ഗസ്സയിൽ മാധ്യമങ്ങളുടെയും ലോകത്തിന്റെയും കണ്ണുവെട്ടിച്ച് ഇസ്രായേൽ വംശഹത്യ നടത്തുകയാണ്-ഹമാസ്
തങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്യാനുള്ള നീക്കത്തിനെതിരെ എത്രയും പെട്ടെന്ന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഹമാസ് ആവശ്യപ്പെട്ടു
ഗസ്സയിൽ മാധ്യമങ്ങളുടെയും ലോകത്തിന്റെയും കണ്ണുവെട്ടിച്ച് ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് ഹമാസ്. ഗസ്സയിൽ ആശയവിനിമത്തിനുള്ള സംവിധാനങ്ങളെല്ലാം പൂർണമായി തകർത്തിരിക്കുകയാണ്. കര, കടൽ, വ്യോമ മാർഗങ്ങളിലുടെ ജനവാസമേഖലകളിൽ ശക്തമായ ആക്രമണം തുടരുകയാണ്. ഈ നീചമായ കൂട്ടകൊലകൾക്കും അതിന്റെ പരിണിത ഫലങ്ങൾക്കും അമേരിക്ക ഉൾപ്പടെയുള്ള ഇസ്രായേലിനെ പിന്തുണക്കുന്ന പാശ്ചാത്യ രാജ്യങ്ങളാണ് പൂര്ണ ഉത്തരവാദികളെന്നും ഹമാസ് വാർത്താ കുറിപ്പിൽ പറഞ്ഞു.
അറേബ്യൻ, ഇസ്‌ലാമിക രാജ്യങ്ങളും ലോകസമൂഹവും സംഭവത്തിൽ അടിയന്തിരമായി ഇടപെടണമെന്നും തങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. വെസ്റ്റ്ബാങ്കിലെയും ഖുദ്‌സിലെയും ജനങ്ങളോടും ലോകത്തെ സ്വതന്ത്രരായ ജനങ്ങളോടും ഗസ്സക്ക് പിന്തുണയുമായി അണിനിരക്കാനും ആക്രമണവും വംശഹത്യയും അവസാനിപ്പിക്കാനും തങ്ങൾ ആഹ്വാനം ചെയ്യുന്നുവെന്നും ഹമാസ് പറഞ്ഞു.
ഫാഷിസ്റ്റുകളുടെ ചെയ്തികളിൽ ഫലസ്തീൻ ജനതഭയപ്പെടില്ല. ഈ നിഷ്ഠുരമായ ആക്രമണത്തെ പരാജയപ്പെടുത്തുന്നതുവരെയും അധിനിവേശത്തെ തങ്ങളുടെ മണ്ണിൽ നിന്ന് തുടച്ചു നീക്കുന്നതുവരെയും ഫലസ്തീൻ ജനത അവരുടെ വീരോചിതമായ ചെറുത്തുനിൽപ്പും വിപ്ലവ പോരാട്ടവും അവസാനിപ്പിക്കില്ലെന്ന് തങ്ങൾ ഉറപ്പിച്ചു പറയുകയാണെന്നും ഹമാസ് വ്യക്തമാക്കി. ദൈവം ഇച്ഛിച്ചാൽ ഖുദ്‌സ് തലസ്ഥാനമാക്കി ഫലതീൻ രാഷ്ട്രം സ്ഥാപിച്ചുകൊണ്ട് സ്വയം നിർണ്ണയവകാശം നേടുമെന്നും ഹമാസ് പറഞ്ഞു.
Adjust Story Font
16