സൈനിക നഷ്ടം ഏൽപ്പിച്ച ആഘാതം മറികടക്കാൻ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ
കൂടുതൽ റിസർവ് സൈനികരെ ഇറക്കി ദീർഘകാല യുദ്ധത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന് സൈന്യം
കനത്ത സൈനിക നഷ്ടം ഏൽപ്പിച്ച ആഘാതം മറികടക്കാൻ സിവിലിയൻ കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. 24 മണിക്കൂറിനിടെ ഉന്നത ഓഫിസർമാർ ഉൾപ്പെടെ 24 സൈനികരാണ് കൊല്ലപ്പെട്ടത്. ഗസ്സയിൽ ഒറ്റ ദിവസം കൊണ്ട് ഇത്രയേറെ സൈനികർ വധിക്കപ്പെട്ടത് ഇസ്രായേലിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
ടാങ്കുകൾക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 10 സൈനികരും കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ 14 സെനികരുമാണ് കൊല്ലപ്പെട്ടത്. തീർത്തും വേദന നിറഞ്ഞതും നടുക്കുന്നതുമാണ് വാർത്തയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു, മന്ത്രിമാരായ യോവ് ഗാലന്റ്, ബെന്നി ഗാൻറ്സ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പ്രതികരിച്ചു.
ഗസ്സയിലെ നാസികളെ എല്ലാ കരുത്തും ഉപയോഗിച്ച് അമർച്ച ചെയ്യുമെന്ന് യുദ്ധകാര്യ കാബിനറ്റ് മന്ത്രി ബെൻഗവിർ പ്രതികരിച്ചു. കൂടുതൽ റിസർവ് സൈനികരെ ഇറക്കി ദീർഘകാല യുദ്ധത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന് സൈന്യം വ്യക്തമാക്കി.
ഗസ്സയിൽ സിവിലിയൻ കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ചും നിരപരാധികളുടെ കുരുതി തുടർന്നുമാണ് ഇസ്രായേലിന്റെ പ്രത്യാക്രമണം. ഗസ്സയിലെ നാസർ മെഡിക്കൽ കോംപ്ലക്സും അൽ അമൽ ഹോസ്പിറ്റലും വളഞ്ഞ സൈന്യം നിരന്തരം ആക്രമണം തുടരുന്നതായി ദൃക്സാക്ഷികൾ അറയിച്ചു. നിലവിൽ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളിലേക്ക് പുതതായി ആരെയും എത്തിക്കാൻ പോലും സാധിക്കുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
പിന്നിട്ട 24 മണിക്കൂറിനിടെ 195 പേരാണ് കൊല്ലപ്പെട്ടത്. 354 പേർക്ക് പരിക്കേറ്റു. ഗസ്സയിൽ ആകെ മരണം 25,490 ആയി. പരിക്കേറ്റവരുടെ എണ്ണം 63,354 ആയി ഉയർന്നു.
അതേസമയം ഇസ്രായേലിൽ ബന്ദികളുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. ബന്ദികളുടെ രക്തം നിങ്ങളുടെ കൈകളിലാണെന്ന് കുറിച്ച ബാനറുകളുമായായിരുന്നു പ്രതിഷേധം. ബന്ദി മോചനത്തിനായി രണ്ടുമാസത്തെ വെടിനിർത്തൽ നിർദേശം ഇസ്രായേൽ മുന്നോട്ടുവെച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഹമാസ് ഉപാധികൾക്ക് വഴങ്ങി വെടിനിർത്തലിനില്ലെന്ന് നെതന്യാഹു പ്രതികരിച്ചു.
സംയുക്തസേനയുടെ ആക്രമണത്തിലൂടെ യെമനിലെ എട്ട് ഹൂതി കേന്ദ്രങ്ങൾ തകർത്തതായി അമേരിക്ക അറിയിച്ചു. കപ്പലിനു നേരെ ഹൂതി ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. തെക്കൻ ലെബനനിലെ ഹിസ്ബുള്ള പോസ്റ്റുകൾക്കു നേരെ ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചു.
ഇസ്രായേൽ ആക്രമണം രൂക്ഷമായ തെക്കൻ ഗസ്സയിൽ റെഡ്ക്രസൻിന്റെ കെട്ടിടത്തിന് നേരെയും ബോംബാക്രമണമുണ്ടായി. ഇതിനിടെ യു.എൻ സെക്യൂരിറ്റി കൗൺസിൽ രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗം ഇന്ന് ചേരും.
Adjust Story Font
16