മനസ് തകർക്കുന്ന ദൃശ്യങ്ങൾ; ഗസ്സയിൽ റിപ്പോർട്ടിങ്ങിനിടെ പൊട്ടിക്കരഞ്ഞ് മാധ്യമപ്രവർത്തക
സെൻട്രൽ ഗസ്സയിലെ ആശുപത്രിക്ക് പുറത്തുനിന്ന് പരിക്കേറ്റവരുടെ എണ്ണവും വിശദാംശങ്ങളും തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് നൂർ ഹറസീൻ വിങ്ങിപ്പൊട്ടിയത്.
ഗസ്സ സിറ്റി: ഇസ്രായേൽ- ഫലസ്തീൻ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ പൊട്ടിക്കരഞ്ഞ് മാധ്യമപ്രവർത്തക. ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്കിന്റെ ലേഖിക നൂർ ഹറസീന്റെ ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. സെൻട്രൽ ഗസ്സയിലെ അൽ-അഖ്‌സ രക്തസാക്ഷി ആശുപത്രിക്ക് പുറത്തുനിന്ന് തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് നൂർ ഹറസീൻ വിങ്ങിപ്പൊട്ടിയത്.
പരിക്കേറ്റവരുടെ എണ്ണവും വിശദാംശങ്ങളും അവതരിപ്പിക്കുകയായിരുന്നു നൂർ ഹറസീൻ. ദീർഘശ്വാസമെടുക്കാനും സുരക്ഷിതമായിരിക്കാനും അവതാരക ഹറസീനോട് ആവശ്യപ്പെടുന്നുണ്ട്. യുദ്ധമുഖത്ത് നിന്ന് തത്സമയ വിവരങ്ങൾ നൽകുന്ന മാധ്യമപ്രവർത്തകർക്ക് മാനസികവും വൈകാരികവുമായ അസ്വസ്ഥതകൾ വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടത് 11 മാധ്യമപ്രവർത്തകരാണെന്നാണ് ഫലസ്തീൻ ജേർണലിസ്റ് സിൻഡിക്കേറ്റ് അറിയിക്കുന്നത്.
ഗസ്സയിലെ സ്ഥിതി അതീവഗുരുതരമായി തുടരുമ്പോഴും ഈജിപ്ത് റഫ അതിർത്തി തുറന്നിട്ടില്ല. വെടിനിർത്തലില്ലെന്ന് ഇസ്രായേൽ അറിയിച്ചു. ഹമാസ് 199 പേരെ ബന്ധികളാക്കിയെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. ഇസ്രായേൽ ഗസ്സയിൽ പൂർണമായും അധിനിവേശം നടത്തുകയാണെങ്കിൽ അത് വൻ അബദ്ധമാകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ജോ ബൈഡനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വൈകാതെ ഇസ്രായേലിലെത്തും.
ഈജിപ്തുമായുള്ള റഫ അതിർത്തി തുറക്കുന്നത് കാത്ത് കഴിയുകയാണ് ഗസ്സയിലെ ജനം. എല്ലാ ആവശ്യങ്ങൾക്കുമായി ഒരാൾക്ക് ലഭിക്കുന്നത് പ്രതിദിനം ഒരു ലിറ്റർ വെള്ളം മാത്രമാണ്. ദശലക്ഷക്കണക്കിന് വെള്ളമെത്തിക്കുക ദുഷ്കരമെന്നുകാട്ടി ഐക്യരാഷ്ട്ര സഭയും കൈമലർത്തി. ജനറേറ്ററുകളിൽ ഇന്ധനം തീരുന്നതോടെ ആശുപത്രികളിൽ കൂട്ടമരണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യപ്രവർത്തകർ.
ലബനാൻ അതിർത്തിയിലും സംഘർഷം രൂക്ഷമാകുമെന്ന ഭീതി തുടരുകയാണ്. അതിർത്തിയോട് ചേർന്ന 23 മത കൂട്ടായ്മകളെ ഇസ്രായേൽ ഒഴിപ്പിച്ചു. രണ്ട് കിലോമീറ്റർ ഒഴിപ്പിച്ച് യുദ്ധമുന്നൊരുക്കം നടത്തുകയാണ് ഇസ്രായേൽ സേന. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളിൽ ഇതുവരെ പുരോഗതിയില്ല. അതിനിടെ, തുർക്കി പ്രസിഡന്റ് ഉർദുഗാൻ ഇറാൻ പ്രസിഡന്റുമായി യുദ്ധ സാഹചര്യങ്ങൾ വിലയിരുത്തി.
Adjust Story Font
16