അഗാധമായ സങ്കടത്തിൽ ഞാൻ തല കുനിക്കുന്നു; ബന്ദികളെ അബദ്ധത്തില്‍ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നെതന്യാഹു
ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചുകൊന്നെന്ന സൈനിക വക്താവിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഇസ്രായേലിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്
നെതന്യാഹു
ജറുസലെം: ഗസ്സയില്‍ മൂന്നു ബന്ദികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സഹിക്കാനാവാത്ത ദുരന്തം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചുകൊന്നെന്ന സൈനിക വക്താവിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഇസ്രായേലിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഗസ്സയിൽ ഹമാസ് പോരാളികളാണെന്ന് തെറ്റിദ്ധരിച്ചാണ് മൂന്ന് ബന്ദികളെ വെടിവെച്ചു കൊന്നതെന്നാണ് ഇസ്രായേൽ സൈനിക വക്താവ് ഇന്നലെ രാത്രി വെളിപ്പെടുത്തിയത്. "ഷെജയ്യയിൽ യുദ്ധത്തിനിടെ ഐഡിഎഫ് (സൈന്യം) മൂന്ന് ഇസ്രായേലി ബന്ദികളെ ഹമാസ് പോരാളികളാണെന്ന് തെറ്റിദ്ധരിച്ചു. തൽഫലമായി, സൈന്യം അവർക്ക് നേരെ വെടിയുതിർക്കുകയും കൊല്ലപ്പെടുകയും ചെയ്തു'' സൈന്യത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് എല്ലാ സൈനികരെയും അറിയിച്ചുവെന്നും ദാരുണമായ സംഭവത്തില്‍ അഗാധമായി പശ്ചത്താപിക്കുന്നുവെന്നും ഐഡിഎഫ് അറിയിച്ചു. ബന്ദികളുടെ മരണത്തെ 'അസഹനീയമായ ദുരന്തം' എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. "ഇസ്രായേൽ ജനതയ്‌ക്കൊപ്പം, ഞങ്ങളുടെ മൂന്ന് പ്രിയപ്പെട്ട പുത്രന്മാരുടെ വീഴ്ചയിൽ അഗാധമായ സങ്കടത്തിൽ ഞാൻ തല കുനിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. ''ഇത് ബുദ്ധിമുട്ടുള്ളതും താങ്ങാനാവാത്ത ദുരന്തമാണ്'' നെതന്യാഹു ഹീബ്രു ഭാഷയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. "ഇന്ന് വൈകുന്നേരം മുഴുവൻ ഇസ്രായേൽ രാജ്യവും അവര്‍ക്കുവേണ്ടി വിലപിക്കും. ഈ ദുഷ്‌കരമായ സമയത്ത് എന്‍റെ ഹൃദയം ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്." അദ്ദേഹം കുറിച്ചു.
יחד עם כל עם ישראל אני מרכין ראש בצער עמוק ומבכה את נפילתם של שלושה מבנינו היקרים שנחטפו, וביניהם יותם חיים וסאמר פואד אל-טלאלקה.
— Benjamin Netanyahu - בנימין נתניהו (@netanyahu) December 15, 2023
זוהי טרגדיה קשה מנשוא. מדינת ישראל כולה אבלה בערב זה. ליבי עם המשפחות הדואבות בשעת יגונן הקשה.
אני מחזק את לוחמינו האמיצים שחדורים במשימה הקדושה…
സംഭവത്തിന്‍റെ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കുമെന്ന് സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. യോതം ഹൈം, സമീർ തലൽക്ക, അലോൺ ഷംരിസ് എന്നിവരാണ് കൊല്ലപ്പെട്ട ബന്ദികളെന്ന് ഐഡിഎഫ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പോരാട്ടം തുടരുന്ന സജീവമായ ഒരു യുദ്ധമേഖലയിലാണ് സംഭവം നടന്നതെന്ന് ഇസ്രായേൽ സൈന്യം വിശദീകരിച്ചു. ഈ സംഭവത്തില്‍ നിന്നും തങ്ങളുടെ സൈനികര്‍ ഒരു പാഠം പഠിച്ചതായും ഉദ്യോഗസ്ഥര്‍ പറയുന്നു. "ദാരുണമായ സംഭവത്തിൽ ഐഡിഎഫ് അഗാധമായ പശ്ചാത്താപം പ്രകടിപ്പിക്കുകയും കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. കാണാതായവരെ കണ്ടെത്തുകയും എല്ലാ ബന്ദികളെയും നാട്ടിലേക്ക് തിരികെ കൊണ്ടുവരികയുമാണ് ഇനി ഞങ്ങളുടെ ദൗത്യം," ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.
ബന്ദികളെ അബദ്ധത്തില്‍ വെടിവച്ചു കൊലപ്പെടുത്തിയെന്ന സൈന്യത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ തെല്‍ അവിവിലെ കിര്യ സൈനിക താവളത്തിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാർ തടിച്ചുകൂടിയതായി ഇസ്രായേലി പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.ബന്ദികളുടെ പേരുകളും ചിത്രങ്ങളും അടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി അവരെ ഉടൻ മോചിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Adjust Story Font
16