ഫലസ്തീനികളോടുള്ള അതിക്രമം; ഇസ്രയേലിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് പുടിനോട് ഉർദുഗാൻ
ഫലസ്തീനികളെ സംരക്ഷിക്കാൻ യു.എൻ സുരക്ഷാ സമിതി അതിവേഗം ഇടപെടണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടു.
ഫലസ്തീനികളോടുള്ള അതിക്രമത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഇസ്രയേലിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ബുധനാഴ്ച റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് ഉർദുഗൻ ഇക്കാര്യം വ്യക്തമാക്കിയത്. അധിനിവേശ കിഴക്കൻ ജറുസലേമിലും ഗാസ മുനമ്പിലും അക്രമങ്ങൾ വർധിക്കുന്നതിനിടയിലാണ് തുര്‍ക്കി പ്രസിഡന്‍റിന്‍റെ പ്രതികരണം.
ഫലസ്തീനികളെ സംരക്ഷിക്കാൻ യു.എൻ സുരക്ഷാ സമിതി അതിവേഗം ഇടപെടണമെന്നും അദ്ദേഹം പുടിനോട് പറഞ്ഞതായി തുർക്കി പ്രസിഡൻഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറേറ്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഫലസ്തീനികളെ സംരക്ഷിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര സംരക്ഷണ സേന എന്ന ആശയവും പരിഗണിക്കണമെന്ന് ഉർദുഗാൻ പുടിനോട് നിർദ്ദേശിച്ചതായും പ്രസ്താവനയിലുണ്ട്.
അതേസമയം, ഗാസക്ക് നേരെയുള്ള ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ബുധനാഴ്ച്ച പുലർച്ചെ നൂറുകണക്കിന് മിസൈലുകൾ ഗാസയിലേക്ക് തൊടുത്തുവിട്ടതോടെ വ്യോമാക്രമണത്തിൽ മരിച്ച ഫലസ്തീനികളുടെ എണ്ണം 43 ആയി ഉയർന്നു. ഇതിൽ 13 കുട്ടികളും മൂന്നു സ്ത്രീകളും ഉൾപ്പെടും.
ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ ആറ് ഇസ്രായേലികളും കൊല്ലപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ തങ്ങളുടെ ഗാസ സിറ്റി കമാർഡർ ബസ്സാം ഈസ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. തിങ്കളാഴ്ച ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ മുന്നൂറോളം ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്.
Adjust Story Font
16