Quantcast

ഇസ്രായേൽ- ഹമാസ് യുദ്ധം അഞ്ചാംദിനത്തിൽ; ഗസ്സയിൽ മരണം 900 കടന്നു

ഗസ്സയിലേക്കുള്ള കരയാക്രമണത്തിന് ഇസ്രായേൽ സജ്ജമാകുന്നു. ഇസ്രായേലിനു നേരെ സിറിയിയിൽ നിന്നും ഷെല്ലാക്രമണമുണ്ടായി.

MediaOne Logo

Web Desk

  • Published:

    11 Oct 2023 12:46 AM GMT

ഇസ്രായേൽ- ഹമാസ് യുദ്ധം അഞ്ചാംദിനത്തിൽ; ഗസ്സയിൽ മരണം 900 കടന്നു
X

ഗസ്സ സിറ്റി: ഗസ്സക്കുമേൽ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. സമ്പൂർണ ഉപരോധത്തിലമർന്ന ഗസ്സയിലേക്ക്​ കരയാക്രമണത്തിനുളള മുന്നൊരുക്കങ്ങൾ സൈന്യം തുടരുകയാണ്​. യു.എസ്​ യുദ്ധകപ്പൽ സന്ദർഭം മുതലെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പാണെന്ന്​ സെൻട്രൽ കമാന്റ്​ വ്യക്തമാക്കി. ലബനാനു പിന്നാലെ സിറിയയിൽ നിന്നും ഇസ്രായേലിനു നേർക്ക്​ ഷെല്ലാക്രമണമുണ്ടായി.

ഗസ്സയിൽ മരണസംഖ്യക്കൊപ്പം പരിക്കേറ്റവരുടെ എണ്ണവും ഉയരുകയാണ്​. 4500 പേർക്കാണ്​ പരിക്ക്​. ​ഹമാസ്​ ആക്രമണത്തിൽ ആയിരം പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഗസ്സ ആക്രമണത്തിൽ ഹമാസ്​ മന്ത്രിയും രാഷ്​ട്രീയകാര്യ ബ്യൂറോ അംഗവുമായ ജവാദ്​ അബൂ ശമാല കൊല്ലപ്പെട്ടു. സകരിയ്യ അബൂ മുഅമ്മർ എന്ന ഹമാസ്​ നേതാവിനെയും ഇസ്രായേൽ കൊലപ്പെടുത്തി. രാത്രി നടന്ന വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ ആശു​പത്രികളിലേക്ക്​ നീക്കാൻ പോലും സാധിച്ചില്ലെന്ന്​ ഫലസ്​തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തെൽഅവീവ്​ ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ഹമാസിന്റെ റോക്കറ്റാക്രമണം തുടർന്നു. അസ്​ദോദ്​, അഷ്​കലോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ റോക്കറ്റുകൾ പതിച്ചു. നിരവധി പേർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്​.

ലബനാനിൽ ഹിസ്​ബുല്ലയുടെ മിസൈൽ ആക്രമണത്തിന്​ മറുപടിയായി വ്യാപക ഷെല്ലാക്രമണം നടന്നു. സിറിയയിൽ നിന്നും നിരവധി ഷെല്ലുകൾ ഇസ്രായേൽ പ്രദേശങ്ങളിൽ പതിച്ചു. തുടർന്ന്​ സൈന്യം പ്രത്യാക്രമണം നടത്തി. ഇസ്രായേലിനുള്ള എല്ലാ പിന്തുണയും ഉദാരമായി നൽകുമെന്ന്​ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. കഠിനമായ യുദ്ധത്തിൽ ജയം ഇസ്രായേലിന്​ തന്നെയായിരിക്കുമെന്ന്​ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ ഫോർഡ്​ യുദ്ധകപ്പൽ മെഡിറ്ററേനിയൻ തീരത്ത്​ നങ്കൂരമിട്ടു. കൂടുതൽ സൈനികോപകരണങ്ങൾ ഉടൻ അമേരിക്ക ഇസ്രായേലിന്​ കൈമാറും. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ നാളെ ഇസ്രായേലിലെത്തും.

രണ്ടു ലക്ഷത്തിലേറെ പേർക്ക്​ ഗസ്സയിൽ വീടുകൾ നഷ്​ടപ്പെട്ടതായി യു.എൻ അറിയിച്ചു. മൂന്നു ലക്ഷത്തി അറുപതിനായിരം റിസർവ്​ സൈനികരെയാണ്​ ഇസ്രായേൽ ഒരുക്കി നിർത്തിയിരിക്കുന്നത്​. ഹമാസ്​ പിടിയിലുള്ള തടവുകാരെ മേചിപ്പിക്കാൻ ഇടപെടുമെന്ന്​ അമേരിക്ക മുന്നറിയിപ്പ്​ നൽകി. തടവുകാരിൽ 14 യു.എസ്​ പൗരൻമാരും ഉൾപ്പെടും. യുദ്ധഭീതി കനത്തതോടെ തങ്ങളുടെ പൗരൻമാരെ ഇസ്രായേലിൽ നിന്ന്​ ഒഴിപ്പിക്കാനും രാജ്യങ്ങൾ നീക്കമാരംഭിച്ചു. ഇതിനായി പ്രത്യേക വിമാനം അയക്കണമെന്ന്​ ജർമനി അറിയിച്ചു

TAGS :

Next Story