Quantcast

ഗസ്സയിൽ വെടിനിർത്തൽ കാലാവധി ഇന്ന് അവസാനിക്കും; ആക്രമണം തുടരാനൊരുങ്ങി ഇസ്രായേൽ

കൂടുതൽ ബന്ദികളെയും തടവുകാരെയും കൈമാറി നിലവിലെ താൽക്കാലിക വെടിനിർത്തൽ ഏതാനും ദിവസങ്ങൾ കൂടി നീട്ടുക

MediaOne Logo

Web Desk

  • Updated:

    2023-12-01 01:51:35.0

Published:

1 Dec 2023 12:50 AM GMT

gaza ceasefire
X

തെല്‍ അവിവ്: വെടിനിർത്തൽ നീട്ടാൻ മധ്യസ്​ഥ രാജ്യങ്ങൾ തീവ്രനീക്കം തുടരുന്നതിനിടെ യുദ്ധം പുനരാരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന്​ ഇ​സ്രായേൽ സൈന്യം. ഹമാസിനെ തുരത്താനുള്ള യുദ്ധത്തിന്​ തങ്ങൾ എതിരല്ലെന്ന്​ ഇസ്രായേലിനെ അറിയിച്ച യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍, സിവിലിയൻ സുരക്ഷ ഉറപ്പാക്കാൻ കരുതൽ വേണമെന്ന്​ വ്യക്​തമാക്കി. ഗസ്സയിൽ ആക്രമണം പുനരാരംഭിച്ചാൽ ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്കെതിരായ നീക്കം തുടരുമെന്ന്​ യെമനിലെ ഹൂത്തികൾ മുന്നറിയിപ്പ്​ നൽകി.

കൂടുതൽ ബന്ദികളെയും തടവുകാരെയും കൈമാറി നിലവിലെ താൽക്കാലിക വെടിനിർത്തൽ ഏതാനും ദിവസങ്ങൾ കൂടി നീട്ടുക. അതിനുള്ള കൂടിയാലോചനകൾ പുരോഗമിക്കുന്നതായി മധ്യസ്​ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്​തും അറിയിച്ചു. അമേരിക്കൻ, ഇസ്രായേൽ നേതൃത്വവുമായി ഇന്നലെയും പലവട്ടം ചർച്ച നടന്നു. ബന്ദികളുടെ കൈമാറ്റം നേരത്തെയുള്ള വ്യവസ്​ഥ പ്രകാരം തുടരുകയാണെങ്കിൽ വെടിനിർത്തൽ നീട്ടുന്നതിന്​ തങ്ങളും അനുകൂലമാണെന്ന്​ ഇസ്രായേൽ അറിയിച്ചിട്ടുണ്ട്​. എന്നാൽ വെടിനിർത്തൽ വ്യവസ്​ഥകൾ അടിക്കടി ലംഘിക്കുന്നത്​ ഇസ്രായേലാണെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി.

ഇന്നലെയും ബന്ദികളുടെ കൈമാാറ്റം നടന്നു. പതിവിൽ നിന്ന്​ വ്യത്യസ്​തമായി ബന്ദികളെ പല സ്​ഥലങ്ങളിലായാണ്​ ഇന്നലെ രാത്രി കൈമാറിയത്​. അതിനിടെ, ഗസ്സയിൽവേണ്ടത് സമ്പൂർണ വെടിനിർത്തലാണെന്നും കൂടുതൽ സഹായമെത്തിക്കേണ്ടത് അനിവാര്യമാണെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. യു.എൻ രക്ഷാസമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു ഗുട്ടറസ്​. വെടിനിർത്തൽ നീട്ടാനുള്ള ശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെസ്​റ്റ്​ ബാങ്കിൽ ഇസ്രായേൽ നടത്തുന്ന അതിക്രമം ഉടൻ അവസാനിപ്പിക്കണമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി നിർദേശിച്ചു. ഫലസ്​തീൻ പ്രസിഡന്‍റ്​ മഹ്​മൂദ്​ അബ്ബാസുമായും ബ്ലിങ്കണ്‍ ചർച്ച നടത്തി. പ​ശ്ചി​മ ജ​റൂ​സ​ലെ​മി​ൽ ഇന്നലെ കാലത്ത്​ ബ​സ് സ്​​റ്റോ​പ്പി​ലു​ണ്ടാ​യവെ​ടി​വെ​പ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ടുകയും 16 പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്​തിരുന്നു. രണ്ട്​ ​ഹമാസ്​ പോരാളികളാണ്​ വെടിവെപ്പ്​ നടത്തിയത്​. ഇതേ തുടർന്ന്​ വെസ്​റ്റ്​ ബാങ്കിലെ പലയിടങ്ങളിൽ നിന്നായി നിരവധി പേരെ സൈന്യം അറസ്​റ്റ്​ ചെയ്​തു. ഗസ്സയിൽ ആക്രമണം തുടർന്നാൽ യുദ്ധത്തി​ന്‍റെ വ്യാപ്​തി കൂടുമെന്ന്​ ഇറാൻ മുന്നറിയിപ്പ്​ നൽകി. ഇസ്രായേൽ കപ്പലുകൾക്കെതിരായ നടപടി തുടരുമെന്ന്​ യെമനിലെ ഹൂത്തികളും അറിയിച്ചു.

TAGS :

Next Story