റഫയിലും ജബാലിയയിലും ആക്രമണം കടുപ്പിച്ച് ഇസ്രായേൽ: 24 മണിക്കൂറിനിടെ 83 പേർ കൊല്ലപ്പെട്ടു
പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ നിന്ന് കൂട്ടപ്പലായനം നടക്കുന്നതായി റിപ്പോർട്ട്
ദുബൈ: റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ പിന്നിട്ട 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി. ഇതോടെ ഗസ്സയിൽ ആകെ മരണ സംഖ്യ 35,386ൽ എത്തി. അതെ സമയം പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽനിന്ന് കൂട്ടപ്പലായനം. 6.30 ലക്ഷം ഫലസ്തീനികൾ റഫയിലെ താൽക്കാലിക ടെന്റകൾ വിട്ട് പലായനം ചെയ്തു.
റഫയിൽ ഇസ്രായേൽ സേനക്കെതിരെ ചെറുത്തുനിൽപ്പും ശക്തമാണ്. നിരവധി സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. ഗസ്സയിലെ യുദ്ധം ഏറെ സങ്കീർണമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജബാലിയയിലെ കമാൽ അദ്വാൻ ആശുപത്രിക്ക് സമീപം വ്യോമാക്രമണത്തിൽ 14 പേർകൂടി കൊല്ലപ്പെട്ടു.
ഇസ്രായേലിന്റെ നിരവധി മെർകാവ ടാങ്കുകൾ അൽ യാസീൻ മിസൈൽ ഉപയോഗിച്ച് തകർത്തു. ജബാലിയ ക്യാമ്പിൽ ഇസ്രായേലിന്റെ അപാചെ ഹെലികോപ്ടർ വെടിവെച്ചിട്ടതായും അൽ ഖസ്സാം സേന അറിയിച്ചു. ഇസ്ലാമിക് ജിഹാദ് മൂവ്മെന്റിന്റെ സായുധ വിഭാഗമായ അൽ ഖുദ്സ് ബ്രിഗേഡും കനത്ത ചെറുത്തുനിൽപ്പ് നടത്തുന്നതിന്റെ വിഡിയോ പുറത്തുവിട്ടു.
ഗസ്സയിൽ വിദേശ സൈനികസാന്നിധ്യം അനുവദിക്കാനാവില്ലെന്ന് ഹമാസ് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി. ഗസ്സ തീരത്ത് താൽക്കാലിക തുറമുഖം നിർമിച്ചതിൽ എതിർപ്പില്ലെങ്കിലും കരമാർഗം തന്നെയാണ് സഹായം കാര്യക്ഷമായി എത്തിക്കാൻ സാധിക്കുകയെന്നും ഹമാസ് വ്യക്തമാക്കി.
വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം തുടരുന്ന പരിശോധനയിൽ 20ഓളം പേരെ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് സൈനികാഭ്യാസം നടത്താനും ഇസ്രായൽ സേന തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇന്ന് ഇസ്രായേൽ നേതാക്കളുമായി ഏറ്റവും പുതിയ സ്ഥിതിഗതികൾ ചർച്ച ചെയ്യും. കരമാർഗം ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതും ചർച്ചയാകുമെന്ന് അമേരിക്ക അറിയിച്ചു.
റഫ ആക്രമണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതി യോഗം വിളിക്കണമെന്ന് അൽജീരിയയും സ്ലൊവീനിയയും ആവശ്യപ്പെട്ടു. അതിനിടെ, ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാംഗങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നത കൂടുതൽ രൂക്ഷമായി. യുദ്ധലക്ഷ്യങ്ങൾ നിർണിക്കണമെന്നും യുദ്ധാനന്തര ഗസ്സയുടെ ഭാവിയെ കുറിച്ച് കൃത്യമായ പദ്ധതി വേണമെന്നും മന്ത്രിസഭാംഗം ബെന്നി ഗാൻറ്സ് ആവശ്യപ്പെട്ടു.
ജൂൺ പത്തിനകം വ്യക്തത വരുത്തിയില്ലെങ്കിൽ സർക്കാർ വിടുമെന്നും ഗാൻറ്സിെൻറ മുന്നറിയിപ്പ്. എന്നാൽ ഹമാസിനെയും ഫലസ്തീനെയും പിന്തുണക്കുന്നതാണ് ഇത്തരം പ്രതികരണങ്ങളെന്ന് നെതന്യാഹു തിരിച്ചടിച്ചു. ഗാൻറ്സ് ഇല്ലാതെ തന്നെ യുദ്ധം ജയിക്കുമെന്ന് മന്ത്രി സ്മോട്രിക്. ഗാൻറ്സും ഈസൻകോട്ടും നെതന്യാഹു സർക്കാറിൽ നിന്ന് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ്. നെതന്യാഹു സർക്കാർ തുടർന്നാൽ ഇസ്രായേലിെൻറ തകർച്ച പൂർണമാകുമെന്നും ലാപിഡിെൻറ മുന്നറിയിപ്പ്.
കൂടുതൽ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ലബനാനിലെ ഹിസ്ബുല്ല.
Adjust Story Font
16