Quantcast

24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടത് അഞ്ച് മാധ്യമപ്രവർത്തകർ

ഗസ്സയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ഫലസ്‌തീൻ മാധ്യമപ്രവർത്തകരുടെ എണ്ണം 158 ആയി

MediaOne Logo

Web Desk

  • Published:

    6 July 2024 12:42 PM GMT

gaza journalist
X

ഗസ്സയെ ലോകം കാണുന്ന ജാലകങ്ങളിലൊന്ന് മാധ്യമങ്ങളാണ്. ജീവൻ പണയംവെച്ചാണ് ഓരോ മാധ്യമപ്രവർത്തകരും ഇസ്രായേൽ ക്രൂരതകൾ അതേപടി പകർത്തി ലോകത്തിന് മുന്നിലെത്തുന്നത്, നവജാതശിശുക്കളുടെ ശരീരാവശിഷ്ടങ്ങൾ കാണിച്ച് ഈ കൊടുംക്രൂരതയോട് മുഖംതിരിക്കരുതെന്ന് വിളിച്ചുപറയുന്നത്. ഒക്‌ടോബർ 7 മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 38,098 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ നൂറുകണക്കിന് മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ 29 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ അഞ്ചുപേർ മാധ്യമപ്രവർത്തകരാണ്. സെൻട്രൽ ഗസ്സയിലെ നുസൈറാത്തിൽ നടത്തിയ ആക്രമണത്തിലാണ് മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. അംജദ് ജഹ്ജൂഹ്- ഫലസ്‌തീൻ മീഡിയ ഏജൻസി, ഇദ്ദേഹത്തിന്റെ ഭാര്യ വഫ അബു ദബാൻ- ഇസ്ലാമിക് യൂണിവേഴ്സിറ്റി റേഡിയോ ഗസ്സ, റിസ്ഖ് അബു അഷ്കിയാൻ- ഫലസ്തീൻ മീഡിയ ഏജൻസി എന്നിവരാണ് നുസൈറാത്തിൽ കൊല്ലപ്പെട്ടത്. ഡീപ് ഷോട്ട് മീഡിയ പ്രൊഡക്ഷൻ കമ്പനിയുടെ സാദി മദൂഖ്, അഹമ്മദ് സുക്കർ എന്നിവർ ഗസ്സ സിറ്റിയിൽ നടത്തിയ ആക്രമണത്തിലും കൊല്ലപ്പെട്ടു. ഗസ്സയിലെ സർക്കാർ മീഡിയ ഓഫീസാണ് വിവരങ്ങൾ പുറത്തുവിട്ടത്.

ഇതോടെ ഒക്‌ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ എണ്ണം 158 ആയി. ഗസ്സ സിറ്റിയിലെ ദരാജിനു സമീപത്തുള്ള വീട് ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഫലസ്തീൻ പത്രപ്രവർത്തകരായ സാദി മദൂഖും അഹമ്മദ് സുക്കറും കൊല്ലപ്പെട്ടത്. നുസെറാത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 10 ഫലസ്തീനികളും കൊല്ലപ്പെട്ടു.

ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38,098 ആയി ഉയർന്നു. 87,705 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ജൂൺ 27 ന് പുറപ്പെടുവിച്ച ഇസ്രായേലിന്റെ കുടിയൊഴിപ്പിക്കൽ ഉത്തരവിനെ തുടർന്ന് കിഴക്കൻ ഗസ്സ സിറ്റിയിൽ നിന്ന് 80,000 പേരെ മാറ്റിപ്പാർപ്പിച്ചതായി യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒസിഎച്ച്എ) പറയുന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വനം ചെയ്ത ഒസിഎച്ച്എ ഗസ്സയിൽ സഹായമെത്തിക്കുന്ന സംഘടനകളുടെ 'കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു' എന്നും ചൂണ്ടിക്കാട്ടി.

ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള എല്ലാ വഴികളും ഇസ്രായേൽ അടച്ചുകഴിഞ്ഞെന്നാണ് ഒസിഎച്ച്എയും പറയുന്നത്. അഭയാർത്ഥി ക്യാമ്പുകൾ അടക്കം ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും സംഘടന പറയുന്നു.

TAGS :

Next Story