വെടിനിര്‍ത്തല്‍ കരാറിന് ഹമാസിന്‍റെ അനുകൂല മറുപടി ലഭിച്ചതായി ഖത്തര്‍
ഹമാസിന്‍റെ മറുപടിയെ കുറിച്ച് പഠിക്കുകയാണെന്ന് ഇസ്രായേല്‍ അറിയിച്ചു
ദോഹ: ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിന് ഹമാസിന്‍റെ അനുകൂല മറുപടി ലഭിച്ചതായി ഖത്തര്‍. ഹമാസിന്‍റെ മറുപടിയെ കുറിച്ച് പഠിക്കുകയാണെന്ന് ഇസ്രായേല്‍ അറിയിച്ചു. ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
ഖത്തറിലെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചത്. കരാറിനോട് അനുകൂലമായ സമീപനമാണ് ഹമാസ് സ്വീകരിച്ചത്. എത്രയും പെട്ടെന്ന് കരാര്‍ പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
ഹമാസിന്‍റെ പ്രതികരണം ഇസ്രായേലിനെ അറിയിച്ചിട്ടുണ്ട്. ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാറിനായി ഇസ്രായേലില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ആന്‍റണി ബ്ലിങ്കന്‍ വ്യക്തമാക്കി. യുദ്ധാനന്തരം ഇസ്രായേലുമായുള്ള അറബ് രാജ്യങ്ങളുടെ നോര്‍മലൈസേഷന്‍ ചര്‍ച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കും. അതോടൊപ്പം തന്നെ ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പാക്കി സ്വതന്ത്ര ഫലസ്തീന്‍ നിലവില്‍ വരണം, ഇതിനായി സമയക്രമം നിശ്ചയിക്കണമെന്നും ബ്ലിങ്കന്‍ പറഞ്ഞു. അതേസമയം ഗസ്സയില്‍ ഹമാസിന്‍റെ തടവിലായിരുന്ന 31 പേര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം ബന്ധുക്കളെ അറിയിച്ചു.
Adjust Story Font
16