ഗസ്സയില്‍ മരണസംഖ്യ 1500 കടന്നു; ഇന്ന് ലോകമെമ്പാടും ഫലസ്തീൻ ഐക്യദാർഢ്യ ദിനാചരണം
ബന്ദികളുടെ മോചനം നടക്കാതെ ഗസ്സയിലേക്ക് സഹായം അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ
ഗസ്സ-ഇസ്രായേല്‍ സംഘര്‍ഷം
തെല്‍ അവീവ്: ഈജിപ്തിലെ റഫ അതിർത്തി വഴി ഉപരോധത്തിലമർന്ന ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനുള്ള നീക്കം ഇസ്രായേൽ എതിർപ്പ് മൂലം വിജയം കണ്ടില്ല. ബന്ദികളുടെ മോചനം നടക്കാതെ ഗസ്സയിലേക്ക് സഹായം അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. വ്യോമാക്രമണം കൂടുതൽ കടുത്തതോടെ ഗസ്സയിൽ മരണസംഖ്യ 1537 ആയി ഉയർന്നു. ലോകമൊന്നാകെ ഇന്ന് ഫലസ്തീൻ ഐക്യദാർഢ്യ ദിനാചരണം നടക്കും.
അന്തർദേശീയ സമ്മർദം വകവെക്കാതെ ഗസ്സക്കു മേൽ ഉപരോധവും ആക്രമണവും കൂടുതൽ ശക്തമായി തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. ഒന്നുകിൽ വിജയം അതല്ലെങ്കിൽ മരണം എന്നതു മാത്രമാണ് ഇസ്രായേലിനു മുമ്പാകെയുള്ള മാർഗമെന്ന് പാർലമെന്‍റില്‍ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു പ്രതികരിച്ചു. ഹമാസിനെ പൂർണമായും ഇല്ലായ്മ ചെയ്യും വരെ യുദ്ധം അതെത്ര കഠിനമായാലും തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണുമായുള്ള ചർച്ചയിലും നെതന്യാഹു നിലപാട് ആവർത്തിച്ചു. ഇതോടെ ഈജിപ്തിന്‍റെ റഫ അതിർത്തി മുഖേനയുള്ള സഹായനീക്കവും സുരക്ഷിതപാത ഒരുക്കലും വഴിമുട്ടി. ഹമാസ് പിടിയിലുള്ള ബന്ദികളുടെ മോചനത്തിന് ഖത്തർ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയെ ആശ്രയിച്ചിരിക്കുകയാണ് ഇനി മറ്റു കാര്യങ്ങൾ.
ഗസ്സക്കുമേൽ ആക്രമണം വ്യാപകമായതോടെ ആരോഗ്യ മേഖല ഉൾപ്പെടെ എല്ലാം തകർച്ചയിലേക്ക് നീങ്ങുകയാണ്. മരണസംഖ്യക്കൊപ്പം പരിക്കേറ്റവരുടെ എണ്ണവും ഗസ്സയിൽ ഉയർന്നു. 6612 പേർക്കാണ് പരിക്ക്. പുതുതായി ആരെയും പ്രവേശിപ്പിക്കാൻ ഇടമില്ലാത്ത സാഹചര്യത്തിലാണ് ഗസ്സയിലെ ആശുപത്രികൾ. ഇന്നലെ രാത്രി നടന്ന വ്യോമാക്രമണത്തിൽ താമസ കേന്ദ്രങ്ങളിൽ ബോംബ് പതിച്ച് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ മരിച്ചു. കരയാക്രമണം ഉൾപ്പെടെ എല്ലാം നിശ്ചിത സമയത്ത് നടക്കുമെന്ന് സൈന്യം അറിയിച്ചു. ലബനാൻ അതിർത്തി മേഖലയിലും സംഘർഷത്തിന് മാറ്റമില്ല. ഹിസ്ബുല്ലയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു.
ഇസ്രായേൽ പ്രവിശ്യകൾക്കു നേരെയുള്ള ഹമാസ് റോക്കറ്റാക്രമണം ഇന്ന് വെളുപ്പിനും തുടർന്നു. തെൽ അവീവിലും ഫൈഹയിലും സിദ്റത്തിലും റോക്കറ്റുകൾ പതിച്ചു. സയണിസ്റ്റ് രാഷ്ട്രത്തിന്റെ ചെയ്തികൾക്കെതിരെ പോരാടുന്ന ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഡ്യം തുടരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഫലസ്തീൻ ഐക്യദാർഢ്യ ദിനാചരണം ഇന്ന് നടക്കാനിരിക്കെ, ലോകത്തിന്റെ പല ഭാഗങ്ങളിലും ലക്ഷങ്ങൾ തെരുവിലിറങ്ങും.
Adjust Story Font
16