Quantcast

'പ്രധാനമന്ത്രിയുടെ സ്വകാര്യ വസതി ആക്രമിക്കപ്പെട്ടു; നെതന്യാഹുവും ഭാര്യയും സുരക്ഷിതര്‍'; സ്ഥിരീകരിച്ച് ഇസ്രായേൽ

സീസറിയയിലെ നെതന്യാഹുവിന്റെ വസതിയുടെ ദൃശ്യങ്ങൾ ഹിസ്ബുല്ല ഡ്രോൺ കാമറകൾ പകർത്തിയതായി കഴിഞ്ഞ ആഗസ്റ്റിൽ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-10-19 11:02:02.0

Published:

19 Oct 2024 9:36 AM GMT

പ്രധാനമന്ത്രിയുടെ സ്വകാര്യ വസതി ആക്രമിക്കപ്പെട്ടു; നെതന്യാഹുവും ഭാര്യയും സുരക്ഷിതര്‍; സ്ഥിരീകരിച്ച് ഇസ്രായേൽ
X

തെൽഅവീവ്: ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയിലെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ്. സീസറിയയിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയിൽ ഡ്രോൺ പതിച്ചെന്ന് ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. സംഭവസമയത്ത് നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഓഫിസ് അവകാശപ്പെട്ടു.

ഇന്നു രാവിലെയാണ് ഇസ്രായേൽ തീരനഗരമായ സീസറിയയിൽ ഹിസ്ബുല്ലയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ലബനാനിൽനിന്ന് 70 കി.മീറ്ററുകളോളം സഞ്ചരിച്ചാണ് ഡ്രോണുകൾ നെതന്യാഹുവിന്റെ വസതിയിലെത്തിയത്. ഈ സമയത്ത് നഗരത്തിലെ അപായ സൈറണുകളെല്ലാം പ്രവർത്തനരഹിതമായിരുന്നുവെന്നാണു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു കെട്ടിടത്തിനു മുകളിൽ ഡ്രോൺ പതിച്ചെന്നു നേരത്തെ ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ വസതി തന്നെയാണ് ആക്രമിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുന്നത്.

ഇസ്രായേൽ വ്യോമാതിർത്തിയിലൂടെ ഡ്രോണുകൾ പറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനെ ഇസ്രായേൽ ഹെലികോപ്ടറുകൾ പിന്തുടർന്നെങ്കിലും തകർക്കാനായില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം അതീവ സുരക്ഷാവീഴ്ചയായാണ് ഇസ്രായേൽ സൈന്യം കണക്കാക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ലബനാനിൽനിന്ന് മൂന്ന് മിസൈലുകൾ സീസറിയ ലക്ഷ്യമിട്ട് എത്തിയതായി തുടക്കത്തിൽ തന്നെ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒന്ന് ഒരു കെട്ടിടത്തിൽ പതിച്ചതായും ബാക്കി രണ്ടെണ്ണം തകർത്തതായും സൈന്യം അവകാശപ്പെട്ടിരുന്നു.

സീസറിയയിൽ ഉഗ്രസ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി ഇസ്രായേൽ പൊലീസും അറിയിച്ചു. സ്‌ഫോടനത്തിനു പിന്നാലെ സ്ഥലത്ത് പൊലീസ് സംഘം കുതിച്ചെത്തി. പൊലീസ് നെതന്യാഹുവിന്റെ വസതിയിൽ പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. സീസറിയയിൽ നെതന്യാഹുവിന്റെ വസതിയുടെ പരിസരത്ത് നിരവധി ആംബുലൻസുകൾ നിർത്തിയിട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഉഗ്രസ്‌ഫോടനശബ്ദം കേട്ടതിനു പിന്നാലെ ഹെലികോപ്ടറുകൾ വട്ടമിട്ടു പറക്കുന്നതും കണ്ടെന്നു നാട്ടുകാർ വെളിപ്പെടുത്തിയതായി 'വൈ നെറ്റ് ന്യൂസ്' റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിനു മുൻപ് അപായ സൈറൺ മുഴങ്ങിയില്ലെന്നും നാട്ടുകാർ പറയുന്നു. ചെറിയ ഇരമ്പം കേട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഡ്രോൺ കെട്ടിടത്തിൽ പതിച്ചത്. പെട്ടെന്നാണു സ്‌ഫോടനശബ്ദം കേട്ടതെന്നും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.

ആക്രമണഭീഷണിയുടെ പശ്ചാത്തലത്തിൽ തെൽഅവീവിന്റെ വിവിധ ഭാഗങ്ങളിലും അപായ സൈറണുകൾ മുഴങ്ങിയതായി ഐഡിഎഫ് പറയുന്നു. വടക്കൻ തെൽഅവീവിലെ ഗ്ലിലോട്ടിൽ ഡ്രോൺ ആക്രമണസാധ്യത നിലനിൽക്കുന്നുണ്ട്. ഇതുവരെ ഇവിടെ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൈന്യം അറിയിച്ചു. മൊസാദ് ആസ്ഥാനവും ഐഡിഎഫ് ഇന്റലിജൻസ് താവളവും സ്ഥിതി ചെയ്യുന്നത് ഗ്ലിലോട്ടിലാണ്. ആക്രമണഭീഷണി നിലനിൽക്കുന്നതിനാൽ ഇവിടെ സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്.

ഹമാസ് തലവൻ യഹ്യ സിൻവാറിന്റെ മരണത്തിനു പിന്നാലെ നടക്കുന്ന ആക്രമണത്തിനു രാഷ്ട്രീയപ്രാധാന്യമേറെയാണ്. സീസറിയയിലെ നെതന്യാഹുവിന്റെ വസതിയുടെ ദൃശ്യങ്ങൾ ഹിസ്ബുല്ല ഡ്രോൺ കാമറകൾ പകർത്തിയതായി കഴിഞ്ഞ ആഗസ്റ്റിൽ ഇസ്രായേൽ മാധ്യമമായ 'ഹായോം' റിപ്പോർട്ട് ചെയ്തിരുന്നു. ഡ്രോണിന്റെ ദൃശ്യം സീസറിയ തീരത്ത് പട്രോളിങ് നടത്തുകയായിരുന്ന ഇസ്രായേൽ നാവികസേനാ ബോട്ടുകളുടെ റഡാറിലും പതിഞ്ഞിട്ടുണ്ട്. തൊട്ടുപിന്നാലെ ഇസ്രായേൽ വ്യോമസേന മേഖലയിലേക്ക് യുദ്ധവിമാനങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ, സൈന്യത്തിന്റെ മറ്റൊരു നിരീക്ഷണ സംവിധാനത്തിൽ ഒന്നും കണ്ടെത്താനുമായിരുന്നില്ല. ഇതേതുടർന്ന് ഡ്രോൺ സാന്നിധ്യം സൈന്യം നിഷേധിച്ചിരുന്നു. എന്നാൽ, ഹിസ്ബുല്ല നീക്കം പൂർണമായി തള്ളാനും ഐഡിഎഫ് തയാറായിരുന്നില്ല.

നെതന്യാഹുവിന്റെ വീടിനു നേരെ നടന്ന ആക്രമണസമയത്തുതന്നെ വടക്കൻ ഇസ്രായേൽ നഗരങ്ങളിൽ പതിവുപോലെ ഹിസ്ബുല്ല വ്യോമാക്രമണം ശക്തമായി തുടരുകയാണ്. ഏതാനും മണിക്കൂറുകളിൽ 50ലേറെ റോക്കറ്റുകൾ ലബനാനിൽനിന്ന് എത്തിയെന്നാണ് ഐഡിഎഫ് പുറത്തുവിട്ട റിപ്പോർട്ടിൽ പറുന്നത്. തിബെര്യാസ്, ഹൈഫ ബേ, കിർയത് ഹൈം, കിർയത് ഷ്മുവെൽ, നെഷെർ, കിർയത് യാം, കിർയത് ബൈലിക്, വിവിധ ഗലീലി തീരനഗരങ്ങൾ എന്നിവിടങ്ങളിലെല്ലാം വൻ ആക്രമണമാണു നടക്കുന്നത്.

Summary: Israel PMO confirms Benjamin Netanyahu's home in Caesarea targeted in drone attack; PM, wife weren't home at the time

TAGS :

Next Story