വരികയും ഇത് നടപ്പാക്കാൻ ലോക രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും റഫയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. അൽ അഖ്സ ആശുപത്രിയിൽ രോഗികളുടെ എണ്ണം കൂടി വരികയാണെന്ന് യു.എൻ ആശങ്ക അറിയിച്ചു. 24 മണിക്കൂറിനിടെ റഫയിൽ 115 പേർക്ക് പരിക്കേറ്റു.
ഗുരുതരമായി പൊള്ളലേറ്റും വെടിയുണ്ടകളേറ്റും എത്തുന്ന സിവിലിയൻമാരുടെ എണ്ണം കൂടിവരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 7 മുതല്‍ ഗസ്സയ്ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ 36,586 പേർ കൊല്ലപ്പെടുകയും 83,074 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
യുദ്ധം തുടരുകയാണെങ്കിൽ അടുത്ത മാസം പകുതിയോടെ ഗസ്സയിലെ ഒരു ദശലക്ഷത്തിലധികം ഫലസ്തീനികൾ അതിഭീകരമായ പട്ടിണിയിണിലേക്ക് കടക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എട്ട് മാസത്തോളമായി ഹിസ്ബുല്ല പോരാളികളുമായി വെടിവയ്പ്പ് നടത്തുന്ന ലെബനൻ അതിർത്തിയിൽ അതിശക്തമായ ഓപ്പറേഷന് ഇസ്രായേൽ ഒരുങ്ങുകയാണെന്നും വിവരങ്ങളുണ്ട്.
ഇസ്രായേൽ യുദ്ധത്തിനൊരുങ്ങുകയാണെങ്കിൽ തങ്ങളും തയ്യാറാണെന്ന് ഹിസ്ബുല്ലയും അറിയിച്ചു. അതേസമയം സ്ഥിരമായ വെടിനിർത്തൽ സാധ്യമാക്കി ഗസ്സയിൽ നിന്ന് പൂർണമായും ഇസ്രായേൽ പിൻമാറാതെ ഒരു കരാറിനും തങ്ങളില്ലെന്നാണ് ഹമാസ് നേതൃത്വത്തിന്റെ നിലപാട്.
Adjust Story Font
16