ഇസ്രായേൽ-ഹിസ്ബുല്ല സംഘർഷം: വിമാന സർവീസുകളെ ബാധിച്ചു, പലരും റദ്ദാക്കി
ബുധനാഴ്ച വരെ ഇസ്രായേലിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുമെന്ന് ബ്രിട്ടീഷ് എയർവേഴ്സ്
തെല്‍അവീവ്: ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലെ സംഘര്‍ഷം നിലനില്‍ക്കെ ഇസ്രായേലിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് നിരവധി വിമാനക്കമ്പനികള്‍. ബ്രിട്ടീഷ് എയര്‍വേഴ്സ്, എയര്‍ ഫ്രാന്‍സ്, ഇത്തിഹാദ്, എത്യോപ്യൻ എയർലൈൻസ് തുടങ്ങിയവരാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ലെബനാന്‍ തലസ്ഥാനമായ ബെയ്റൂത്തിലേക്കും ചില കമ്പനികള്‍ സര്‍വീസ് നിറുത്തിയിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെയോടെ തുടങ്ങിയ സംഘര്‍ഷം ഇപ്പോഴും തുടരുന്നുണ്ട്. ഗസ്സയ്ക്കെിതിരെ ഇസ്രായേലിന്റെ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇസ്രായേലിനെ ലക്ഷ്യമാക്കി ഹിസ്ബുല്ല കനത്ത ആക്രമണം നടത്തുന്നത്.
ബുധനാഴ്ച വരെ ഇസ്രായേലിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുമെന്ന് ബ്രിട്ടീഷ് എയർവേസ് അറിയിച്ചു. അതേസമയം തെല്‍ അവീവിലേക്കും ലെബനാന്‍ തലസ്ഥനമായ ബെയ്‌റൂത്തിലേക്കും തിങ്കളാഴ്ച വരെ സർവീസുകൾ നിർത്തിവച്ചതായി എയർ ഫ്രാൻസ് അറിയിച്ചു.
ഇത്തിഹാദ്, എത്യോപ്യൻ എയർലൈൻസ്, ഹംഗേറിയയിലെ ലോ-കോസ്റ്റ് കാരിയർ സര്‍വീസായ, വിസ് എന്നിവയും ഞായറാഴ്ച ഷെഡ്യൂൾ ചെയ്ത തെല്‍ അവീവിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
അതേസമയം നേരത്തെ നിര്‍ത്തിവെച്ച ലണ്ടനും തെല്‍ അവീവിനുമിടയിലുള്ള സര്‍വീസുകള്‍ സെപ്റ്റംബർ 25 വരെ നീട്ടുമെന്ന് വിർജിൻ അറ്റ്ലാൻ്റിക് അറിയിച്ചു. പുതിയ സംഘര്‍ഷത്തിന്റെ പശ്ചാതലത്തിലാണ് നിയന്ത്രണം.
ജോർദാനിലെ റോയൽ ജോർദാനിയൻ, ബെയ്റൂത്തിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ജർമ്മനിയുടെ ലുഫ്താൻസ, ബെയ്‌റൂത്തിലേക്കുള്ള സര്‍വീസുകള്‍ നിറുത്തിയത് സെപ്റ്റംബർ അവസാനം വരെ നീട്ടി. സമാനമായി ഇസ്രായേലിലേക്കുള്ള ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവച്ചത് ഒക്ടോബർ 31 വരെ നീട്ടുമെന്ന് ജോർജിയ ആസ്ഥാനമായുള്ള ഡെൽറ്റ എയർ ലൈൻസും വ്യക്തമാക്കി.
അതേസമയം ഹിസ്ബുല്ലയുടെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലെ പ്രമുഖ വിമാനത്താവളങ്ങളിലൊന്നായ ബെൻ ഗുറിയോണിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെട്ടിരുന്നു. പിന്നീട് പുനരാരംഭിച്ചെങ്കിലും ആക്രമണത്തിന് പിന്നാലെയുള്ള മണിക്കൂറുകളില്‍ ഇവിടെ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയായിരുന്നു.
മെറോൺ താവളവും അധിനിവേശ ഗോലാൻ കുന്നുകളിലെ നാല് സ്ഥലങ്ങളും ഉൾപ്പെടെ 11 ഇസ്രായേൽ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചെന്നാണ് ഹിസ്ബുല്ല അറിയിക്കുന്നത്. എന്നാല്‍ ആയിരക്കണക്കിന് വരുന്ന ഹിസ്ബുല്ല റോക്കറ്റ് ലോഞ്ചറുകളെയാണ് തങ്ങൾ ആക്രമിച്ചതെന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടത്. അതേസമയം ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചറുകൾ നശിപ്പിച്ചുവെന്ന ഇസ്രായേലിന്റെ അവകാശവാദം ഹിസ്ബുല്ല നിഷേധിച്ചു.
കമാൻഡർ ഫുആദ് ഷുക്കറിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഇസ്രായേലിനെതിരെയുള്ള ആക്രമണം എന്നാണ് ഹിസ്ബുല്ല വ്യക്തമാക്കിയത്. കഴിഞ്ഞ മാസം ബെയ്‌റൂത്തില്‍ വെച്ചായിരുന്നു ഫുആദിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയത്.
Adjust Story Font
16