ഖാൻ യൂനുസിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; ആശുപത്രി വളപ്പിൽ കൂട്ടക്കുഴിമാടം ഒരുക്കി
ഗസ്സ യുദ്ധത്തിന് അറുതി വരുത്താൻ അഞ്ചിന നിർദേശങ്ങൾ മുന്നോട്ടുവെച്ച് ബ്രിട്ടൻ
ഗസ്സയിലെ ഖാൻ യൂനുസിൽ ആക്രമണം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. അൽനാസർ ആശുപത്രി വളപ്പിൽ കൂട്ടക്കുഴിമാടം ഒരുക്കി നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്കരിച്ചതായ റിപ്പോർട്ടുകളും പുറത്തുവന്നു.
ഇസ്രായേൽ ആക്രമണത്തിൽ ആശുപത്രിക്കു മുകളലെ ജലസംഭരണി തകർന്നു. അത്യന്തം ഗുരുതര സാഹചര്യമാണുള്ളതെന്ന് ആശുപത്രി അധികൃതർ വെളിപ്പെടുത്തി.
അന്താരാഷ്ട്ര കോടതി ഉൾപ്പെടെ ആർക്കും ഇസ്രായേലിനെ യുദ്ധത്തിൽനിന്ന് പിന്തിരിപ്പിക്കാനാവില്ലെന്ന മുന്നറിയിപ്പുമായി യി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തുവന്നു. സമ്പൂർണ വിജയത്തിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നും ഹമാസിന്റെയും ഖത്തറിെൻറയും സമ്മർദത്തെ ഗൗരവത്തിലെടുക്കുന്നില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
ഖത്തറിനെ കുറിച്ച് താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും എന്നാൽ ഈജിപ്തുമായി നല്ല ബന്ധമാണുള്ളതെന്നും നെതന്യാഹു പ്രതികരിച്ചു. അന്താരാഷ്ട്ര കോടതിയുടെ ഇടക്കാല വിധിയുടെ തുടർച്ചയെന്ന നിലക്ക് ബുധനാഴ്ച യു.എൻ രക്ഷാസമിതി യോഗം ചേരാനിരിക്കെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.
അതേസമയം, നെതന്യാഹു സർക്കാറിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് തെൽ അവീവിൽ നടന്ന റാലി സുരക്ഷാവിഭാഗം തടഞ്ഞു. നൂറുകണക്കിന് പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു. ബന്ദികളുടെ ബന്ധുക്കളുടെ പ്രക്ഷോഭവും തുടരുകയാണ്. നെതന്യാഹുവിന്റെ മകൻ ബന്ദിയായിരുന്നെങ്കിൽ ഇതായിരിക്കുമോ സമീപനമെന്ന് രോഷാകുലരായ ബന്ധുക്കൾ ചോദിച്ചു.
പിന്നിട്ട 24 മണിക്കൂറിനിടെ 174 ഫലസ്തീനികൾ കൊല്ലപ്പെടുകയും 310 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലെ ആകെ മരണസംഖ്യ 26,257 ആയി. പരിക്കേറ്റവരുടെ എണ്ണം 64,797 ആണ്.
യു.എൻ അഭയാർഥി ഏജൻസിയുടെ പ്രവർത്തനം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേൽ ഉന്നയിച്ച ആരോപണം ഏറ്റുപിടിച്ചിരിക്കുകയാണ് അമേരിക്ക ഉൾപ്പെടെ ആറ് രാജ്യങ്ങൾ. യുനർവക്ക് ഇനി ഫണ്ട് നൽകില്ലെന്ന് അമേരിക്ക, ബ്രിട്ടൻ, കനഡ, ഇറ്റലി, ജർമനി, ഫിൻലൻഡ് എന്നീ രാജ്യങ്ങൾ അറിയിച്ചു.
ഒക്ടോബർ ഏഴിൻറ ആക്രണത്തിൽ ചില യു.എൻ ഏജൻസി ജീവനക്കാരും ഹമാസിനൊപ്പം ചേർന്നു എന്നായിരുന്നു ഇസ്രായേൽ ആരോപണം. ഫണ്ട് നിഷേധിച്ച നടപടി ആപൽക്കരമെന്ന് യു.എൻ ഏജൻസി ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ഗസ്സ യുദ്ധത്തിന് അറുതി വരുത്താൻ അഞ്ചിന നിർദേശങ്ങൾ മുന്നോട്ടുവെച്ച് ബ്രിട്ടൻ. ഹമാസ് നേതാക്കളെ ഗസ്സയിൽ നിന്ന് പുറന്തള്ളുന്നതുൾപ്പെടെയുള്ള നിർദേശം ഇസ്രായേൽ,ഫലസ്തീൻ നേതാക്കളുമായി ചർച്ച ചെയ്യുമെന്ന് ബ്രിട്ടൻ അറിയിച്ചു.
Adjust Story Font
16